റാസല്‍ഖൈമയില്‍ പുതിയ വാഹനപരിശോധന കേന്ദ്രം അടുത്തവര്‍ഷം
text_fieldsറാസല്‍ഖൈമ: റാക് സഖര്‍ ആശുപത്രിക്ക് സമീപം അല്‍ ഖുസൈദാത്തില്‍ അടുത്ത വര്‍ഷം പുതിയ വാഹന പരിശോധന കേന്ദ്രം തുറക്കുമെന്ന് റാക് പബ്ലിക് റിസോഴ്സ് ആക്ടിങ് ഡയറക്ടര്‍ മെയ്സൂണ്‍ മുഹമ്മദ് അല്‍ദഹബ്. മീഡിയ ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ വാച്ചിങ് ഐ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എമിറേറ്റില്‍ പൂര്‍ത്തിയായതും നടന്നുകൊണ്ടിരിക്കുന്നതുമായ അടിസ്ഥാന സൗകര്യവികസന പ്രവൃത്തികള്‍ കുറ്റമറ്റ രീതിയിലുള്ളതാണ്. സുരക്ഷയുമായി ബന്ധപ്പെട്ട് 1,65,000 നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഉള്‍ റോഡുകളിലെ റൗണ്ടെബൗട്ടുകളും സിഗ്നലുകളും കേന്ദ്രീകരിച്ച് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ച് വരുകയാണ്. കാലാവധി കഴിഞ്ഞ ലൈസന്‍സുകളുമായി നിരത്തിലിറക്കുന്ന വാഹനങ്ങളെ കുടുക്കുന്ന സാങ്കേതികതയിലുള്ളതാണ് പുതിയ കാമറകള്‍.
പൊതുജനങ്ങളുടെ കൂടി അഭിപ്രായങ്ങള്‍ സ്വരൂപിച്ചാണ് ഉപഭോക്തൃ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ നല്‍കുന്നത്. 95 ശതമാനം സേവനങ്ങളും പൂര്‍ണമായും ഇലക്ട്രോണിക്സ് സ്മാര്‍ട്ട് സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. ആദ്യ ഘട്ടത്തിലെന്ന പോലെ കൊറോണ വൈറസ് ഉയര്‍ത്തുന്ന പുതിയ ഭീഷണിയെയും ചെറുക്കാന്‍ മുന്‍കരുതലും പ്രതിരോധ നടപടികളും ശക്തമാണ്. അടുത്ത വര്‍ഷം ഖുസൈദാത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പുതിയ വാഹന പരിശോധന കേന്ദ്രം വാഹന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമാകും. വേഗത്തില്‍ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുമാണ് പബ്ളിക് റിസോഴ്സ് അതോറിറ്റിയുടെ മുന്‍ഗണന. സേവന മികവ് മുന്‍ നിര്‍ത്തി ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കി വരുന്ന പ്രോത്സാഹനം പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമതക്ക് സഹായിക്കുന്നതായും ആക്ടിങ് ഡയറക്ടര്‍ മെയ്സൂണ്‍ മുഹമ്മദ് അല്‍ദഹബ് അഭിപ്രായപ്പെട്ടു. ഹസന്‍ അല്‍ മന്‍സൂരി, സഈദ് അല്‍ ഖാലിദ്, നാദിര്‍ അല്‍ തനൈജി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.