വിരമിച്ച ശേഷവും യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് പുതിയ വിസ
text_fieldsദുബൈ: ജോലിയിൽ നിന്ന് വിരമിച്ച ശേഷവും യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആശ്വാസമായി പുതിയ വിസ സംവിധാനം. വിരമിച്ചവർക്കായി പ്രത്യേക താമസ വിസക്ക് അംഗീകാരം നൽകിയതായി ചൊവ്വാഴ്ച മന്ത്രിസഭ യോഗത്തിന് ശേഷം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. വിസയുടെ വ്യവസ്ഥകൾ ചർച്ച ചെയ്ത് അംഗീകരിച്ചതായും എല്ലാവരെയും യു.എ.ഇയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എക്സ്പോ നഗരിയിലെ യു.എ.ഇ പവലിയനിലാണ് മന്ത്രിസഭ യോഗം ചേർന്നത്.
പുതിയ വിസ സംവിധാനത്തിെൻറ വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. 55 വയസ് കഴിഞ്ഞവർക്ക് അഞ്ചുവർഷ റിട്ടയർമെൻറ് വിസ അനുവദിക്കുമെന്ന് 2018ൽ പ്രഖ്യാപിച്ചിരുന്നു. 20ലക്ഷം ദിർഹമിെൻറ സ്വത്ത് സ്വന്തമായുള്ളവർ, 10ലക്ഷം ദിർഹം സേവിങ്സ് ഉള്ളവർ, മാസത്തിൽ 20,000ദിർഹം സ്ഥിര വരുമാനമുള്ളവർ എന്നിവർക്കാണ് അഞ്ചുവർഷ വിസ വാഗ്ദാനം ചെയ്തിരുന്നത്.
ജോലിയിൽ നിന്നും വിരമിച്ച ശേഷവും യു.എ.ഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്നതാണ് പുതിയ സംവിധാനം എന്നാണ് അനുമാനിക്കപ്പെടുന്നത്. കമ്പനിയുടേയോ കുടുംബാംഗത്തിെൻറയോ സ്പോൺസർഷിപ്പിലല്ലാതെ തന്നെ മുതിർന്ന പ്രവാസികൾക്ക് രാജ്യത്ത് തുടരാൻ ഇത് സഹായിച്ചേക്കും.
യു.എ.ഇ രൂപീകരണത്തിെൻറ സുവർണ ജൂബിലിയോടനുബന്ധിച്ച് വിവിധ വിസ പരിഷ്കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തേക്ക് കൂടുതൽ പ്രതിഭകളെ ആകർഷിക്കുക, ദീർഘകാലം രാജ്യത്ത് തങ്ങുന്നതിനെ പ്രോൽസാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിഷ്കാരങ്ങൾ പ്രധാനമായും കൊണ്ടുവരുന്നത്. വിസ കാലാവധി കഴിഞ്ഞാലും മൂന്നുമുതൽ ആറുമാസം വരെ രാജ്യത്ത് തങ്ങാൻ അനുവദിക്കുന്ന ഗ്രീൻ വിസ കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ നിലവിലുള്ള പത്തുവർഷ ഗോൾഡൻ വിസ കൂടുതൽ വിഭാഗങ്ങൾക്ക് അനുവദിക്കാനും സമീപകാലത്ത് തീരുമാനിച്ചിരുന്നു. രാജ്യത്തിെൻറ ഭാവി പദ്ധതികൾക്ക് അനുസൃതമായ രീതിയിൽ കൂടുതൽ വിദഗ്ധരെ രാജ്യത്തെത്തിക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഡോക്ടർമാർ, കോഡർമാർ, ബിസിനസുകാർ, കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർക്ക് നിലവിൽ ഗോൾഡൻ വിസ ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.