പുതുവത്സരാഘോഷം; പൊതുഗതാഗതം ഉപയോഗിച്ചത് 22 ലക്ഷം പേർ
text_fieldsദുബൈ: പുതുവത്സരാഘോഷ രാവിൽ ദുബൈയിൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 22 ലക്ഷത്തിലേറെ പേർ. ദുബൈ റോഡ് ഗതാഗത അതോറിറ്റിയാണ് (ആർ.ടി.എ) ഇക്കാര്യം വെളിപ്പെടുത്തിയത്. മെട്രോ, ട്രാം, ബസ്, ടാക്സി എന്നിവയടക്കം ഉപയോഗിച്ചവരുടെ ആകെ എണ്ണമാണ് അധികൃതർ പുറത്തുവിട്ടത്. ആഘോഷസ്ഥലങ്ങളിലേക്കുള്ള വഴികളിൽ തിരക്ക് കുറക്കാനും എളുപ്പത്തിൽ എത്തിച്ചേരാനുമായി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് നേരത്തേ അധികൃതർ നിർദേശിച്ചിരുന്നു.
ദുബൈ മെട്രോയുടെ റെഡ്, ഗ്രീൻ പാതകളിലൂടെ 9.7 ലക്ഷം യാത്രക്കാരാണ് സഞ്ചരിച്ചത്. ദുബൈ ട്രാം ഉപയോഗിച്ചവരുടെ എണ്ണം 56,208ഉം ബസ് ഉപയോഗപ്പെടുത്തിയവർ 4.01 ലക്ഷവുമാണ്. അതേസമയം, ടാക്സികൾ 5.9 ലക്ഷം പേരും ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന സേവനങ്ങൾ 1.67 ലക്ഷം പേരും ഉപയോഗിച്ചു. അതേസമയം, സമുദ്ര ഗതാഗതസംവിധാനങ്ങളും വലിയ വിഭാഗം താമസക്കാർ യാത്രക്ക് ഉപയോഗപ്പെടുത്തി. 97,261 പേരാണ് അബ്രകളും ബോട്ടുകളും മറ്റു സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയത്. പങ്കുവെക്കുന്ന വാഹനങ്ങൾ 1316 പേരാണ് ഉപയോഗപ്പെടുത്തിയത്.
വളരെ എളുപ്പത്തിലും പ്രയാസരഹിതവുമായ യാത്രാ സംവിധാനമാണ് നഗരത്തിൽ എല്ലായിടങ്ങളിലും പുതുവത്സര രാവിൽ ഒരുക്കാൻ കഴിഞ്ഞതെന്നും ദുബൈയിലെ വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ തയാറാക്കിയ പദ്ധതിയിലൂടെയാണ് സേവനം മികച്ചതാക്കാൻ സാധിച്ചതെന്നും അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ദുബൈ മെട്രോ ഞായറാഴ്ച രാവിലെ എട്ടു മുതൽ തിങ്കളാഴ്ച രാത്രി 11.59 വരെയും ദുബൈ ട്രാം ഞായറാഴ്ച രാവിലെ മ്പതു മുതൽ ജനുവരി രണ്ട് പുലർച്ച ഒരു മണി വരെയും തുടർച്ചയായി സർവിസ് നടത്തിയിരുന്നു.
ഞായറാഴ്ചയും തിങ്കളാഴ്ചയും സൗജന്യ പാർക്കിങ് ഏർപ്പെടുത്തിയതും സന്ദർശകർക്ക് വലിയ തോതിൽ ഗുണംചെയ്തു. മൾട്ടി ലെവൽ പാർക്കിങ്ങുകൾ ഒഴികെയുള്ള സ്ഥലങ്ങളിലാണ് സൗജന്യം ലഭിച്ചത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്കുകൾ കണക്കിലെടുത്ത് വിവിധ ബസ് സർവിസുകൾ താൽക്കാലികമായി റദ്ദാക്കുകയും പ്രത്യേക സർവിസുകൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.