അമുസ്ലീം വ്യക്തി നിയമം; വിവാഹ ലൈസൻസ് ഇനി 24 മണിക്കൂറിനുള്ളിൽ
text_fieldsദുബൈ: ദുബൈയിൽ മുസ്ലിം ഇതര വിഭാഗത്തിൽപെട്ടവർക്ക് വിവാഹ ലൈസൻസുകൾ ഇനി 24 മണിക്കൂറിനുള്ളിൽ ലഭ്യമാകും. ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിലായ അമുസ്ലിം വ്യക്തിനിയമമാണ് വിവാഹ നടപടികൾ എളുപ്പമാക്കിയത്. ഈ ഫെഡറൽ നിയമം ദുബൈ കോടതിയിലും നടപ്പാക്കിത്തുടങ്ങി. 21 വയസ്സായവർക്ക് വിവാഹത്തിന് രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
പുതിയ നിയമത്തിലെ ഏഴ് പേജുകളിലായി വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിവയെ കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്. രേഖകൾ കൃത്യമാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ വിവാഹ ലൈസൻസ് ലഭിക്കും. വധൂവരന്മാർ മുസ്ലിം ഇതര വിഭാഗത്തിൽപെട്ടവരായിരിക്കണം. 21 വയസ്സിൽ കുറയരുത്. രണ്ടിൽ ഒരാൾ ദുബൈയിൽ താമസ വിസയിലുള്ളയാളായിരിക്കണം. മുമ്പ് വിവാഹിതരായിട്ടില്ലെന്ന് തെളിയിക്കണം. ഇവർ നേരിട്ട് കോടതിയിൽ ഹാജരാകണം. അല്ലെങ്കിൽ, ഇവർക്കായി പ്രവർത്തിക്കുന്ന ഒരാളുടെ സാന്നിധ്യം അനിവാര്യമാണ്. തിരിച്ചറിയൽ രേഖകൾ പി.ഡി.എഫ് ഫോർമാറ്റിൽ കോടതിയിൽ സമർപ്പിക്കണം.
ഇത് അറബിയിലേക്ക് മൊഴിമാറ്റുകയും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം സാക്ഷിപ്പെടുത്തുകയും ചെയ്യണമെന്നും നിബന്ധനയുണ്ട്. ഫെബ്രുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടെ മുസ്ലിമേതര വിഭാഗത്തിൽപെട്ടവരുടെ വിവാഹ നടപടികൾ എളുപ്പത്തിലാകും. പുതിയ നിയമം അനുസരിച്ച് വിവാഹ മോചനത്തിന് കാരണം വ്യക്തമാക്കേണ്ട ആവശ്യമില്ല. ദമ്പതികളിൽ ഒരാൾ വിവാഹമോചനം ആവശ്യപ്പെട്ടാൽ കോടതി അനുവദിക്കും.
പങ്കാളിയെ കുറ്റപ്പെടുത്തി പരാതി നൽകേണ്ടതില്ല. പങ്കാളിയെ വിവരം അറിയിച്ച ശേഷമായിരിക്കും വിവാഹ മോചനം നൽകുക. വിവാഹ മോചനം ഒഴിവാക്കുന്നതിന് മധ്യസ്ഥത നിർബന്ധമാണെന്ന നിബന്ധന ഒഴിവാക്കി. അപേക്ഷ പരിഗണിക്കുന്ന ആദ്യ സിറ്റിങ്ങിൽ തന്നെ ജഡ്ജിക്ക് വിവാഹ മോചനം അനുവദിക്കാം. ഭർത്താവിൽ നിന്ന് ജീവനാംശം നേടാൻ ഭാര്യക്ക് അവകാശമുണ്ട്. ഇതിനായി കോടതിയിൽ പ്രത്യേക ഫോമിൽ അപേക്ഷ നൽകണം. 18 വയസ് വരെ കുട്ടിയുടെ മേൽ മാതാവിനും പിതാവിനും തുല്യ അവകാശമായിരിക്കും. 18 വയസിന് ശേഷം ആരുടെ കൂടെ താമസിക്കണമെന്ന് കുട്ടിക്ക് തീരുമാനിക്കാം. വിവാഹ കരാറുകൾ നിയമപരമാക്കാനും കോടതിയെ സമീപിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.