ആഘോഷരാവ്
text_fieldsദുബൈ: ആടിയും പാടിയും ആഘോഷിച്ചും യു.എ.ഇ പുതുവത്സരത്തെ വരവേറ്റു. ശനിയാഴ്ച വൈകീട്ട് മുതൽ ഞായറാഴ്ച പുലർച്ച വരെ രാജ്യത്ത് അങ്ങിങ്ങോളം ആഘോഷങ്ങൾ അരങ്ങേറി. പുതുവത്സരാഘോഷത്തിനും വെടിക്കെട്ടിനും തടസ്സമായി മഴ എത്തുമോ എന്ന് ഭയമുണ്ടായിരുന്നെങ്കിലും കാലാവസ്ഥയും രാജ്യത്തിന്റെ ആഘോഷത്തിനൊപ്പം ചേർന്നു. പെയ്തിറങ്ങിയ മഞ്ഞും തണുപ്പും ഒത്തുചേർന്നപ്പോൾ ആഘോഷത്തിന് ഇരട്ടി ആവേശമായി.
ബുർജ് ഖലീഫയിലെ വെടിക്കെട്ടായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ ദർശിച്ചത്. നേരിട്ടെത്താൻ കഴിയാത്തവർ ഫ്ലാറ്റിന് മുകളിലും പാർക്കുകളിലും നിന്ന് ബുർജിലെ വെടിക്കെട്ട് ദർശിച്ചു. ബുർജിന് മുന്നിൽ പതിനായിരങ്ങൾ തടിച്ചുകൂടിയിരുന്നു. വൈകീട്ടോടെ ഇവിടേക്കുള്ള പ്രവേശനം നിർത്തിവെച്ചു. ദുബൈ മീഡിയ ഓഫിസ് ഉൾപ്പെടെ വിവിധ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും തത്സമയ സംപ്രേക്ഷണം നടന്നു. ദുബൈ ഫ്രെയിമിന് മുന്നിലും ഗംഭീര കരിമരുന്ന് പ്രകടനം നടന്നു. വിവിധ രാജ്യങ്ങളിൽ പുതുവത്സരം പിറന്ന സമയത്തെല്ലാം ആഗോള ഗ്രാമമായ ഗ്ലോബൽ വില്ലേജിലും വെടിക്കെട്ട് തീർത്തു. പുലർച്ച ഒന്നിന് തുർക്കിയിലെ പുതുവത്സരവും ആഘോഷിച്ചാണ് ഗ്ലോബൽ വില്ലേജ് പിരിഞ്ഞത്.
കിലോമീറ്റർ അകലെ വരെ ഇതിന്റെ ദൃശ്യങ്ങൾ കാണാമായിരുന്നു. ബുർജ് അൽ അറബിന് സമീപവും കരിമരുന്ന് പ്രയോഗവും ആഘോഷവും നടന്നു. എക്സ്പോ സിറ്റിയിലും പതിനായിരങ്ങളാണ് ആഘോഷിക്കാനെത്തിയത്. പുലർച്ച വരെ മെട്രോയും ബസുകളും സർവിസ് നടത്തിയത് യാത്രക്കാർക്ക് അനുഗ്രഹമായി. നഗരത്തിലുടനീളം വിവിധ സംഗീത പരിപാടികൾ അരങ്ങേറി. നേരം പുലരും വരെ പരിപാടികളുണ്ടായിരുന്നു. പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
കുടുംബങ്ങളുമൊത്താണ് പ്രവാസികൾ ആഘോഷിക്കാനിറങ്ങിയത്. വെടിക്കെട്ടിന് പുറമെ വിവിധ ഇടങ്ങളിൽ ഡ്രോൺ ഷോ, ലേസർ ഷോ തുടങ്ങിയവയും നടന്നു. ജുമൈറയിലാണ് പ്രധാന ഡ്രോൺ ഷോ അരങ്ങേറിയത്. ഷാർജയിൽ അൽ മജാസിലാണ് ഏറ്റവും വലിയ ആഘോഷം നടന്നത്. ഇവിടെയും തിങ്ങിനിറഞ്ഞ ജനക്കൂട്ടമാണ് എത്തിയത്. കോവിഡ് എത്തിയ ശേഷം നടന്ന ഏറ്റവും വലിയ പുതുവത്സരാഘോഷമാണ് രാജ്യത്ത് നടന്നത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായ ആഘോഷങ്ങളും നഗരത്തിൽ അരങ്ങേറി. താമസ സ്ഥലങ്ങളിൽ പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമായിരുന്നു ആഘോഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.