ആൽ മക്തൂം വിമാനത്താവളത്തിൽ പുതിയ ടെർമിനൽ; യാത്രക്കാരെ എ.ഐ നിയന്ത്രിക്കും
text_fieldsദുബൈ: ദുബൈ ആൽ മക്തൂം അന്തർദേശിയ വിമാനത്താവളത്തിൽ പുതിയതായി നിർമിക്കുന്ന ടെർമിനലിൽ നിർമിത ബുദ്ധി (എ.ഐ) യുടെ സഹായത്തോടെ ചെക്ക് ഇൻ, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ എന്നിവ പൂർത്തിയാക്കാനുള്ള സൗകര്യം ഒരുങ്ങുന്നു. 2033ഓടെ പുതിയ ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കുമെന്നും പ്രതിവർഷം 26 കോടി യാത്രക്കാരുടെ നടപടികൾ പൂർത്തിയാക്കാൻ ഇതിന് ശേഷിയുണ്ടാവുമെന്നും ദുബൈ എയർപോർട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത് പറഞ്ഞു.
3500 കോടി ഡോളറാണ് ചെലവ് പുതിയ ടെർമിനലിന്റെ നിർമാണ ചെലവ് കണക്കാക്കുന്നത്. പുതിയ ടെർമിനൽ വരുന്ന സാഹചര്യത്തിൽ 2030ഓടെ 5,16,000 തൊഴിലവസരങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് ഗേറ്റുകളിൽ നിന്ന് ബയോ മെട്രിക് സംവിധാനത്തിലേക്കുള്ള മാറ്റം നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് പോൾ ഗ്രിഫിത് പറഞ്ഞു. ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തെ ദുബൈ സർക്കാർ രണ്ടാം ഹബ് എന്ന നിലയിൽ വികസിപ്പിക്കുന്ന സാഹചര്യത്തിൽ അടുത്ത ദശകത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ കാർഗോ വിമാനങ്ങളും ചില ബജറ്റ് എയർ ലൈനുകളും മാത്രമാണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്മാർട്ട് ഗേറ്റുകൾ മുതൽ ബയോമെട്രിക് വരെയുള്ള സാങ്കേതിക വിദ്യകൾ നേരത്തെ നടപ്പിലാക്കിയിട്ടുണ്ട്. ഇത് ഇമിഗ്രേഷൻ നടപടികൾ വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ ഏറെ സഹാകരമാണ്.
ഇതിനേക്കാൾ മെച്ചപ്പെട്ട സംവിധാനങ്ങളാണ് ആൽ മക്തൂം വിമാനത്താവളത്തിൽ നടപ്പിലാക്കാൻ അധികൃതർ ഉദ്ദേശിക്കുന്നത്. വിമാനത്താവളത്തിന്റെ വികസനം ദുബൈയുടെ സമ്പദ് വ്യവസ്ഥക്കും പുതിയ ഉണർവ് നൽകും. അതേസമയം, 2030 ആകുമ്പോഴേക്കും ദുബൈ എയർ പോർട്സ് 8900 കോടി ദിർഹം വരുമാനമുണ്ടാക്കുമെന്നാണ് ഓക്സ്ഫോർഡ് ഇക്കണോമിക്സിന്റെ പഠന റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ വർഷം ഇത് 6200 കോടി ദിർഹമായിരുന്നു. കൂടാതെ എമിറേറ്റിലുടനീളം 3.96 ലക്ഷം തൊഴിലവസരങ്ങളും ഇതു വഴി സൃഷ്ടിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.