പുതിയ സാലിക് ഗേറ്റുകൾ 24 മുതൽ പ്രവർത്തനം തുടങ്ങും
text_fieldsദുബൈ: നഗരത്തിൽ പുതുതായി സ്ഥാപിച്ച രണ്ട് ടോൾ ഗേറ്റുകൾ ഈ മാസം 24 മുതൽ പ്രവർത്തനക്ഷമമാവുമെന്ന് ടോൾ ഗേറ്റ് ഓപറേറ്റായ സാലിക് അറിയിച്ചു. ബിസിനസ് ബേ, അൽ സഫ സൗത്ത് എന്നിവിടങ്ങളിലാണ് പുതിയ ടോൾ ഗേറ്റുകൾ വരുന്നത്.
ഇതോടെ ദുബൈയിലെ ടോൾ ഗേറ്റുകളുടെ എണ്ണം പത്തായി ഉയരും. അൽ സഫ സൗത്ത്, നോർത്ത് ടോൾ ഗേറ്റുകൾക്കിടയിലൂടെ ഒരു മണിക്കൂറിനുള്ളിലാണ് വാഹനങ്ങൾ കടന്നുപോകുന്നതെങ്കിൽ ഒറ്റത്തവണ ടോൾ നൽകിയാൽ മതി. മെട്രോ, ബസുകൾ, ജലഗതാഗതം എന്നിവയുൾപ്പെടെ പൊതു ഗതാഗത സംവിധാനങ്ങളിലേക്ക് മാറാൻ ജനങ്ങളെ ടോൾ ഗേറ്റുകൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
രണ്ട് ടോൾ ഗേറ്റുകളുടെ വരവോടെ വാഹനത്തിരക്ക് 16 ശതമാനം കുറയുമെന്നാണ് കരുതുന്നതെന്ന് സാലിക് സി.ഇ.ഒ ഇബ്രാഹിം ഹദ്ദാദ് പറഞ്ഞു. തിരക്ക് നിയന്ത്രിക്കാൻ നിലവിലെ ടോൾ ഗേറ്റുകൾ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ദുബൈയിലെ മൊത്തം യാത്രാ സമയം പ്രതിവർഷം ആറ് ദശലക്ഷം മണിക്കൂർ ഇതുവഴി കുറയുന്നുണ്ടെന്നും ആർ.ടി.എയും അവകാശപ്പെട്ടു.
ടോൾ ഗേറ്റുകൾ വന്നതോടെ ആൽ മക്തൂം, അൽ ഗർഹൂദ് പാലങ്ങളിലെ ഗതാഗതം 26 ശതമാനം കുറക്കാൻ സാധിച്ചു. ശൈഖ് സായിദ്, അൽ ഇത്തിഹാദ് റോഡുകളിലെ യാത്രാ സമയത്തിൽ 24 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
ബിസിനസ് ബേ ക്രോസിങ് ടോൾ ഗേറ്റ് ജബൽ അലിയിൽനിന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും എമിറേറ്റ്സ് റോഡിലേക്കും ഗതാഗതം തിരിച്ചുവിടാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. അൽ ഖൈൽ റോഡ് വികസനപദ്ധതി പൂർത്തിയാക്കുന്നതോടെ പുതിയ സാലിക് ഗേറ്റുകൾ പ്രവർത്തന ക്ഷമമാക്കുമെന്ന് നേരത്തേ അധികൃതർ അറിയിച്ചിരുന്നു.
അൽ ഖൈൽ റോഡിലെ അൽ ജദ്ദാഫ്, ബിസിനസ് ബേ, സഅബീൽ, മൈദാൻ, അൽ ഖൂസ് 1, ഗാദിർ അൽ തായർ, ജുമൈറ വില്ലേജ് എന്നീ ഏഴ് വ്യത്യസ്ത സ്ഥലങ്ങളിൽ 3,300 മീറ്റർ നീളമുള്ള അഞ്ച് പാലങ്ങളുടെ നിർമാണവും 6,820 മീറ്റർ പാതകളുടെ വിപുലീകരണവും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
1.5 ദശലക്ഷം ആളുകൾക്ക് സേവനം നൽകുന്ന പദ്ധതി യാത്രാസമയം 30 ശതമാനം കുറക്കുകയും കവലകളുടെയും പാലങ്ങളുടെയും ശേഷി മണിക്കൂറിൽ ഏകദേശം 19,600 വാഹനങ്ങളായി വർധിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.