ഗതാഗതം സുഗമമാക്കി പുതിയ ട്രാഫിക് ജങ്ഷൻ
text_fieldsദുബൈ: എമിറേറ്റിലെ തിരക്കേറിയ അൽ ഖലീജ് സ്ട്രീറ്റ്, അൽമിന സ്ട്രീറ്റ്, ഖാലിദ് ബിൻ വലീദ് റോഡ്, അൽ ഗുബൈബ റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ഫാൽക്കൺ ഇന്റർചേഞ്ച് വികസന പദ്ധതിയുടെ ഭാഗമായി പുതിയ ട്രാഫിക് ജങ്ഷൻ തുറന്നു. ഇലക്ട്രോണിക് സിഗ്നലുകൾ സ്ഥാപിച്ച് ആരംഭിച്ച ജങ്ഷൻ ഈ ഭാഗത്തെ ഗതാഗതം സുഗമമാക്കാൻ സഹായിക്കുന്നതാണ്. പ്രദേശത്ത് മൂന്ന് പാലങ്ങളുടെയും ഒരു തുരങ്കപ്പാതയുടെയും നിർമാണം പൂർത്തിയായതിന് പിന്നാലെയാണ് ജങ്ഷൻ രൂപപ്പെടുത്തിയിരിക്കുന്നത്.
അൽ ഖലീജ് സ്ട്രീറ്റിലെ രണ്ട് പാലങ്ങൾക്ക് 1,825 മീറ്റർ നീളമാണുള്ളത്. ഓരോന്നിനും ആറുവരിപ്പാതകളുണ്ട്. ഇരു ദിശകളിലുമായി മണിക്കൂറിൽ 12,000 വാഹനങ്ങൾ സഞ്ചരിക്കാനുള്ള ശേഷിയാണ് കണക്കാക്കുന്നത്. രണ്ട് പാലങ്ങളും വടക്കുഭാഗത്തുനിന്ന് ഇൻഫിനിറ്റി പാലവും അൽ ഷിന്ദഗ ടണലും വഴി ബന്ധിപ്പിച്ചിട്ടുണ്ട്. തെക്കുഭാഗത്ത് ശൈഖ് റാശിദ് റോഡിന്റെയും ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും ജങ്ഷനിൽ നിലവിൽ നിർമിക്കുന്ന പാലങ്ങളുമായി ഇവയെ ബന്ധിപ്പിക്കുകയും ചെയ്യും. ഇതോടെ ഈ ഭാഗത്തെ ഗതാഗതം വളരെ എളുപ്പമായിത്തീരും. ഖാലിദ് ബിൻ വലീദ് റോഡിൽനിന്ന് അൽമിന സ്ട്രീറ്റിലേക്ക് ഇടതുഭാഗത്തേക്ക് പോകുന്നതിനാണ് രണ്ടുവരി തുരങ്കപ്പാത സഹായിക്കുക.
ഫാൽക്കൺ ഇന്റർചേഞ്ച് നവീകരണം റോഡുകളുടെ ശേഷി, കാര്യക്ഷമത, ഗതാഗത സുരക്ഷ എന്നിവ വർധിപ്പിക്കുന്നതിനൊപ്പം അൽ ഷിന്ദഗ ഇടനാഴിയിലൂടെ സുഗമമായ ഗതാഗതം സാധ്യമാക്കുന്നതാണ്. 530 കോടി ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന അൽ ഷിന്ദഗ ഇടനാഴി മെച്ചപ്പെടുത്തൽ പദ്ധതി നിലവിൽ ആർ.ടി.എ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതികളിലൊന്നാണ്. മൊത്തം 13 കിലോമീറ്റർ ദൈർഘ്യമുള്ള 15 ജങ്ഷനുകളുടെ നിർമാണമാണ് ഇതിൽ ഉൾപ്പെടുന്നത്. പദ്ധതി അഞ്ച് ഘട്ടങ്ങളായി വിഭജിച്ചാണ് നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.