പുതുപാത; ജബല്‍ ജൈസിലേക്ക് ദൂരം കുറഞ്ഞു
text_fieldsറാസല്‍ഖൈമ: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ റാസല്‍ഖൈമ ജബല്‍ ജൈസിലേക്ക് യാത്ര എളുപ്പമാക്കി പുതിയ റോഡ്. നിലവില്‍ ദുബൈ ഭാഗത്തുനിന്ന് വരുന്നവര്‍ ‘611’ റോഡില്‍ ‘147’ എക്സിറ്റ് എടുത്താണ് ജബല്‍ ജൈസ് പാതയില്‍ പ്രവേശിക്കുന്നത്. എക്സിറ്റ് ‘147’ കഴിഞ്ഞ് 950 മീറ്റര്‍കൂടി മുന്നോട്ടുപോയാല്‍ ലഭിക്കുന്ന എക്സിറ്റ് യാത്രക്ക് ഉപയോഗിച്ചാല്‍ 9.5 കിലോമീറ്റര്‍ ദൂരം ലാഭിക്കാന്‍ കഴിയും. കുറ്റമറ്റ രീതിയില്‍ പണി പൂര്‍ത്തീകരിച്ച രണ്ടു വരി പാത സുഖകരമായ യാത്രാനുഭവവും സമ്മാനിക്കുന്നതാണ്.
മലയിറങ്ങി 28 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ ലഭിക്കുന്ന റൗണ്ട്എബൗട്ടില്‍ എമിറേറ്റ്സ് റോഡ് ‘611’ സൂചിക സ്ഥാപിച്ചത് യാത്രക്കാര്‍ക്ക് സഹായമാകുന്നുണ്ട്. ‘611’ റോഡില്‍ നിലവിലുള്ള ഓവര്‍ ബ്രിഡ്ജിനു സമീപം നിര്‍മാണത്തിലിരിക്കുന്ന മേൽപാലത്തിന്റെ പണി പൂര്‍ത്തിയാകുന്നതോടെ മലയിറങ്ങി വരുന്നവര്‍ക്ക് ദുബൈ ഭാഗത്തേക്കുള്ള യാത്രയും എളുപ്പമാകും.
നിലവില്‍ ദുബൈ ഭാഗത്തേക്കു യാത്ര തുടരണമെങ്കില്‍ ഒമാന്‍ ഭാഗത്തേക്കു പോയി യുടേണ്‍ എടുക്കണം. വാദി ഹഖീല്‍ പ്രദേശത്തുകൂടി കടന്നുപോകുന്നതാണ് എമിറേറ്റ്സ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ റോഡ്. 8.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് പുതിയ പാത. നിലവില്‍ ഉപയോഗിച്ചിരുന്ന വാദി അല്ബീഹ് റൂട്ടിനെ അപേക്ഷിച്ച് പുതിയ റോഡ് കുറ്റമറ്റതാണെന്ന് റാസല്‍ഖൈമ പബ്ലിക് വര്‍ക്സ് വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. 2.6 ദശലക്ഷം ക്യുബിക് മീറ്റര്‍ പാറ ഖനനത്തിലൂടെ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. 25 ദശലക്ഷം ടണ്‍ മെറ്റലും 1,00,000 ടണ്‍ ടാറുമാണ് പുതുപാത നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.