പുതുവത്സരാഘോഷം; ദുബൈയിൽ പൊതുഗതാഗതം ഉപയോഗിച്ചത് 21 ലക്ഷം പേർ
text_fieldsദുബൈ: പുതുവത്സരാഘോഷ രാവിൽ ദുബൈയിൽ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത് 21.66ലക്ഷം പേരെന്ന് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). മെട്രോ, ബസ്, ടാക്സി, ജലഗതാഗത മാർഗങ്ങൾ എന്നിവയടക്കം ഉപയോഗപ്പെടുത്തിയവരുടെ എണ്ണമാണിത്. കഴിഞ്ഞ വർഷത്തേതിനേക്കാൾ 33ശതമാനം വർധനവാണ് പുതുവത്സര രാവിലെ യാത്രക്കാരുടെ എണ്ണത്തിലുണ്ടായത്. 2022 പിറന്ന രാവിൽ 16.32ലക്ഷം പേരാണ് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്. കോവിഡ് മഹാമാരിയുടെ ഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ താമസക്കാർ കൂടുതലായി ആഘോഷത്തിൽ പങ്കാളികളായതും വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതുമാണ് എണ്ണം വർധിക്കാൻ കാരണമായത്.
വിപുലമായ മുൻ കരുതലുകൾ സ്വീകരിച്ചതിനാൽ പൊതുഗതാഗതം പ്രയാസരഹിതമായിരുന്നു. ദുബൈയിലെ അന്താരാഷ്ട്ര, പ്രാദേശിക പരിപാടികൾ സുരക്ഷിതമാക്കുന്നതിനുള്ള എക്സിക്യൂട്ടിവ് കമ്മിറ്റിയുമായി സഹകരിച്ച് ആർ.ടി.എ വിവിധ നിയന്ത്രണങ്ങൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. മെട്രോ മുഴുസമയവും സർവിസുകൾ നടത്തിയതും 200ലേറെ ബസുകൾ ആഘോഷ സ്ഥലങ്ങളിൽനിന്ന് പാർക്കിങ് ഭാഗത്തേക്ക് സന്ദർശകരെ എത്തിക്കാൻ പ്രത്യേകം സജ്ജമാക്കിയതും യാത്രയെ എളുപ്പമാക്കിയ ഘടകങ്ങളാണ്. ജനങ്ങൾ ഒരുമിച്ചുകൂടുന്ന ചില സ്ഥലങ്ങളിൽ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
മെട്രോയിലാണ് ഏറ്റവും കൂടുതലാളുകൾ യാത്ര ചെയ്തത്. 9.5ലക്ഷം പേരാണ് മെട്രോ ഉപയോഗിച്ചത്. കഴിഞ്ഞവർഷം ഇത് 6.4ലക്ഷമായിരുന്നു. ടാക്സി ഉപയോഗപ്പെടുത്തിയവരുടെ ആകെ എണ്ണം 5.58 ലക്ഷമാണ്. കഴിഞ്ഞ വർഷമിത് 4.76 ലക്ഷമായിരുന്നു. 3.9 ലക്ഷം പേരാണ് ബസ് ഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയത്.
കഴിഞ്ഞവർഷത്തെ 3.3 ലക്ഷത്തെ അപേക്ഷിച്ച് ഇതും കൂടുതലാണ്. ഇത്തവണ ട്രാം ഉപയോഗിച്ചത് 49,855 പേരും ജലഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചത് 77,844പേരുമാണെന്ന് ആർ.ടി.എ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങൾക്ക് താമസക്കാർക്കിടയിൽ വർധിച്ച സ്വീകാര്യതയെ കൂടി ഈ കണക്കുകൾ അടിവരയിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.