പുതിയ സീസൺ എക്സിബിഷനുകളുമായി ലൂവർ അബൂദബി
text_fieldsആഗോള സാംസ്കാരിക ബന്ധങ്ങളുടെ ഇഴയടുപ്പത്തിനും സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമൊരുക്കാനും വിവിധ തീമുകളിലായി മൂന്ന് എക്സിബിഷനുകളുമായി ലൂവർ അബൂദബി. വിദ്യാഭ്യാസ ശില്പശാലകളും ഇന്‍സ്റ്റലേഷനുകളും മറ്റ് പരിപാടികളും അടക്കമുള്ള എക്സിബിഷനാണ് ലൂവർ അബൂദബി ഒരുക്കുന്നത്. സെപ്റ്റംബര്‍ 20 മുതല്‍ ഡിസംബര്‍ 15 വരെ നീളുന്ന ‘ലൂവർ അബൂദബി ആര്‍ട്ട് ഹിയര്‍, റിച്ചാര്‍ഡ് മില്‍ ആര്‍ട്ട് പ്രൈസ്’ എന്നതാണ് ആദ്യ എക്സിബിഷന്. ലൂവർ അബൂദബി ആര്‍ട്ടിന്റെ നാലാം പതിപ്പിന്റെ ഭാഗമായി സ്വിസ് ആഡംബര വാച്ച് നിര്‍മാതാക്കളായ റിചാര്‍ഡ് മിലുമായി സഹകരിച്ച് നടത്തുന്ന എക്സിബിഷന്റെ ക്യൂറേറ്റര്‍ നിരവധി അന്താരാഷ്ട്ര എക്സിബിഷനുകള്‍ ഒരുക്കിയിട്ടുള്ള സൈമണ്‍ നജാമിയാണ്. പ്രാദേശികവും അന്തര്‍ദേശീയവുമായ കലാകാരന്മാര് സംഗമിക്കുന്ന എക്സ്ബിഷനിലെ ജേതാക്കളെ ജൂറി പാനല്‍ തിരഞ്ഞെടുക്കുകയും 2024 ഡിസംബറില്‍ റിചാര്‍ഡ് മില്‍ ആര്‍ട്ട് പ്രൈസ് സമ്മാനിക്കുകയും ചെയ്യും.
മുസീ ഡോര്സായിയുമായി സഹകരിച്ച് ലൂവർ അബൂദബി സംഘടിപ്പിക്കുന്ന പോസ്റ്റ്-ഇംപ്രഷനിസം: ബിയോണ്ട് അപ്പിയറന്‍സസ് എക്സിബിഷന് 2024 ഒക്ടോബര്‍ 16 മുതല്‍ 2025 ഫെബ്രുവരി 9 വരെയാണ് നടക്കുക. ഇംപ്രഷനിസം: പാത് വേസ് ടു മോഡേണിറ്റി എന്ന എക്സിബിഷന്റെ വന്‍ വിജയത്തിനു ശേഷമാണ് ഇത്തരമൊരു എക്സിബിഷന് സംഘടിപ്പിക്കുന്നത്. 1886നും 1905നും ഇടയിലുള്ള കാലത്തെ കേന്ദ്രീകൃതമാക്കിയാണ് എക്സിബിഷന്. മുസീ ഡോര്സേയിലെ പെയിന്റിങ് കണ്‍സര്‍വേറ്റര്‍ ജീന്‍ റെമി ടൂസറ്റും ലൂവർ അബൂദബിയിലെ ചീഫ് ക്യുറേറ്റര്‍ ജെറോം ഫരിഗൂലും ചേര്‍ന്നാണ് ലൂവർ അബൂദബിയിലെ ക്യുററ്റോറിയല്‍ അസി. ആയിഷ അൽ ഹമാദിയുടെ പിന്തുണയോടെ എക്സിബിഷന് ഒരുക്കുന്നത്. വിന്‍സന്റെ വാന്‍ഗോഗിന്റെ മാസ്റ്റര്‍പീസായ വാന്‍ഗോഗ്സ് ബെഡ്റൂം ഇന്‍ ആര്ല്സ് പെയിന്റിങ്ങാണ് ഈ എക്സിബിഷനിലെ പ്രധാന ആകര്‍ഷണം. ഇവിടെയായിരുന്നു വാന്‍ഗോഗ് തന്റെ സ്റ്റുഡിയോ സ്ഥാപിച്ചതും 1888 മുതല്‍ ജീവിച്ചുവന്നതും. ഇതിനു പുറമേ ഈജിപ്ഷ്യന്‍ പെയിന്റര്‍ ജോര്‍ജസ് ഹന്ന സബാഗിന്റെ 1920ലെയും 1921ലെയും രണ്ട് മാസ്റ്റര്‍ പീസുകളും എക്സിബിഷനില്‍ പ്രദര്‍ശിപ്പിക്കും.
കിങ്സ് ആന്‍ഡ് ക്വീന്‍സ് ഓഫ് ആഫ്രിക്ക: ഫോംസ് ആന്‍ഡ് ഫിഗേഴ്സ് ഓഫ് പവര്‍
മുസി ഡു ക്വായി ബ്രാന്ലിയുമായി സഹകരിച്ച് നടത്തുന്ന മൂന്നാമത്തെ എക്സിബിഷനാണ് കിങ്സ് ആന്‍ഡ് ക്വീന്‍സ് ഓഫ് ആഫ്രിക്ക: ഫോംസ് ആന്‍ഡ് ഫിഗേഴ്സ് ഓഫ് പവര്‍. 2025 ജനുവരി 29 മുതല്‍ 2025 മെയ് 25വരെയാണ് എക്സിബിഷന് കാലാവധി. ആഫ്രിക്കന്‍ രാജ പൈതൃകമാണ് എക്സിബിഷനില്‍ വരച്ചുകാട്ടുന്നത്. ആഫ്രിക്കന്‍ രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും ജീവിതവും സംസ്കാരവും വിശ്വാസങ്ങളുമെല്ലാം എക്സിബിഷന് അനാവരണം ചെയ്യും. മുസി ഡു ക്വായി ബ്രാന്ലിയിലെ ആഫ്രിക്കന്‍ പൈതൃക യൂനിറ്റിലെ ഹെഡ് ക്യുറേറ്റര്‍ ഹെലനീ ജൂബര്‍ട്ട് ആണ് മാലിക് നദിയായ് എല്‍ ഹാഗ്ജി, സിന്‍ഡി ഒലോഹൂ എന്നിവരുടെ പിന്തുണയോടെ എക്സിബിഷന് ക്യുറേറ്റ് ചെയ്യുന്നത്. ഓരോ എക്സിബിഷനുകളും സന്ദര്‍ശകര്‍ക്ക് നവ്യാനുഭവം പകരുന്നതിനുള്ള തങ്ങളുടെ സമര്‍പ്പണത്തിന്റെ തെളിവാണെന്ന് ലൂവർ അബൂദബി ഡയറക്ടര്‍ മാനുവല്‍ റബാത്തെ പറഞ്ഞു. ലൂവർ അബൂദബി മ്യൂസിയത്തില്‍ 2023-24 സാംസ്കാരിക സീസണില്‍ അഞ്ച് പ്രധാന പ്രദര്‍ശനങ്ങളാണ് ഒരുക്കിയത്. ആഗോളതലത്തിലുള്ള സാംസ്കാരിക ബന്ധങ്ങള്‍ വെളിവാക്കുന്നതും പ്രാദേശിക തലത്തിലും മേഖലാ തലത്തിലുമുള്ള കലാകാരന്മാര്ക്ക് തങ്ങളുടെ കഴിവുകള്‍ പ്രദര്ശിക്കുന്നതിനുമുള്ള വേദി കൂടിയാണീ പ്രദര്‍ശനങ്ങള്‍. 2023 ജൂലൈ 18 മുതല്‍ 2025 ജൂണ്‍ വരെ ബഹിരാകാശ രംഗത്തോട് കുട്ടികള്‍ക്ക് ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രദര്‍ശനം ഏറെ ശ്രദ്ധ നേടിയിരുന്നു. 2023 സപ്തംബര്‍ 13 മുതല്‍ 2024 ജനുവരി 14 വരെ നടത്തിയ ലെറ്റേഴ്സ് ഓഫ് ലൈറ്റ് എന്ന പ്രദര്‍ശനത്തില്‍ അബ്രഹാമിന്റെ മൂന്ന് മതങ്ങളുടെ വിശുദ്ധ ഗ്രന്ഥങ്ങളായ ഖുര്‍ആന്‍, ബൈബിള്‍, ഹീബ്രൂ ബൈബിള്‍ എന്നിവയാണ് വിഷയമായത്. കാര്‍ട്ടിയര്‍, ഇസ്ലാമിക് ഇന്സ്പിരേഷന് ആന്‍ഡ് മോഡേണ്‍ ഡിസൈന്‍ എന്ന മൂന്നാമത്തെ പ്രദര്‍ശനം. 2023 നവംബര്‍ 15 മുതല്‍ 2024 മാര്‍ച്ച് 24 വരെ അരങ്ങേറി. 2023 നവംബര്‍ 21 മുതല്‍ 2024 ഫെബ്രുവരി വരെ നടന്ന ആര്‍ട്ട് ഹിയര്‍ പ്രദര്‍ശനം ലൂവർ അബൂദബിയിലെ മൂന്നാം പതിപ്പാണ്. ഫാബിള്‍സ് ഫ്രം ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് എന്ന പ്രദര്‍ശനം 2024 മാര്‍ച്ച് 20 മുതല്‍ 2024 ജൂലൈ 14 വരെ നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.