ദുബൈയിൽ പുതിയ സാലിക് ടോൾ ഗേറ്റുകൾ പ്രവർത്തനം തുടങ്ങി
text_fieldsദുബൈ: എമിറേറ്റിൽ പുതിയ രണ്ട് സാലിക് ടോൾ ഗേറ്റുകൾകൂടി പ്രവർത്തനം തുടങ്ങി. ഇതോടെ ആകെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽനിന്ന് പത്തായി ഉയർന്നു. ദുബൈ അൽഖെൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മൽ സീഫ് സ്ട്രീറ്റിനുമിടയിൽ ശൈഖ് സായിദ് റോഡിലെ അൽ സഫാ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്.
100 ശതമാനം സൗരോർജത്തിലാണ് പുതിയ രണ്ട് ഗേറ്റുകളും പ്രവർത്തിക്കുന്നത്. പുതിയ ഗേറ്റുകൾകൂടി പ്രവർത്തന സജ്ജമാകുന്നതോടെ ദുബൈയിലെ പ്രധാന റോഡുകളിലെ വാഹനത്തിരക്ക് 42 ശതമാനം കുറയുമെന്നാണ് വിലയിരുത്തലെന്ന് ആർ.ടി.എ അറിയിച്ചു. നിലവിലുള്ള എട്ടു ടോൾ ഗേറ്റുകളിലൂടെ 59 കോടി 30 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞവർഷം കടന്നുപോയത്. നാല് ദിർഹമാണ് ടോൾ നിരക്ക്.
സാലിക് ഗേറ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങൾക്ക് സാലിക് ടാഗ് നിർബന്ധമാണ്. പുതിയ വാഹനങ്ങൾക്ക് ടാഗ് സ്ഥാപിക്കാനും ആക്ടിവേറ്റ് ചെയ്യാനും 10 ദിവത്തെ സാവകാശമുണ്ട്. അറ്റകുറ്റപ്പണിക്കായി ജനുവരി 16 വരെ ഭാഗികമായി അടക്കുന്ന മക്തൂം പാലത്തിലൂടെ രാത്രി 10 മുതൽ ആറുവരെ ടോൾ ഈടാക്കില്ല. ടാഗില്ലാതെ കടന്നുപോകുന്ന വാഹനങ്ങൾക്ക് ആദ്യതവണ 100 ദിർഹവും രണ്ടാം തവണ 200 ദിർഹവും പിഴ ഈടാക്കും. തുടർന്നുള്ള ഓരോ തവണയും 400 ദിർഹമാണ് പിഴ.
അൽ ബർഷ, ഗർഹൂദ്, മക്തൂം, മംസാർ സൗത്ത്, മംസാർ നോർത്ത്, അൽ സഫ, അൽസഫ സൗത്ത്, എയർപോർട്ട് ടണൽ, ജബൽ അലി, ബിസിനസ് ബേ എന്നിവിടങ്ങളിലാണ് നിലവിൽ ടോൾ ഗേറ്റുകളുള്ളത്. ഈ വർഷം ജൂൺ അവസാനം വരെ 23 കോടി 85 ലക്ഷം വാഹനങ്ങൾ സാലിക് ഗേറ്റ് വഴി യാത്ര ചെയ്തു. 100 കോടിയിലേറെ ദിർഹമാണ് ഇക്കാലയളവിലെ സാലിക് വഴിയുള്ള വരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.