ഷാർജയിൽ പുതിയ ശമ്പള സ്കെയിലിന് അംഗീകാരം
text_fieldsഷാർജ: എമിറേറ്റിൽ സർക്കാർ ജോലികൾക്ക് സമഗ്രമായ പുതിയ ശമ്പള സ്കെയിലിന് അംഗീകാരം നൽകി സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പുതിയ രീതി പ്രകാരം ‘സ്പെഷൽ എ’, ‘സ്പെഷൽ ബി’ എന്നീ രണ്ട് പുതിയ ജോബ് ഗ്രേഡുകൾ രൂപപ്പെടുത്തിയിട്ടുണ്ട്.
എല്ലാ തൊഴിൽ തലങ്ങളിലുമുള്ള ഓരോ ജോബ് ഗ്രേഡിലും നാലു വർഷത്തെ സ്റ്റാൻഡേഡ് കാലാവധിയും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ ശമ്പള സ്കെയിൽ തൊഴിൽ സുരക്ഷ വർധിപ്പിക്കുമെന്നും സർക്കാർ മേഖലയിലെ ഇമാറാത്തി പൗരന്മാർക്ക് കരിയർ മുന്നേറ്റത്തിന് വ്യക്തമായ വഴികൾ നൽകുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്ന ഇമാറാത്തി എൻജിനീയർമാർക്കായി പ്രത്യേകം പരിഷ്കരിച്ച ശമ്പള സ്കെയിലിനും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഷാർജ സർക്കാറിലെ പൊതുജോലികൾക്കും പ്രഫഷനൽ എൻജിനീയർമാർക്കുമുള്ള ശമ്പള സ്കെയിൽ സംബന്ധിച്ച ഷാർജ ഭരണാധികാരിയുടെ നിർദേശങ്ങൾ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് നടപ്പാക്കാൻ ആരംഭിക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് മേധാവി അബ്ദുല്ല ഇബ്രാഹിം അൽ സആബി പറഞ്ഞു. നിർദേശങ്ങൾക്ക് നന്ദി അർപ്പിക്കുന്നതിനായി ഷാർജ സർക്കാർ ജീവനക്കാർ കൂടുതൽ പരിശ്രമവും സമർപ്പണവും കാണിക്കണമെന്ന് അഭ്യർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തേ ഒരു ജീവനക്കാരൻ ഒന്നാം ഗ്രേഡിലെത്തിയശേഷം സ്ഥാനക്കയറ്റത്തിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുമായിരുന്നു. ഇപ്പോൾ ആദ്യ ഗ്രേഡിനുശേഷം പുതിയ സ്പെഷൽ ഗ്രേഡുകൾ അവതരിപ്പിച്ചതോടെ, പരിശ്രമശാലികളായ ജീവനക്കാർക്ക് കൂടുതൽ വേഗത്തിൽ മുന്നേറാനുള്ള അവസരമാണ് ഉണ്ടായിട്ടുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.