വിമാനം വൈകൽ ഒഴിവാക്കാൻ പുതിയ സംവിധാനം
text_fieldsദുബൈ: വിമാനങ്ങൾ ഇറങ്ങുേമ്പാഴും പുറപ്പെടുേമ്പാഴും സമയനഷ്ടം ഒഴിവാക്കാൻ പുതിയ നടപടിക്രമം നടപ്പാക്കി ദുബൈ എയർ നാവിഗേഷൻ സർവിസസ്. പശ്ചിമേഷ്യയിൽ ആദ്യമായാണ് റീകാറ്റ് എന്ന സംവിധാനം ഒരു വിമാനത്താവളത്തിൽ ഉപയോഗിക്കുന്നത്.
ദുബൈയിലെ വിമാനത്താവളങ്ങളുടെ വ്യോമാതിർത്തി വികസിപ്പിക്കുകയും തിരക്കുള്ള സമയങ്ങളിൽ ലാൻഡിങ് സമയം കുറക്കുകയും വിമാന ഇന്ധനം ലാഭിക്കുകയും ചെയ്യുന്നതാണ് പദ്ധതിയെന്ന് ദുബൈ വ്യോമയാന വകുപ്പ് പ്രസിഡൻറ് ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു.
എയർട്രാഫിക് കൺട്രോളർമാർ വിമാനങ്ങളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രധാന നേട്ടമാണ് ദുബൈ റീകാറ്റ് സംവിധാനമെന്നും ഏഴു വർഷത്തിലധികം നീണ്ട സങ്കീർണ നടപടിക്രമങ്ങളിലൂടെയും വിദഗ്ധരുടെ പ്രത്യേക ടീമുകൾ നടത്തിയ ഡേറ്റ വിശകലനത്തിെൻറയും ഫലമായാണിത് നടപ്പാക്കാനായതെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റ്സ് വിമാനമാണ് ആദ്യമായി പുതിയ നടപടിക്രമത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്.
ദുബൈ അപ്രോച്ച് ഏരിയയിലെ മൂന്നു വിമാനത്താവളങ്ങളായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ഷാർജ അന്താരാഷ്ട്ര വിമാനത്താവളം, ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ കാര്യക്ഷമത വർധിപ്പിക്കാൻ പദ്ധതി ഉപകാരപ്പെടും.
തിരക്കിട്ട സമയങ്ങളിൽ കൂടുതൽ വിമാനങ്ങൾക്ക് വന്നിറങ്ങാനും പുറപ്പെടാനും പുതിയ നടപടിക്രമത്തിലൂടെ സാധിക്കും. പൈലറ്റുമാർക്ക് ഇറങ്ങാനും പുറപ്പെടാനും അനുവാദം ലഭിക്കുന്നതിലെ കാലതാമസവും ഇത് കുറക്കും.
വ്യോമയാന മേഖലയിലെ ഏറ്റവും മികച്ച സംവിധാനം കൈവരിക്കാനുള്ള മാനുഷികവും സാങ്കേതികവുമായ കഴിവുകളുണ്ടെന്നും തുടർച്ചയായ പരിശ്രമത്തിലൂടെയാണ് ഏറ്റവും അനുയോജ്യമായ പുതിയ നടപടിക്രമം സ്വീകരിക്കാൻ സാധിച്ചതെന്നും ദുബൈ എയർ നാവിഗേഷൻ സർവിസസ് സി.ഇ.ഒ മുഹമ്മദ് അബ്ദുല്ല അഹ്ലി പറഞ്ഞു.
ഭാവിയിലെ വ്യോമഗതാഗതരംഗത്തെ വികാസം മുന്നിൽകണ്ടാണ് പുതിയ സംവിധാനം രൂപപ്പെടുത്തിയത്. 2030നകം യു.എ.ഇയിലെ ഏഴു വിമാനത്താവളങ്ങളിലൂടെ 16 ലക്ഷത്തിലേറെ വിമാനങ്ങൾ കടന്നുപോകുമെന്നാണ് കോവിഡിനുമുമ്പ് കണക്കാക്കിയിരുന്നത്.
എന്നാൽ, നിലവിൽ വിമാന എണ്ണം കുറഞ്ഞതിനാൽ ഇത്രയും വിമാനങ്ങൾ കടന്നുപോകാൻ സാധ്യതയില്ല. എങ്കിലും കോവിഡ് ഭീതി മാറുന്നതോടെ വിമാന സർവിസുകൾ സാധാരണ നിലയിലായാൽ പുതിയ സംവിധാനം ഏറെ ഉപകാരപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.