പുതുവത്സര വെടിക്കെട്ട്; ഒന്നര മണിക്കൂറിൽ ബുർജ് ക്ലീൻ
text_fieldsദുബൈ: വമ്പൻ വെടിക്കെട്ട് നടന്ന പുതുവത്സരാഘോഷത്തിന് ശേഷം ബുർജ് ഖലീഫയുടെ സമീപ പ്രദേശങ്ങൾ വൃത്തിയാക്കിയത് വെറും ഒന്നര മണിക്കൂർകൊണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒരു മണിക്കൂർ നേരത്തേയാണ് ഇക്കുറി ബുർജ് ക്ലീനാക്കിയത്. 300 പേർ ഏഴ് മേഖലകളിലായി തിരിഞ്ഞായിരുന്നു ശുചീകരണം. എമിറിൽസ് എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം. തുടർച്ചയായ 10ാം വർഷമാണ് ഇതേ സ്ഥാപനം ശുചീകരണ ചുമതല ഏറ്റെടുക്കുന്നത്. ഓരോ വർഷം കഴിയുമ്പോഴും ശുചീകരണം വേഗത്തിലാക്കാൻ ഇവർക്ക് കഴിയുന്നു.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ഇത്ര വേഗത്തിൽ ശുചീകരണം യാഥാർഥ്യമാക്കാൻ തങ്ങളെ സഹായിച്ചതെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ ഗോപാലകൃഷ്ണൻ പറയുന്നു. പരിപാടിയുടെ ഒരു മാസം മുമ്പുതന്നെ കൃത്യമായ പദ്ധതി തയാറാക്കിയിരുന്നു. 262 ശുചീകരണ ജീവനക്കാർ, 45 സാങ്കേതിക പ്രവർത്തകർ, 34 സൂപ്പർവൈസർമാർ, മാനേജർമാർ എന്നിവരടങ്ങിയ സംഘമാണ് ശുചീകരണത്തിന് നേതൃത്വം നൽകിയത്. ശുചീകരിക്കേണ്ട മേഖലയെ ഏഴായി തിരിച്ചായിരുന്നു പ്രവർത്തനം. ഓരോ മേഖലയിലും ഓരോ സൂപ്പർവൈസർമാരെയും 20 ശുചീകരണ തൊഴിലാളികളെയും നിയോഗിച്ചു. വെടിക്കെട്ട് സമാപിച്ചതിന് തൊട്ടുപിന്നാലെ ഇവിടങ്ങളിൽ ശുചീകരണ യന്ത്രങ്ങൾ വിന്യസിച്ചു.
അധികൃതരുടെ സഹായവും ലഭിച്ചു. ആധുനിക ഉപകരണങ്ങളുപയോഗിച്ചായിരുന്നു ശുചീകരണം. ജനക്കൂട്ടമാണ് ശുചീകരണത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്ന് ഇവർ പറയുന്നു. ഓരോ വർഷവും ജനങ്ങളുടെ എണ്ണം വർധിക്കുന്നു. അതിനൊപ്പം മാലിന്യവും വർധിക്കുകയാണ്. പരിപാടി കഴിഞ്ഞയുടൻ ജനങ്ങൾ ഇവിടം വിട്ടുപോകുന്നതാണ് രീതി. ജനങ്ങൾ ഒഴിയുന്നതിന് മുമ്പ് തന്നെ ഇവരുടെ ശുചീകരണവും തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.