സർക്കാർ നിക്ഷേപങ്ങളുടെ മേൽനോട്ടത്തിന് പുതിയ സംവിധാനം
text_fieldsദുബൈ: സർക്കാർ നിക്ഷേപങ്ങളുടെ മേൽനോട്ടത്തിനായി ദുബൈ ഇൻവെസ്റ്റ്മെന്റ് ഫണ്ട് രൂപവത്കരിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് തിങ്കളാഴ്ച പുതിയ നിയമം പ്രഖ്യാപിച്ചത്.
വാണിജ്യാടിസ്ഥാനത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന പൊതുസ്ഥാപനം എന്ന നിലയിൽ ദുബൈ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന് അതിന്റെ ലക്ഷ്യങ്ങൾ നേടുന്നതിനായുള്ള സാമ്പത്തികവും ഭരണപരവുമായ സ്വാതന്ത്ര്യവും നിയമപരമായ അധികാരം നൽകുന്നതാണ് പുതിയ നിയമമെന്ന് ദുബൈ മീഡിയ ഓഫിസ് അറിയിച്ചു.
ദുബൈയുടെ ഫസ്റ്റ് ഡെപ്യൂട്ടി റൂളർ ശൈഖ് മക്തൂം ബിൻ മുഹമ്മദാണ് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ബോർഡ് ചെയർമാൻ.
ബോർഡിന്റെ വൈസ് ചെയർമാൻ അബ്ദുറഹ്മാൻ അൽ സാലിഹ്, അബ്ദുൽ അസീസ് അൽ മുല്ല, റാശിദ് അലി ബിൻ ഉബൂദ്, അഹമ്മദ് അലി മെഫ്ത എന്നിവരാണ് ബോർഡിലെ അംഗങ്ങൾ. ഇതിൽ അബ്ദുൽ അസീസ് അൽ മുല്ലയാണ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവും. ദുബൈ സർക്കാറിന്റെ സാമ്പത്തിക കമ്മി നികത്തുകയും ശക്തമായ സാമ്പത്തിക കരുതൽ ശേഖരം സ്ഥാപിക്കുകയും ചെയ്തുകൊണ്ട് സാമ്പത്തിക സ്ഥിരത വർധിപ്പിക്കാനുള്ള ശ്രമങ്ങളായിരിക്കും ദുബൈ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നടത്തുക.
ദുബൈ ഇൻവെസ്റ്റ്മെന്റ് കോർപറേഷന്റെ അധികാരങ്ങളും അധികാരപരിധികളും ലംഘിക്കാതെ സർക്കാറിന്റെ സാമ്പത്തിക മിച്ചം മികച്ച കമ്പനികളിൽ ബോർഡ് നിക്ഷേപിക്കും. കൂടാതെ സ്വതന്ത്രമായോ മൂന്നാംകക്ഷികളുമായി സഹകരിച്ചോ കമ്പനികളോ നിക്ഷേപഫണ്ടുകളോ സ്ഥാപിക്കും.
അതോടൊപ്പം മികച്ച കമ്പനികളും പദ്ധതികളും ഏറ്റെടുക്കുകയോ ലയിപ്പിക്കുകയോ ചെയ്ത് അവയുടെ ഓഹരി കൈവശപ്പെടുത്തും. പ്രാദേശികവും രാജ്യാന്തരവുമായ സാമ്പത്തിക വിപണികളിലെ സ്റ്റോക്കുകൾ, ബോണ്ടുകൾ, സെക്യൂരിറ്റികൾ എന്നിവയിൽ നിക്ഷേപം നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, സാലിക് കമ്പനി, ദുബൈ ടാക്സി കമ്പനി (ഡി.ടി.സി) തുടങ്ങിയ ലിസ്റ്റഡ് സ്ഥാപനങ്ങളുടെ ഓഹരികൾ സ്വന്തമാക്കുമ്പോൾ ദുബൈയുടെ നിക്ഷിപ്ത അതോറിറ്റിയായി ദുബൈ ഇൻവെസ്റ്റ്മെന്റ് ഫണ്ട് പ്രവർത്തിക്കും.
ദുബൈ വേൾഡിനെ അതിന്റെ നിയമപരമായ അധികാരം നിലനിർത്തിക്കൊണ്ടുതന്നെ ദുബൈയുടെ ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ അഫിലിയേറ്റ് ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.