അബൂദബി വിമാനത്താവളത്തിന് പുതിയ ടെര്‍മിനല്‍
text_fieldsഅബൂദബി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അബൂദബി വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍ നവംബര്‍ ആദ്യത്തിൽ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. 7,42,000 ചതുരശ്ര മീറ്ററിലാണ് മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കെട്ടിടം എന്നറിയപ്പെടുന്ന ടെര്‍മിനല്‍ ‘എ’യുടെ നിർമാണം പൂർത്തിയാവുന്നത്. മണിക്കൂറില്‍ 11000 യാത്രികരുടെ സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്ന ടെര്‍മിനലില്‍ പ്രതിവര്‍ഷം 45 ദശലക്ഷത്തിലേറെ യാത്രികരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. നിശ്ചിത സമയങ്ങളിലായി 79 വിമാനങ്ങളുടെ സര്‍വിസിന് ടെര്‍മിനലില്‍ സൗകര്യമുണ്ടാവും. നിർമാണം പൂർത്തിയാവുന്നതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെർമിനലുകളിൽ ഒന്നായി ഇത് മാറും.
പരസ്പരം ബന്ധിപ്പിച്ച ബയോമെട്രിക് സംവിധാനങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ടെര്‍മിനലിന് കരുത്തു പകരും. സ്വയം സേവന കിയോസ്കുകള്‍, സുരക്ഷാ ചെക്പോയന്റുകള്‍, ബാഗേജ് കൈകാര്യ സംവിധാനം, യാത്ര ആരംഭിക്കുന്നതു മുതല്‍ ബോര്‍ഡിങ് ഗേറ്റ് വരെയുള്ള ഡിജിറ്റലൈസ്ഡ് യാത്ര തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് ടെര്‍മിനലില്‍ ഏര്‍പ്പെടുത്തുക. പുതിയ ടെർമിനൽ യാഥാർഥ്യമാകുന്നതോടെ 55 വർഷത്തെ അബൂദബിയുടെ വ്യോമയാന ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് തുടക്കമിടുന്നതെന്ന് അബൂദബി എയര്‍പോര്‍ട്സ് ചെയര്മാന് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന് അല്‍ നഹ്യാന് പറഞ്ഞു. എമിറേറ്റിന്റെ സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധതയാണ് ടെര്‍മിനല്‍ ‘എ’ പ്രതിഫലിക്കുന്നത്. ലോകത്തിലെ ഏറ്റവും വലുതും സൗകര്യമുള്ളതുമായിരിക്കും ടെര്‍മിനല്‍ എ. എമിറേറ്റിന്റെ വിനോദസഞ്ചാര, വ്യാപാര രംഗത്തിന്റെ വളര്‍ച്ചയില്‍ പുതിയ നിര്‍ണായക പങ്കുവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര യാത്രികര്‍ക്ക് പ്രീമിയം വിമാനത്താവള അനുഭവം പ്രദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ സമര്‍പ്പണത്തിന് അടിവരയിടുന്നതാണ് ടെര്‍മിനല്‍ എ എന്ന് അബൂദബി എയര്‍പോര്‍ട്സ് മാനേജിങ് ഡയറക്ടറും താല്‍ക്കാലിക സി.ഇ.ഒയുമായ എലീന സോര്‍ലിനി പറഞ്ഞു.ടെര്‍മിനല്‍ എ ക്ക് അന്താരാഷ്ട്ര രൂപകൽപന പുരസ്കാരവും ഇതിനകം ലഭിച്ചുകഴിഞ്ഞു. പുറമേയുള്ള ഗ്ലാസുകള്‍ ടെര്‍മിനലിന്റെ ഉള്ളില്‍ പ്രകൃതിദത്തവെളിച്ചം ലഭിക്കുന്നതിന് സഹായിക്കുന്നതാണ്.
ടെര്‍മിനല്‍ എ യുടെ കാര്‍ പാര്‍ക്കിങ് മേല്‍ക്കൂരയിലെ സൗരോര്‍ജ പാനലുകള്‍ നിലവില്‍ മൂന്ന് മെഗാവാട്ട് സൗരോര്‍ജം ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിലൂടെ വര്‍ഷം 5300 ടണ്ണോളം കാര്‍ബണ്‍ഡയോക്സൈഡ് പുറന്തള്ളല്‍ ഒഴിവാക്കാനാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.