അബൂദബിയിൽ ബസ് സർവിസിന് പുതിയ ചട്ടങ്ങൾ
text_fieldsഅബൂദബി: എമിറേറ്റിൽ ബസ് സർവിസുകൾക്ക് പുതിയ നിയമവുമായി സംയോജിത ഗതാഗതകേന്ദ്രം. യാത്രികരുടെ സുരക്ഷ മെച്ചപ്പെടുത്തുക, വിവിധതരം ബസുകളുടെ പ്രവർത്തനങ്ങൾ വ്യവസ്ഥപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ നിയമം. ഇതുപ്രകാരം പാസഞ്ചർ ബസ് സർവിസ് നടത്താൻ മുൻകൂർ അനുമതി നിർബന്ധമാക്കി. ബസ് ഓടിക്കുന്ന ഡ്രൈവർമാർക്കും പ്രത്യേക അനുമതി വേണം. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങൾക്ക് അനുമതി ലഭിക്കില്ല.
അബൂദബി സംയോജിത ഗതാഗത കേന്ദ്രത്തിന് കീഴിലെ https://asateel.itc.gov.ae എന്ന വെബ്സൈറ്റിൽനിന്നാണ് അനുമതികൾ സ്വന്തമാക്കേണ്ടത്.അനുമതികൾക്ക് ഫീസ് ഈടാക്കില്ല. ഐ.ടി.സിയുടെ മുൻകൂർ അനുമതിയില്ലാതെ ഒരു ബസും യാത്രക്കാർക്കായി സർവിസ് നടത്താൻ പാടില്ല. അബൂദബിയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും അബൂദബിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ഈ നിബന്ധനകൾ ബാധകമാണ്. എയർ കണ്ടീഷൻ സൗകര്യമില്ലാത്ത ബസുകൾക്ക് അനുമതി ലഭിക്കില്ല.
ഡ്രൈവർമാർക്കും യാത്രക്കാർക്കും ബാധകമായ ഇൻഷുറൻസ് ഉണ്ടായിരിക്കണം.വാഹനവകുപ്പ് നിർദേശിക്കുന്ന മറ്റ് സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. സർവിസ് നടത്തുന്ന ഓരോ ബസിനും പ്രവർത്തനാനുമതി നേടുന്നതിനുപുറമെ ഓരോ ഡ്രൈവർമാർക്കും ഡ്രൈവർ പ്രഫഷൻ പെർമിറ്റും വേണമെന്ന് നിയമം നിഷ്കർഷിക്കുന്നു. നിലവിൽ സർവിസ് നടത്തുന്ന വാഹനങ്ങൾക്കുള്ള അനുമതി കാലാവധി തീരുന്നതുവരെ നിലനിൽക്കും. കാലാവധി പിന്നിട്ടാൽ പുതിയ നിയമപ്രകാരമുള്ള അനുമതികൾ നേടിയിരിക്കണം. പുതിയ അനുമതികൾ സ്വന്തമാക്കാൻ സെപ്റ്റംബർ 15 വരെ ബസ് ഓപറേറ്റിങ് കമ്പനികൾക്ക് സമയം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.