ബൈറൂത്ത് സ്ട്രീറ്റിൽ പുതിയ പാത കൂട്ടിച്ചേർത്തു
text_fieldsദുബൈ: ബൈറൂത്ത് സ്ട്രീറ്റിൽ മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ പുതിയ പാത കൂട്ടിച്ചേർത്ത് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആര്.ടി.എ) ഗതാഗതം മെച്ചപ്പെടുത്തി.
അല്‍ നഹ്ദ ഇന്റര്സെക്ഷന് മുതല്‍ അമ്മാന് സ്ട്രീറ്റ് വരെയാണ് പുതിയ പാതയുള്ളത്. പ്രതിദിനം വര്‍ധിച്ചുവരുന്ന വാഹനങ്ങളെ ഉള്‍ക്കൊള്ളാനും ഗതാഗത സിഗ്നലുകളില്‍ തിരക്ക് ഒഴിവാക്കാനും ബാഗ്ദാദ്, ബൈറൂത്ത് സ്ട്രീറ്റുകളുടെ ഇന്റര്‍സെക്ഷനില്‍ ഒരു സ്റ്റോറേജ് ലൈനും നിര്‍മിച്ചിട്ടുണ്ട്.
ഇതോടെ എയര്‍പോര്‍ട്ട് ടണല്‍, ബാഗ്ദാദ് സ്ട്രീറ്റ്, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രാസമയം കുറയും. മുഹൈസിന, അല്‍ ഖിസൈസ്, അല്‍ തവാര്‍, അല്‍ ഖിസൈസ് വ്യവസായ മേഖല എന്നിവിടങ്ങളിലുള്ളവര്‍ക്ക് പുതിയ മെച്ചപ്പെടുത്തലുകള്‍ പ്രയോജനപ്പെടും. നവീകരണ പ്രവര്‍ത്തനങ്ങളിലൂടെ ബൈറൂത്ത് സ്ട്രീറ്റിന്റെ വാഹനശേഷി മണിക്കൂറില്‍ 4500ല്‍നിന്ന് 6000 ആയി ഉയര്‍ന്നു.
അതോടൊപ്പം വൈകുന്നേരങ്ങളില്‍ അല്‍ നഹ്ദ സ്ട്രീറ്റില്‍നിന്ന് അമ്മാന് സ്ട്രീറ്റ് വരെയുള്ള ഗതാഗതത്തിരക്ക് 30 ശതമാനവും യാത്രാസമയം 28 മിനുട്ടില്നിന്ന് 12 മിനുട്ടായും കുറഞ്ഞു. നഗരത്തിലുടനീളമുള്ള 72ലേറെ സ്ഥലങ്ങളില്‍ വിപുലമായ ഗതാഗത മെച്ചപ്പെടുത്തലുകളാണ് ആര്.ടി.എ നടത്തുന്നത്. വിശദമായ ഗതാഗത പഠനങ്ങളുടെയും പൊതുനിർദേശങ്ങളുടെയും പ്രത്യേക ടീമിന്റെ സ്ഥല സന്ദര്‍ശനങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവിധയിടങ്ങളില്‍ മെച്ചപ്പെടുത്തലുകള്‍ നടത്തുന്നത്.
നഗരത്തില്‍ വര്‍ധിച്ചുവരുന്ന താമസക്കാര്‍ക്ക് മികച്ച ഗതാഗത സേവനങ്ങള്‍ നല്കി ജീവിക്കാനും ജോലി ചെയ്യാനുമുള്ള മികച്ച നഗരമാക്കി എമിറേറ്റിനെ മാറ്റാനുമാണ് ആര്.ടി.എ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.