റാക് പവിഴ ദ്വീപുകള്‍ ഒരുങ്ങി
text_fieldsറാസല്‍ഖൈമ: കരിമരുന്ന് വര്ണവിസ്മയത്തിലൂടെ അതുല്യ നിമിഷങ്ങള്‍ സമ്മാനിക്കുന്ന പുതുവര്‍ഷ വരവേല്പിനൊരുങ്ങി റാസല്‍ഖൈമയിലെ പവിഴ ദ്വീപുകള്‍. റാക് അല്‍ മര്‍ജാന്‍ ഐലന്റില്‍ ചൊവ്വാഴ്ച വൈകീട്ട് നാലിന് തുടങ്ങുന്ന വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ ബുധനാഴ്ച പുലര്‍ച്ച 12ന് 15 മിനിറ്റ് നീളുന്ന കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രകടനത്തിലാണ് പര്യവസാനിക്കുക. മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഗിന്നസ് നേട്ട പുതുവത്സര ആഘോഷത്തിനാണ് റാസല്‍ഖൈമ സാക്ഷ്യം വഹിക്കുക.
പൈറോഡ്രോണുകള്‍, നാനോ ലൈറ്റുകള്‍, ഇലക്ട്രോണിക് ബീറ്റുകളില് കോറിയോഗ്രാഫ് ചെയ്ത ആകൃതികളില്‍ പെയ്തിറങ്ങുന്ന വര്ണങ്ങളിലാകും റാസല്‍ഖൈമയിലെ ഗിന്നസ് റെക്കോഡ് പൈറോടെക്നിക് വെടിക്കെട്ട്. അല്‍ മര്‍ജാന്‍ ഐലന്റിനും അല്‍ഹംറ വില്ലേജിനും ഇടയിലുള്ള കടല്‍തീരത്ത് 4.7 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പൈറോ മ്യൂസിക്കല്‍ ഡിസ്പ്ലേകള്ക്കൊപ്പമുള്ള കരിമരുന്ന് വിരുന്ന് നടക്കുന്നത്.
ലേസര്‍ ഡ്രോണ്‍-ക്രിയേറ്റിവ് സാങ്കേതിക വിദ്യ സംയോജനത്തിലൂടെ റാസല്‍ഖൈമയുടെ പ്രകൃതിയും പൈതൃകവും സംസ്കാരവും പ്രതീകാത്മക ചിഹ്നങ്ങളും കാണികള്‍ക്ക് മുന്നിലെത്തും. ഇവിടെയുള്ള വിശാലമായ നദീതട പ്രദേശം, ഫെസ്റ്റിവല്‍ ഗ്രൗണ്ടുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് സന്ദര്‍ശകര്‍ക്ക് വെടിക്കെട്ട് പ്രകടനം ആസ്വദിക്കാം.
സുരക്ഷിതമായ ആഘോഷത്തിന് സുസജ്ജമായ സംവിധാനങ്ങളാണ് റാക് പൊലീസ് ഒരുക്കിയിട്ടുള്ളത്. ജെയ്സ്, യാനസ്, ജുല്‍ഫാര്‍, അല്‍റംസ്, ദായ എന്നിങ്ങനെ അഞ്ച് മേഖലകളിലായി 28,000ത്തോളം വാഹനങ്ങളെ ഉള്‍ക്കൊള്ളുന്ന സൗജന്യ വാഹന പാര്‍ക്കിങ് സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
സാധാരണ വാഹന നിയമങ്ങള്‍ക്ക് പുറമെ ഈ മേഖലകളില്‍ സ്ഥാപിച്ചിട്ടുള്ള സൂചികകളും മാര്‍ഗനിര്‍ദേശങ്ങളും വാഹന ഉപഭോക്താക്കള്‍ പിന്തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ആഘോഷ പരിപാടികളുടെ ഭാഗമായി റാസല്‍ഖൈമയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഗതാഗത ക്രമീകരണങ്ങള്‍ നാളെ രാവിലെ 10 മണി മുതല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. സുരക്ഷിതമായ ആഘോഷത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം അധികൃതര്‍ ആവശ്യപ്പെട്ടു.
സന്ദര്‍ശകരുടെ ഏതാവശ്യങ്ങള്‍ക്കും റാക് പൊലീസും വിവിധ വകുപ്പുകളും മുഴുസമയവും പ്രവര്‍ത്തന സജ്ജമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.