പുതുപാത വരുന്നു: ദുബൈയിൽ ബസ് യാത്രാസമയം കുറയും
text_fieldsദുബൈ: ബസിനും ടാക്സിക്കും മാത്രമായി അടുത്ത അഞ്ചുവർഷത്തിൽ 37കി.മീറ്റർ റോഡ് നിർമിക്കുമെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). ഇതോടെ ഇത്തരം റോഡുകളുടെ എണ്ണം വർധിക്കുകയും ദുബൈയിലെ ബസ് യാത്രാസമയം പലയിടങ്ങളിലും 44ശതമാനം കുറയുമെന്നും അധികൃതർ വ്യക്തമാക്കി. 2023നും 2027നും ഇടയിലാണ് എട്ട് പ്രധാന തെരുവുകളിൽ ഉൾപ്പെടെ റോഡ് നിർമിക്കുക. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സ്ട്രീറ്റ്, ഡിസംബർ-2 സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, അൽ സത്വ റോഡ്, അൽ നഹ്ദ സ്ട്രീറ്റ്, ഉമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ പാത കടന്നുപോകും.
നിർമാണം പൂർത്തിയാകുന്നതോടെ ബസ്, ടാക്സി പാതകളുടെ ആകെ ദൈർഘ്യം 48.6 കി.മീറ്ററായി മാറും. സ്വകാര്യ വാഹനങ്ങളേക്കാൾ പൊതുഗതാഗതം ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യംവെച്ചാണ് പ്രത്യേക പാതകൾ നിർമിക്കുന്നതെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്വാർ അൽ തായർ പറഞ്ഞു.
അമേരിക്കയിലെയും യൂറോപ്പിലെയും നിരവധി മെട്രോപോളിറ്റൻ നഗരങ്ങളിൽ കാണുന്നതുപോലെ പ്രത്യേക ബസ്, ടാക്സി പാതകൾ യാത്രാസമയം കുറക്കും. പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാൻ പൊതുജനങ്ങളെ ഇത് പ്രോത്സാഹിപ്പിക്കുകയും യാത്രാചെലവും മലിനീകരണവും കുറക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ബസിനും ടാക്സിക്കും പ്രത്യേക പാതകൾ എന്നത് ദുബൈയിൽ ഇതിനകം വിജയകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പദ്ധതിയുടെ കഴിഞ്ഞ മൂന്നുഘട്ടങ്ങളിൽ, ഓരോ ബസിന്‍റെയും യാത്രാസമയം ഏകദേശം അഞ്ച് മിനിറ്റ് ലാഭിച്ചിട്ടുണ്ട്. 11.6കി.മീറ്റർ പാതയാണ് നേരത്തേ ആർ.ടി.എ ഈ പദ്ധതിയിലേക്കായി നിർമിച്ചിട്ടുള്ളത്. ഖാലിദ് ബിൻ വലീദ് സ്ട്രീറ്റ്, നായിഫ് സ്ട്രീറ്റിന്‍റെ ഭാഗങ്ങൾ, അൽ ഇത്തിഹാദ് റോഡ്, അൽ മിന സ്ട്രീറ്റ്, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, ഖാലിദ് ബിൻ അൽ വലീദ് സ്ട്രീറ്റ്, അൽ ഗുബൈബ സ്ട്രീറ്റ് എന്നീ സ്ഥലങ്ങളിലൂടെയാണ് നിലവിൽ പാതകൾ കടന്നുപോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.