പുതിയ ടേം ജനുവരി മൂന്നു മുതൽ; അബൂദബിയിൽ സുരക്ഷ നടപടികൾ പ്രഖ്യാപിച്ചു: സ്കൂളുകളിൽ തിരികെയെത്താൻ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
text_fieldsദുബൈ: അബൂദബിയിലെ സ്കൂളുകൾ ജനുവരി മൂന്നിന് പുനരാരംഭിക്കുമ്പോൾ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശം. എമിറേറ്റിലെ സ്വകാര്യ സ്‌കൂൾ റെഗുലേറ്ററായ അബൂദബി നോളജ് വകുപ്പാണ് (അഡെക്) സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചത്. അബൂദബിയിലെ പബ്ലിക് ഹെൽത്ത് ഓപറേറ്ററായ സെഹ നടത്തുന്ന ചില സ്ക്രീനിങ് സെൻററുകളിൽ 21 മുതൽ 31 വരെ ഓരോ സ്കൂളിനും നിശ്ചിത ദിവസങ്ങളിലായി സൗജന്യ കോവിഡ് -19 പി.സി.ആർ ടെസ്റ്റുകൾ നടത്താമെന്നും അധികൃതർ അറിയിച്ചു.
ക്രിസ്മസ് അവധിക്കാലത്തിനു ശേഷം അധ്യയനം പുനരാരംഭിക്കും മുമ്പായി തങ്ങൾ വൈറസ് ബാധിതരല്ലെന്ന് സ്‌കൂൾ ജീവനക്കാരും അധ്യാപകരും തെളിയിക്കണം. വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാഫുകൾക്കും സൗജന്യ പരിശോധന കൃത്യസമയത്ത് നടത്താമെന്ന് ഉറപ്പുവരുത്താൻ അഡെക് എമിറേറ്റിലുടനീളമുള്ള സ്വകാര്യ, ചാർട്ടർ സ്കൂളുകൾക്ക് പി.സി.ആർ ടെസ്റ്റിങ് ഷെഡ്യൂളുകൾ അയച്ചിട്ടുണ്ട്.
സൗജന്യ ടെസ്റ്റ് ലഭിക്കാൻ എമിറേറ്റ്സ് ഐഡിയും സ്കൂൾ കോഡും പരിശോധന കേന്ദ്രത്തിൽ ഹാജരാക്കണം. കോഡ്, സ്ഥാനം, സമയം, തീയതി വിശദാംശങ്ങൾ ലഭിക്കാൻ മാതാപിതാക്കൾക്ക് സ്കൂളുകളുമായി ബന്ധപ്പെടാം. സ്വന്തമായി പി.സി.ആർ ടെസ്റ്റ് എടുക്കാൻ തീരുമാനിക്കുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും സ്റ്റാഫുകൾക്കും സ്വന്തം ചെലവിൽ ഒരു സ്വകാര്യ അല്ലെങ്കിൽ പൊതുആരോഗ്യ സംരക്ഷണ കേന്ദ്രത്തിൽ പരിശോധന നടത്താം. എങ്കിലും ഡിസംബർ 21 മുതലുള്ള പരിശോധനകളാണ് പരിഗണിക്കുന്നത്.
അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കും ആഴ്ചതോറുമുള്ള പരിശോധന തുടരുമെന്നും അഡെക് അറിയിച്ചു.വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വിദ്യാർഥികൾക്കും ജനുവരിയിൽ അബൂദബിയിലെ സ്കൂളുകളിലേക്ക് മടങ്ങിയെത്താമെന്ന് എമിറേറ്റിലെ സ്വകാര്യ സ്കൂൾ റെഗുലേറ്റർ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നേരത്തേ ഇത്തരം കുട്ടികൾ സ്കൂളുകളിലേക്ക് വരുന്നത് വിലക്കിയിരുന്നു. അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പാണ് വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുള്ള വിദ്യാർഥികൾക്കും സ്വകാര്യ സ്കൂളുകളിൽ 2021 ജനുവരി മൂന്നു മുതൽ മടങ്ങിയെത്താൻ അവസരമൊരുക്കിയതായി അറിയിച്ചത്. മടങ്ങിവരുന്ന വിദ്യാർഥികൾ സ്കൂളുകളിലേക്ക് തിരികെെയത്താൻ യോഗ്യരാണെന്ന് വ്യക്തമാക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
അപകടസാധ്യതകൾ മനസ്സിലാക്കുന്നതായി കാണിച്ച് രക്ഷിതാക്കളും സമ്മതപത്രം സമർപ്പിക്കണം. എല്ലാ വിദ്യാർഥികൾക്കും സുരക്ഷിതമായി സ്കൂളിലേക്ക് മടങ്ങിവരാൻ എമിറേറ്റിലെ ആരോഗ്യ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായും അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് ചൂണ്ടിക്കാട്ടി.
കോവിഡ് -19 വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ രാജ്യത്തുടനീളമുള്ള സ്കൂളുകളും സർവകലാശാലകളും മാർച്ചിൽ അടച്ചുപൂട്ടി ഓൺലൈൻ സമ്പ്രദായത്തിലേക്ക് മാറിയിരുന്നു.പിന്നീട് സെപ്റ്റംബർ അവസാനത്തോടെയും ഒക്ടോബർ ആദ്യവാരത്തിലുമായാണ് അബൂദബിയിൽ 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ സ്കൂളിലേക്ക് മടങ്ങിയെത്തിയത്.നവംബറിൽ അബൂദബിയിലെ എല്ലാ സ്വകാര്യ സ്കൂൾ വിദ്യാർഥികൾക്കും പുതിയ അക്കാദമിക് ടേമിലേക്ക് മടങ്ങാനുള്ള സൗകര്യമേർപ്പെടുത്തിയതായി പ്രഖ്യാപനം വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.