പകർച്ചവ്യാധി നേരിടാൻ പുത്തൻ സംവിധാനമൊരുക്കി അബൂദബി
text_fieldsഅബൂദബി: യു.എ.ഇയിലെ ആദ്യ മൊബൈൽ ബയോസേഫ്റ്റി ലെവൽ-3 ലാബ് പ്രവർത്തനം തുടങ്ങി. അബൂദബി ഹെൽത്ത് സെന്ററാണ് ലാബ് സജ്ജമാക്കിയത്. അതിവ്യാപനശേഷിയുള്ള പകർച്ചവ്യാധികളെ കൈകാര്യം ചെയ്യുന്ന സംവിധാനങ്ങളോടെയുള്ള ലാബിൽ അതിവേഗതയിലും കൃത്യതയോടെയും പരിശോധനകൾ പൂർത്തിയാക്കാൻ സാധിക്കും. ക്രിമിയൻ കോംഗോ ഹെമറോജിക് പനി, യെലോ ഫീവർ തുടങ്ങിയവ തിരിച്ചറിയാനും കൈകാര്യംചെയ്യാനും ലാബിൽ സൗകര്യമുണ്ട്.
പകർച്ചവ്യാധികളെ നിയന്ത്രിക്കാനും ഇവയെക്കുറിച്ച പരിശോധനകൾക്കും മൊബൈൽ ബയോസേഫ്റ്റി ലെവൽ 3 ലാബിലൂടെ കഴിയുമെന്ന് അബൂദബി പബ്ലിക് ഹെൽത്ത് സെന്റർ ഡയറക്ടർ ജനറൽ മതർ സഈദ് അൽ നുഐമി പറഞ്ഞു. രാഷ്ട്രനേതൃത്വത്തിന്റെ കാഴ്ചപ്പാടുകൾക്കനുരിച്ച് പൊതു ആരോഗ്യനിലവാരത്തിൽ മെച്ചമുണ്ടാക്കാൻ 2019ൽ അബൂദബി പൊതു ആരോഗ്യകേന്ദ്രം ആരംഭിച്ചതു മുതൽ കഴിയുന്നുണ്ടെന്നും നുഐമി കൂട്ടിച്ചേർത്തു. അബൂദബി നഗരത്തിലുടനീളം ഈ മൊബൈൽ ലാബിന്റെ സേവനം ലഭ്യമാണ്.
ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, അൽ റഹ്ബ ആശുപത്രി, തവാം ആശുപത്രി, മദീനത്ത് സായിദ് ആശുപത്രി തുടങ്ങിയ ഇടങ്ങളിലും മൊബൈൽ ലാബ് സേവനം ലഭ്യമാണ്. ലാബ് നിർമാതാക്കളുടെ കഠിനപരിശീലനം നേടിയവരാണ് ഇതിലെ ജീവനക്കാർ. ഇതിനുപുറമേ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ ബയോസേഫ്റ്റി, ക്വാളിറ്റി ടീം ലാബിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.