പുതുമകളോടെ 2023 വരുന്നത് നിരവധി മാറ്റങ്ങൾ, അതിശയങ്ങൾ!
text_fieldsപ്രതീക്ഷകളുടെ പൊൻപുലരി പിറന്നിരിക്കുകയാണ്. മഹാമാരിലെ വകഞ്ഞുമാറ്റിയ വറഷത്തിന് ശേഷം ഉർജസ്വലതയോടെയും ആവേശത്തോടെയുമാണ് ഇമാറാത്ത് പുതുവൽസരപ്പിറവിയെ സ്വീകരിക്കുന്നത്. ഓരോ വർഷവും അുനകം പുതുമകളാണ് യു.എ.ഇയിലെ സ്വദേശികൾക്കും താമസക്കാർക്കുമായി അധികൃതർ ഒരുക്കാറുള്ളത്. ഇത്തവണ വരാനിരിക്കുന്ന പുതുമകൾ പരിചയപ്പെടാം.
ദുബൈ വീഥികളിൽ ഡ്രൈവറില്ലാ ടാക്സികൾ വർഷങ്ങളായി ദുബൈ നിവാസികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് ഡ്രൈവറില്ലാ ടാക്സികൾ. പയ തരത്തിലുള്ള പരീഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം ഇത്തരം ടാക്സികൾ നിരത്തിലിറങ്ങാൻ പോവുകയാണ്. ഭാവി മുന്നിൽ കണ്ടുള്ള ഇത്തരം 10 ഓട്ടോണമസ് ടാക്സികളെങ്കിലും 2023 അവസാനത്തോടെ യാത്രക്കാർക്ക് വേണ്ടി റോഡിലിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഗോള കാലാവസ്ഥാ ഉച്ചകോടി(കോപ്-28)
ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിക്ക് ആതിഥ്യമരുളുന്നത് ഇത്തവണ യു.എ.ഇയാണ്. എക്സ്പോ 2020ദുബൈ എന്ന വിശ്വമേളയിലൂടെ ലോകത്തിന്റെ ശ്രദ്ധ നേടിയ ‘എക്സ്പോ സിറ്റി’യാണ് ഇതിന് ആതിഥ്യം വഹിക്കുന്നത്. ലോകത്തെ പ്രമുഖരായ മുഴുവൻ രാഷ്ട്ര നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി നിരവധി പരിസ്ഥിതി സംരക്ഷണ പദ്ധതികൾ യു.എ.ഇ നടപ്പിലാക്കി വരുന്നുണ്ട്. നവംബർ 30മുതൽ ഡിസംബർ 12വരെയാണ് പരിപാടിയുടെ ദിനങ്ങൾ. 140-ലധികം രാഷ്ട്രത്തലവന്മാരും ഭരണകർത്താക്കളും 80,000 പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിർബന്ധിത തൊഴിൽ ഇൻഷൂറൻസ്
തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഏർപെടുത്തിയ ഇൻഷ്വറൻസ് ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ജോലി പോയാൽ മൂന്ന് മാസം വരെ ശമ്പളത്തിന്റെ 60 ശതമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി. ജീവനക്കാർക്ക് മാസം അഞ്ച് ദിർഹം മുതൽ പ്രീമിയം അടച്ച് ഇൻഷ്വറൻസിന്റെ ഭാഗമാകാം. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും പരിരക്ഷ ലഭിക്കും. രണ്ട് തരം ഇൻഷ്വറൻസാണ് അവതരിപ്പിക്കുന്നത്. 16,000 ദിർഹം വരെ അടിസ്ഥാന ശമ്പളമുള്ളവർക്ക് മാസത്തിൽ അഞ്ച് ദിർഹം വീതം അടച്ച് ഇൻഷ്വറൻസിൽ ചേരാം. അല്ലെങ്കിൽ വർഷത്തിൽ 60 ദിർഹം അടക്കണം. 16,000 ദിർഹമിന് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവർ മാസം 10 ദിർഹം വീതമോ വർഷത്തിൽ 120 ദിർഹമോ പ്രീമിയം അടക്കണം. നിയമം നടപ്പാക്കുന്നതോടെ രാജ്യത്തെ തൊഴിൽ മേഖലയിൽ കൂടുതൽ സുരക്ഷയുണ്ടാകുമെന്നാണ് കരുതുന്നത്.
കോർപറേറ്റ് നികുതി
ജൂൺ 1 മുതൽ വലിയ ബിസിനസ് സ്ഥാപനങ്ങൾക്ക് യു.എ.ഇയിൽ കോർപ്പറേറ്റ് നികുതി ബാധകമാകും. 3.75ലക്ഷം ദിർഹത്തിൽ കൂടുതൽ വാർഷിക ലാഭം നേടുന്ന സ്ഥാപനങ്ങൾക്ക് 9 ശതമാനം നികുതിയാണ് ചുമത്തുക. രാജ്യത്തെ വാണിജ്യ ലൈസൻസിന് കീഴിൽ ബിസിനസ് പ്രവർത്തനങ്ങൾ നടത്തുന്ന എല്ലാ ബിസിനസുകൾക്കും വ്യക്തികൾക്കും കോർപ്പറേറ്റ് നികുതി ബാധകമാകും.
എമിററ്റൈസേഷൻ പരാജയപ്പെട്ടാൽ പിഴ
ജനുവരി 1 മുതൽ, 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യമേഖലാ സ്ഥാപനങ്ങൾ 2 ശതമാനം എമിറേറ്റൈസേഷൻ നിരക്ക് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ കനത്ത പിഴ ചുമത്തേണ്ടിവരും. വിദഗ്ധ ജോലികളിൽ യു.എ.ഇ പൗരന്മാരെ നിയമിക്കുന്ന നിയമം നടപ്പിലാക്കുന്നത് ശക്തമായ രീതിയിൽ പരിശോധിക്കും. ജോലിക്ക് നിയമിക്കാത്ത ഒരാൾക്ക് പ്രതിമാസം 6,000 ദിർഹം എന്ന നിലയിലാണ് പിഴ ചുമത്തുക.
അമുസ്ലിങ്ങൾക്ക് വ്യക്തിഗത നിയമം
രാജ്യത്ത് താമസിക്കുന്ന പ്രവാസികളായ അമുസ്ലിങ്ങൾക്ക് അനുവദിച്ച വ്യക്തിനിയമം ഫെബ്രുവരി മുതൽ നിലവിൽ വരും. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നീ വിഷയങ്ങളിൽ വ്യക്തിഗത പദവി അനുവദിക്കുന്ന ഫെഡറൽ നിയമമാണിത്. വിവാഹകരാറുകൾ നിയമപരമാക്കാനും കോടതിക്ക് മുമ്പിൽ ഹാജരായി വിവാഹമോചനം തേടാനും പുതിയ നിയമത്തിലൂടെ സാധ്യമാകും. വിവാഹ മോചനത്തിന് ശേഷമുള്ള സാമ്പത്തിക തർക്കങ്ങൾ, കുട്ടികളുടെ സംരക്ഷണം, മരണശേഷമുള്ള അനന്തരാവകാശം എന്നിവയിലെല്ലാം അന്താരാഷ്രട മാനദണ്ഡങ്ങൾ പ്രകാരമാണ് കോടതികൾ വിധി പ്രസ്താവിക്കുക. 2021 നവംബർ മുതൽ അബൂദബി എമിറേറ്റിൽ നടപ്പിലാക്കിയ നിയമമാണ് ഫെബ്രുവരി മുതൽ രാജ്യത്തെ ഫെഡറൽ നിമമായി മാറുന്നത്.
അറ്റ്ലാന്റിസ് ദി റോയൽ തുറക്കും
ഏവരും ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബൈയിലെ റിസോർട്ടായ ‘അറ്റ്ലാന്റിസ് ദി റോയൽ’ 2023ൽ അരങ്ങേറ്റം നടത്തും. 795 മുറികളുള്ള ഹോട്ടലിൽ 90 നീന്തൽക്കുളങ്ങളും 17 റെസ്റ്റോറന്റുകളും ഉണ്ട്. റസ്റ്ററന്റുകളിൽ എട്ടെണ്ണം ലോകോത്തര സെലിബ്രിറ്റി ഷെഫുകളുടേതാണ്. ലോകത്തിലെ ഏറ്റവും വലിയ ജെല്ലിഫിഷ് അക്വേറിയവും വാട്ടർ ഫൗണ്ടേനും ഇതിലുണ്ടാകും.
സീവേൾഡ് അബുദാബി തീം പാർക്ക്
യു.എ.ഇ.യിലെ ആദ്യത്തെ സമുദ്രജീവിതം അടിസ്ഥാനമാക്കിയ തീം പാർക്ക് സീവേൾഡ് അബുദാബി യാസ് ഐലൻഡിൽ ആരംഭിക്കും. യാസ് ഐയൻഡിലെ ടൂറിസം മേഖലക്ക് വലിയ കരുത്താകുന്ന ഒന്നാകുമിത്. 183,000 ചതുരശ്ര മീറ്റർ സൗകര്യത്തിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം അടങ്ങിയ പാർക്കിൽ കടലാമകൾ, ഉരഗങ്ങൾ എന്നിവയുൾപ്പെടെ 68,000-ലധികം കടൽ മൃഗങ്ങളുണാകും. കൂടാതെ സമുദ്രത്തിനടിയിലെ ജീവിതത്തിന്റെ സങ്കീർണ്ണതയും പരസ്പര ബന്ധവും സൗന്ദര്യവും പ്രദർശിപ്പിക്കുന്ന ആറ് വ്യത്യസ്ത മേഖലകളും ഉൾപ്പെടുമെന്ന് അധികൃതർ അവകാശപ്പെടുന്നു. ഇത് അടുത്ത വർഷം തുറക്കപ്പെടും.
ഐ.പി.എൽ മാതൃകയിൽ യു.എ.ഇ ക്രിക്കറ്റ് ലീഗ്
ഇന്ത്യൻ പ്രീമിയർ ലീഗിിന്റെ (ഐ.പി.എൽ) മാതൃകയിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ടി 20 ലീഗിന്റെ (ഐ.എൽ.ടി 20) ആദ്യ എഡിഷൻ ജനുവരി ആറ് മുതൽ ഫെബ്രുവരി 12 വരെ നടക്കും. ഐ.പി.എൽ മോഡലിൽ ഇന്ത്യയിൽ നിന്നടക്കം ലോകോത്തര ക്രിക്കറ്റ് താരങ്ങളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. ആറ് ടീമുകളാണ് പങ്കെടുക്കുക. 34 മത്സരങ്ങളുണ്ടാകും. ഓരോ ടീമും രണ്ട് തവണ ഏറ്റുമുട്ടുന്ന രീതിയിലാണ് ഷെഡ്യൂൾ. നാല് േപ്ല ഒാഫ് മത്സരങ്ങളുണ്ടാകും.
ഇന്ത്യക്കും ഏറെ പ്രാധാന്യമുള്ള ലീഗാണിത്. പങ്കെടുക്കുന്ന ആറ് ടീമുകളിൽ അഞ്ചും സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യൻ ഫ്രാഞ്ചൈസികളാണ്. ഷാരൂഖ് ഖാന്റെ ഉടമസ്ഥയിലുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി കാപ്പിറ്റൽസിന്റെ ഉടമകളായ ജി.എം.ആർ ഗ്രൂപ്പ്, മുംബൈ ഇന്ത്യൻസിന്റെ ഉടമകളായ റിലയൻസ്, ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാപ്രി ഗ്ലോബൽ, അദാനി ഗ്രൂപ്പിന്റെ അദാനി സ്പോർട്സ് ലൈൻ എന്നിവയാണ് ഇന്ത്യൻ ഫ്രാഞ്ചൈസികൾ.
അൾട്രാ മ്യൂസിക് ഫെസ്റ്റിവൽ
ലോകത്തിലെ ഏറ്റവും വലിയ സംഗീതോത്സവമായ അൾട്രാ മ്യൂസിക് ഫെസ്റ്റിവൽ അബൂദബിയിൽ ആരംഭിക്കും. ഇത്തിഹാദ് പാർക്കിൽ 2023 മാർച്ച് 4-5 തീയതികളിൽ നടക്കുന്ന പരിപാടി ആയിരങ്ങളെ ആകർഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അബുദാബിയിലെ സ്നോ പാർക്ക്
ലോകത്തിലെ ഏറ്റവും വലിയ സ്നോ പ്ലേ പാർക്കായ ‘സ്നോ അബുദാബി’ തലസ്ഥാനത്തെ റീഫ് മാളിൽ തുറക്കും. വിനോദസഞ്ചാരികൾക്കും താമസക്കാർക്കും രസകരമായ അനുഭവം സമ്മാനിക്കുന്നതാണ് പാർക്കെന്ന് അധികൃതർ പറയുന്നു. വ്യത്യസ്ത മേഖലകളായി വിഭജിച്ചിരിക്കുന്ന 10,000 ചതുരശ്ര അടി പാർക്കിൽ സ്നോഫ്ലെക്ക് ഗാർഡൻ കൂടാതെ 13 ലോകോത്തര റൈഡുകളും ആകർഷണങ്ങളും ഉണ്ട്. മഞ്ഞു കാലത്തല്ലാതെയും മഞ്ഞനുഭവങ്ങൾ കൈവരിക്കാൻ പാർക്ക് ഉപകരിക്കും.
അബൂദബി മെഗാ കോസ്റ്റർ
വളഞ്ഞുപുളഞ്ഞ് സഞ്ചരിക്കുന്ന റോളർ കോസ്റ്ററുകൾ ആസ്വദിക്കുന്നവർക്ക് വേണ്ടി അബൂദബിയിൽ മിഷൻ ഫെരാരി, ഫെരാരി വേൾഡ് എന്നിവ മെഗാ കോസ്റ്റർ ആരംഭിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഇമ്മേഴ്സീവ് മെഗാ കോസ്റ്ററായി കണക്കാക്കപ്പെടുന്ന ഇത്, ലോകത്തെ ആദ്യത്തെ സൈഡ്വേസ് കോസ്റ്റർ ഡ്രോപ്പ് ഉൾപ്പെടുന്ന മൾട്ടിസെൻസറി 5ഡി റോളർകോസ്റ്റർ അനുഭവം പ്രദാനം ചെയ്യും.
പുതിയ 1000ദിർഹം കറൻസി നോട്ട്
51ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി യു.എ.ഇ പുതിയ പുറത്തിറക്കിയ 1000 ദിർഹമിന്റെ കറൻസി നോട്ട് പുതു വർഷത്തിന്റെ ആദ്യ പകുതിയിൽ വിപണിയിൽ ലഭ്യമാകും. പോളിമർ കറൻസി നോട്ടുകളാണ് യു.എ.ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്. സാധാരണ കടലാസ് കറൻസികൾ പകരമാണ് ഏറെ കാലം നിലനിൽക്കുന്ന പോളിമർ കറൻസികൾ പുറത്തിറക്കുന്നത്. വ്യാജ കറൻസികൾ ഒഴിവാക്കാൻ അനുകരിക്കാൻ കഴിയാത്ത സുരക്ഷാ സംവിധാനങ്ങളും പുതിയ കറൻസികളുടെ പ്രത്യേകതയാണ്. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ചിത്രവും ആദ്യ ആണവോർജ നിലയമായ അൽബറാക്ക ന്യൂക്ലിയർ പ്ലാന്റ്, ബഹിരാകാശ സഞ്ചാരി എന്നിവയുടെ ചിത്രങ്ങളും ആയിരം ദിർഹം നോട്ടിൽ ആലേഖനം ചെയ്തിട്ടുണ്ട്.
അജ്മാൻ പ്ലാസ്റ്റിക് നിരോധനം
പുതുവർഷത്തിൽ അജ്മാനിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം ഏറ്റവും സുസ്ഥിരമായ ബദൽ കണ്ടെത്താനുള്ള പഠനം നടത്തുകയാണെന്ന് അജ്മാൻ മുനിസിപ്പാലിറ്റിയും ആസൂത്രണ വകുപ്പും നേരത്തെ വ്യക്തമാക്കിയിരുന്നു. നേരത്തെ അബൂദബിയിലടക്കം നടപ്പിലാക്കിയ രീതി പിന്തുടർന്നാണ് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തുന്നത്.
ഇൻസ്റ്റന്റ് പേല്മെന്റ് പ്ലാറ്റ്ഫോം
സാമ്പത്തിക ഇടപാടുകൾക്ക് ഇൻസ്റ്റൻറ് പേയ്മെന്റ് പ്ലാറ്റ്ഫോം പുതുവർഷത്തിൽ ആരംഭം കുറിക്കും. 2023ആദ്യ പാദത്തിൽ പ്ലാറ്റ്ഫോമിന് തുടക്കം കുറിക്കുമെന്നാണ് യു.എ.ഇ സെൻട്രൽ ബാങ്ക് അറിയിച്ചിരിക്കുന്നത്.
അൽഹീറ ബീച്ചി പുതിയ ഔട്ലെറ്റുകൾ
ഷാർജയുടെ ഏറ്റവും പുതിയ വിനോദ കേന്ദ്രമായ അൽഹീറ ബീച്ചിൽ പുതിയ ഔട്ലെറ്റുകൾ 2023ന്റെ ആദ്യ പാദത്തിൽ തുറക്കും. റെസ്റ്റോറന്റുകളും വിവിധ വിനോദ മേഖലകളും ഉൾപ്പെടുന്ന പുതിയ സംവിധാനം ഇവിടേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡിസംബർ 22ന് ഇവിടെ തുറന്ന മൂന്ന് വാണിജ്യ യൂണിറ്റുകളിൽ റെസ്റ്റോറന്റ്, കഫെ, ജിം എന്നിവ ഉൾപ്പെടും.
റോബോട്ടിക് ബയോബാങ്ക്
എഴുപത് ലക്ഷം ഇനങ്ങളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ആദ്യ ബയോബാങ്ക് യു.എ.ഇ തുറക്കും. ജനിതക വൈകല്യങ്ങൾ, കാൻസർ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ, മഹാമരികൾ എന്നിവയിൽ മെഡിക്കൽ ഗവേഷണത്തിന്റെ പുരോഗതി ലക്ഷ്യമിട്ട് അത്യാധുനിക സൗകര്യത്തിൽ നിർമിക്കുന്ന ബാങ്കിൽ അൽ ജയിലിയ ഫൗണ്ടേഷൻ 17മില്യൺ ദിർഹം നിക്ഷേപിക്കുന്നുണ്ട്.
ദുബൈയിൽ പുതിയ റെസ്റ്ററന്റുകൾ
മികച്ച റസ്റ്ററന്റുകളുടെ നഗരമായ ദുബൈയിൽ പുതുപുത്തൽ റസ്റ്ററന്റുകൾ കൂടി പുതു വർഷത്തിൽ തുടക്കമാകും. എബോവ് ഇലവൻ (മാരിയറ്റ് പാം ജുമൈറ), സിറ്റി സോഷ്യൽ (ഗ്രോസ്വെനർ ഹൗസ്), എസ്റ്റിയാറ്റോറിയോ മിലോസ്(അറ്റ്ലാന്റിസ് ദി റോയൽ), ജോസെറ്റ് (ഫെസ്റ്റിവൽ സിറ്റി) എന്നിവയാണ് കൂട്ടത്തിൽ പ്രധാനപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.