ദുബൈയിൽ പുതിയ മൂന്നുവരി മേൽപാലം തുറന്നു
text_fieldsആർ.ടി.എ പുതുതായി നിർമിച്ച മേൽപാലം
ദുബൈ: നഗരത്തിലെ ഗതാഗതത്തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി പുതുതായി നിർമിച്ച മൂന്നുവരി മേൽപാലം തുറന്നുകൊടുത്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ഇൻഫിനിറ്റി ബ്രിഡ്ജിൽനിന്ന് അൽ മിന സ്ട്രീറ്റിലൂടെ ശൈഖ് റാശിദ് റോഡ്, ശൈഖ് ഖലീഫ് ബിൻ സായിദ് സ്ട്രീറ്റ് ഇന്റർസെക്ഷനിലേക്ക് നീളുന്ന 1,210 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിച്ചത്.
മൂന്നുവരിയുള്ള പാലത്തിലൂടെ മണിക്കൂറിൽ 4,800 വാഹനങ്ങൾക്ക് കടന്നുപോകാം. അൽ ഹുദൈബ, അൽ റഫ, അൽ ജാഫിലിയ, അൽ മങ്കുൽ, അൽ കിഫാഫ, അൽ കറാമ തുടങ്ങിയ പ്രധാന റസിഡൻഷ്യൽ, വാണിജ്യ മേഖലകളെ പരസ്പരം ബന്ധിപ്പിക്കാൻ പുതിയ പാലം സഹായകമാവും.
അൽ ശിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ നാലാം ഘട്ടത്തിൽ ഉൾപ്പെടുന്നതാണ് പുതിയപാലം. മൊത്തം 3.1 കിലോമീറ്റർ നീളത്തിൽ നാല് പാലങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്നത്. നാല് പാലങ്ങളിലായി മണിക്കൂറിൽ 19,400 വാഹനങ്ങളെ ഉൾക്കൊള്ളും. കൂടാതെ ജുമൈറ സ്ട്രീറ്റ്, അൽ മിന സ്ട്രീറ്റ്, ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ ഉപരിതല കവലകളുടെ മെച്ചപ്പെടുത്തലിനൊപ്പം 4.8 കിലോമീറ്റർ റോഡിന്റെ വികസനവും പദ്ധതിയിൽ ഉൾപ്പെടുന്നു.
അതോടൊപ്പം ശൈഖ് റാശിദ് റോഡ്, അൽ മിന സ്ട്രീറ്റ് എന്നിവിടങ്ങളിലെ രണ്ട് കാൽനട മേൽപാലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്നുണ്ട്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് അൽ ശിന്ദഗ ഇടനാഴി വികസന പദ്ധതി നടപ്പിലാക്കുന്നതെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടേഴ്സ് ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽതായർ പറഞ്ഞു.
ദുബൈ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ മേൽനോട്ടവും പദ്ധതിക്കുണ്ട്. നഗരവികസനത്തിനൊപ്പം ജനസംഖ്യാ വളർച്ചയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന പദ്ധതി ശിന്ദഗ ഇടനാഴി വികസനത്തെയും പിന്തുണക്കുന്നു.
നാല് ഘട്ടങ്ങളിലായി നിർമിക്കുന്ന അൽ ശിന്ദഗ ഇടനാഴി പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. പദ്ധതിയുടെ ഭാഗമായുള്ള രണ്ട് പാലങ്ങൾ ഈ വർഷം രണ്ടാം പാദത്തിൽ തുറക്കും. ആദ്യ പാലത്തിന് 780 മീറ്ററും രണ്ടാമത്തെ പാലത്തിന് 985 മീറ്ററുമാണ് നീളം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.