ഉജ്ജ്വല വരവേൽപൊരുക്കി റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: റാക് അല്‍ ജസീറ അല്‍ ഹംറ മേഖലയിൽ തുടങ്ങി യാനസ് മലനിര വരെ തമ്പടിച്ച ജനസഞ്ചയത്തെ സാക്ഷിനിര്‍ത്തി ഇരട്ട ഗിന്നസ് നേട്ട കരിമരുന്ന് പ്രകടനത്തോടെ പുതുവര്‍ഷത്തെ വരവേറ്റ് റാസല്‍ഖൈമ. 2018ന്റെ പുതുവര്‍ഷരാവില്‍ ജപ്പാന്റെ റെക്കോഡ് തകര്‍ത്ത് കരിമരുന്ന് പ്രകടനത്തില്‍ ലോക റെക്കോഡിട്ട റാസല്‍ഖൈമ, തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഗിന്നസ് തേരിലേറുന്നത്.
എട്ടു മിനിറ്റ് ദൈര്‍ഘ്യമേറിയ വെടിക്കെട്ടില്‍ 5.8 കിലോമീറ്റര്‍ നീളമുള്ള ‘അക്വാറ്റിക് ഫ്ലോട്ടിങ് പടക്കങ്ങളുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ശൃംഖല’യും രണ്ടു കി.മീറ്റര്‍ നീളമുള്ള ‘ദൈര്‍ഘ്യമേറിയ നേര്‍രേഖ ഡ്രോണുകളുടെ പ്രദര്‍ശന’വുമാണ് റാസല്‍ഖൈമക്ക് ഇരട്ട ഗിന്നസ് നേട്ടം സമ്മാനിച്ചത്. 1050 എല്‍.ഇ.ഡി ഡ്രോണുകള്‍, അക്വാട്ടിക് ഫ്ലോട്ടിങ് പടക്കങ്ങളുടെ കാര്‍പെറ്റ്, റാസല്‍ഖൈമയുടെ അതുല്യ പ്രകൃതിയെ ഉള്‍ക്കൊള്ളുന്ന മരുഭൂമി, കടല്‍, മലകള്‍ എന്നിവയിലൂടെ അക്രോബാറ്റിക് പൈറോ പ്ലെയിനുകളുടെ പ്രദര്‍ശനം തുടങ്ങിയവ നൂതന സാങ്കേതികവിദ്യകളിലൂടെ ദൃശ്യവിസ്മയം തീര്‍ത്തത് കുടുംബങ്ങളും സുഹൃദ് കൂട്ടങ്ങളുമായെത്തിയ ആയിരങ്ങള്‍ക്ക് അവിസ്മരണീയ മുഹൂര്‍ത്തം സമ്മാനിച്ചു.
സന്ദര്‍ശകരുടെ മനംനിറച്ചാണ് അല്‍ മര്‍ജാന്‍ ഐലൻഡിലെ ആഘോഷപരിപാടികള്‍ക്ക് പരിസമാപ്തിയായത്. ഇതര എമിറേറ്റുകളില്‍നിന്നും വിവിധ രാജ്യങ്ങളില്‍നിന്നുള്ളവരും പുതുവര്‍ഷത്തെ വരവേല്ക്കാനെത്തിയിരുന്നു. വൈകിയെത്തിയവരില് പലരും വാഹനങ്ങള്‍ വഴിയില്‍ പാര്‍ക്ക് ചെയ്ത് കി.മീറ്ററുകള്‍ നടന്നാണ് ആഘോഷസ്ഥലത്തെത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ കുടുംബവുമായെത്തിയവര്‍ ടെന്റുകളും ഭക്ഷണവും കരുതിയാണ് ഇരിപ്പുറപ്പിച്ചത്.
2023ന്റെ അവസാന സെക്കൻഡും പെയ്തൊഴിഞ്ഞപ്പോള് മാസ്മരിക സംഗീതത്തിന്റെ ഉഗ്രശബ്ദത്തിനൊപ്പം വാനില്‍ വിടര്‍ന്ന വര്‍ണങ്ങളുടെ മായക്കാഴ്ചയില്‍ ജനസഞ്ചയവും പങ്കുചേര്‍ന്നു. പവിഴദ്വീപില്നിന്നും ഒരു കിലോമീറ്റര്‍ ദൂരെ കടലില്‍ ഗുണ്ടുകള്‍ സ്ഥാപിച്ചാണ് ഗിന്നസ് നേട്ടം റാസല്‍ഖൈമ എത്തിപ്പിടിച്ചത്. വിജയകരവും സുരക്ഷിതവുമായ ആഘോഷത്തിന് റാക് ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പൊലീസ് പട്രോള്‍ വിഭാഗവും രാപ്പകല്‍ പ്രവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.