ഫുജൈറ വിമാനത്താവളത്തിൽ പുതിയ റൺവേ
text_fieldsഫുജൈറ: ഫുജൈറ വിമാനത്താവളത്തിൽ പുതിയതായി നിര്‍മിച്ച റണ്‍വേയുടെ പ്രവർത്തനം ആരംഭിച്ചു. യു.എ.ഇയുടെ 51ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ (ജി.സി.എ.എ) നിന്ന് പുതിയ റൺവേയുടെ ഓപറേറ്റിങ് ലൈസൻസ് ഫുജൈറ എയർപോർട്ട് കരസ്ഥമാക്കി. വിമാനത്താവളത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ അന്താരാഷ്ട്ര, പ്രാദേശിക മാനദണ്ഡങ്ങളും പാലിച്ചതിന് ശേഷമാണ് റൺവേ തുറക്കാനുള്ള അനുമതി ലഭിച്ചത്.
ഇത് കൂടുതൽ വിമാനങ്ങളെ ഉൾക്കൊള്ളാൻ ഉപകരിക്കുമെന്ന് ഫുജൈറ എയർപോർട്ട് ഡയറക്ടർ ജനറൽ ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു. പുതിയ റൺവേക്ക് 3050 മീറ്റർ നീളവും 45 മീറ്റർ വീതിയുമുണ്ടെന്നും ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനും (ഐ.സി.എ.ഒ) യു.എ.ഇയുടെ ജി.സി.എ.എയും അംഗീകരിച്ച എല്ലാ മാനദണ്ഡങ്ങൾക്കുമനുസൃതമായാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശൈഖ് ഹമദ് ബിൻ സാലിഹ് അൽ ശർഖി ആദ്യമായി റണ്‍വേ ഉപയോഗിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
വിമാനത്താവളത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വലിയരീതിയിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ചരക്ക്, യാത്രാഗതാഗതം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നതായി അധികൃതർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എയര്‍പോര്‍ട്ടിന്റെ വിപുലീകരണത്തിന് അന്തരിച്ച മുന്‍ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആല് നഹ്യാന് 66 കോടി ദിർഹം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.