യു.എ.ഇയിൽ നാല് പുതിയ വർക്ക് പെർമിറ്റുകൾ കൂടി പ്രഖ്യാപിച്ചു
text_fieldsദുബൈ: രാജ്യത്തെ ഫെഡറൽ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് യു.എ.ഇ ഭരണകൂടം നാല് പുതിയ വർക്ക് പെർമിറ്റുകൾ കൂടി പ്രഖ്യാപിച്ചു. മുഴുസമയ തൊഴിൽ, പാർട്ട് ടൈം തൊഴിൽ, താൽക്കാലിക തൊഴിൽ, ഫ്ലക്സിബിൾ തൊഴിൽ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി നടത്തുന്ന നിയമനവുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങളാണ് മാനവവിഭവ ശേഷി എമിററ്റൈസേഷൻ വിഭാഗം പ്രഖ്യാപിച്ചത്. ഫെഡറൽ സ്ഥാപനങ്ങൾ ഇതിൽ പ്രതിപാദിച്ചിട്ടുള്ള ഒരു തൊഴിൽ മാതൃക അനുസരിച്ചാണ് നിയമനങ്ങൾ നടത്തേണ്ടതെന്ന് എക്സിക്യൂട്ടിവ് നിയന്ത്രണ അതോറിറ്റി സൂചിപ്പിച്ചു. മുഴുവൻ പ്രവൃത്തി ദിനങ്ങളിലും നിശ്ചിത പ്രവൃത്തി സമയങ്ങളിൽ ഒരു സ്ഥാപനത്തിനായി മാത്രം പ്രവർത്തിക്കുന്നവരാണ് മുഴുവൻ സമയ തൊഴിൽ വിഭാഗത്തിലുള്ളത്. ഒരു അർധ സർക്കാർ സ്ഥാനപത്തിനായി ഒരു നിശ്ചിത എണ്ണം ജോലി സമയം അല്ലെങ്കിൽ ദിവസങ്ങളിൽ പ്രവർത്തിക്കുന്നവരാണ് പാർട്ട് ടൈം തൊഴിലാളികൾ. കരാർ അടിസ്ഥാനത്തിൽ എല്ലാ പ്രവൃത്തി ദിനത്തിലും നിശ്ചിത പ്രവൃത്തി സമയങ്ങളിൽ മുഴുവൻ സമയവും തൊഴിലെടുക്കുന്നവരാണ് പാർട്ട്ടൈം ജോലിക്കാർ.
ജോലിഭാരവും സാമ്പത്തിക സ്ഥിതിയും അനുസരിച്ച് തൊഴിലിടം മാറാൻ സാധ്യതയുള്ള സ്ഥാപനങ്ങളിൽ ജോലിയെടുക്കുന്നവരാണ് ഫ്ലക്സി വർക്ക് പെർമിറ്റിൽ ഉൾപ്പെടുന്നത്. ഇതിൽ താൽക്കാലിക പെർമിറ്റ് ഒഴികെ മറ്റ് തൊഴിൽ മാതൃകകൾ സ്വീകരിക്കുന്ന ഫെഡറൽ സ്ഥാപനങ്ങൾ തൊഴിലാളിയുടെ പ്രകടനത്തെ അടിസ്ഥാനമാക്കി കരാർ പുതുക്കാവുന്ന രീതിയിൽ പരമാവധി മൂന്നു വർഷത്തെ കരാർ മാത്രമേ നടപ്പിലാക്കാവൂ. താൽക്കാലിക ജീവനക്കാർക്കാർക്ക് ഒരു വർഷത്തിൽ താഴേയുള്ള കരാറുകളാണ് നൽകേണ്ടത്. എന്നാൽ, ഇത് എത്രത്തോളം പുതുക്കിനൽകാമെന്നത് തൊഴിലുടമക്ക് നിശ്ചയിക്കാം.
അതോടൊപ്പം ഒഴിവുള്ള തസ്തികകളിൽ ഫെഡറൽ സ്ഥാപനങ്ങൾ നിയമനം നൽകുമ്പോൾ യു.എ.ഇ പൗരന്മാർക്ക് മുൻഗണന നൽകണമെന്നും പുതിയ തൊഴിൽ നിയമം നിർദേശിക്കുന്നുണ്ട്. എന്നാൽ, നിശ്ചയിച്ച തസ്തികകളിൽ യോഗ്യരായ യു.എ.ഇ പൗരന്മാരെ കണ്ടെത്താനായില്ലെങ്കിൽ വിദേശികളായ ഉദ്യോഗാർഥികളെ നിയമിക്കാം. ഈ തസ്തികകളിൽ റിട്ട. ഉദ്യോഗസ്ഥരെയും വിമുക്ത ഭടന്മാരെയും നിയമിക്കുന്നതിനും നിയമം അനുമതി നൽകുന്നു. 2022 ഫെബ്രുവരി രണ്ടു മുതൽ 12 രീതിയിലുള്ള വർക്ക് പെർമിറ്റുകൾക്ക് മാനവ വിഭവശേഷി എമിററ്റൈസേഷൻ വിഭാഗം നേരത്തെ അനുമതി നൽകിയിരുന്നു.
വിദ്യാർഥി പരിശീലനം, തൊഴിൽ പെർമിറ്റ്, ഗൾഫ് കോർപറേഷൻ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും കുട്ടികൾക്കുമുള്ള വർക്ക് പെർമിറ്റ് എന്നിവ ഉൾപ്പെട്ടതായിരുന്നു പുതിയ തൊഴിൽ നിയമം. ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങളെയോ രാജ്യത്തെ പൗരന്മാരെയോ ജോലിയിൽ നിയമിക്കുന്നതിന് തൊഴിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് പുതിയ തൊഴിൽ നിയമം അനുമതിയും നൽകിയിരുന്നു. തൊ ഴിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളുടെ അഭ്യർഥന പ്രകാരം ഗോൾഡൻ വിസക്കാർക്കും തൊഴിൽ പെർമിറ്റ് നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.