മനുഷ്യാവകാശം സംരക്ഷിക്കാനും കള്ളപ്പണ ഇടപാട് തടയാനും പുതിയ സംവിധാനം
text_fieldsദുബൈ: കള്ളപ്പണക്കാർക്ക് തടയിടാനും മനുഷ്യാവകാശം സംരക്ഷിക്കാനും ലക്ഷ്യമിട്ട് യു.എ.ഇ സർക്കാർ പുതിയ സംവിധാനം പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന ഈ വർഷത്തെ അവസാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.ഇതിനായി ഏഴ് പുതിയ അതോറിറ്റികൾ സ്ഥാപിക്കാനും തീരുമാനിച്ചു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഫെഡറൽ സംവിധാനത്തിലെ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. മനുഷ്യാവകാശരംഗത്ത് രാജ്യത്തിെൻറ റാങ്ക് ഉയർത്താൻ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നൽകിയത്.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ തുടങ്ങുന്ന എക്സിക്യൂട്ടിവ് ഓഫിസ് വിദേശകാര്യ മന്ത്രാലയത്തിന് കീഴിലായിരിക്കും. അഹമ്മദ് ബെൽഹൂലിെൻറ നേതൃത്വത്തിൽ നാഷനൽ എൻറർപ്രണർഷിപ് കൗൺസിൽ ആരംഭിക്കും. സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ കൗൺസിൽ. ദേശീയ ധനകാര്യ നയങ്ങളെ ഏകോപിപ്പിക്കുന്നതിന് മറ്റൊരു കൗൺസിൽ കൂടി മന്ത്രിസഭ പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ നടപടികളും പ്രധാനമന്ത്രി മന്ത്രിസഭ യോഗത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നീതിന്യായരംഗത്തെ ഏകോപനത്തിന് ജുഡീഷ്യൽ കോഒാഡിനേഷൻ കൗൺസിൽ നിലവിൽ വരും.
സുൽത്താൻ അൽബാദിയാണ് മേധാവി. രാജ്യത്തെ സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനും സ്വദേശികളെ പുരാവസ്തു പര്യവേക്ഷണത്തിന് പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ നിയമങ്ങൾ നിലവിൽവരുമെന്ന് മന്ത്രിസഭ അറിയിച്ചു. എമിറേറ്റ്സ് കോംപറ്റിറ്റീവ്നസ് കൗൺസിലിെൻറ ഘടനയും പുനഃസംഘടിപ്പിച്ചു. മുഹമ്മദ് അൽ ഗർഗാവിയാണ് ഇതിെൻറ മേധാവി. കഴിഞ്ഞ മാസം സാമ്പത്തികകാര്യ മന്ത്രാലയം കള്ളപ്പണ വിരുദ്ധ വിഭാഗം സ്ഥാപിച്ചിരുന്നു. അതോടൊപ്പം, കള്ളപ്പണക്കാരെ വിചാരണ ചെയ്യാൻ അബൂദബിയിൽ പ്രത്യേക കോടതിയും സ്ഥാപിച്ചു.
ആഗോള നിലവാരത്തിലുള്ള സാമ്പത്തിക മേഖലയാണ് യു.എ.ഇയിലേതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സാമ്പത്തിക മേഖലയിൽ രാജ്യത്തിെൻറ മത്സരശേഷി വർധിപ്പിക്കാനുതകുന്ന പുതിയ ദർശനങ്ങളോടെയാണ് പുതുവർഷത്തെ വരവേൽക്കുന്നത്. ലോകത്തിലെ 121 ഇൻഡക്സുകളിൽ യു.എ.ഇ ഒന്നാം സ്ഥാനത്തുണ്ട്. അടുത്ത 50 വർഷം മുൻനിർത്തിയുള്ള പദ്ധതികളാണ് ഇപ്പോൾ ആവിഷ്കരിക്കുന്നത്.
ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥ വ്യതിയാനം. ഇതിനെതിരെ ഒരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.