പുതുവര്‍ഷം: റാസല്‍ഖൈമയില്‍ വിപുലമായ ആഘോഷങ്ങൾ
text_fieldsറാസല്‍ഖൈമ: മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഗിന്നസ് തേരിലേറുന്ന വെടിക്കെട്ടുൾപ്പെടെ പുതുവര്‍ഷ തലേന്ന് വിപുലമായ ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ച് റാസല്‍ഖൈമ. അല്‍ മര്‍ജാന്‍ ദ്വീപിനും അല്‍ഹംറ വില്ലേജിനുമിടയിലുള്ള വിശാലമായ നദീതട പ്രദേശം, ഫെസ്റ്റിവല്‍ ഗ്രൗണ്ടുകള്‍, ധായ, ജെയ്സ്, യാനാസ്, റംസ് തുടങ്ങിയ പാര്‍ക്കിങ് സോണുകള്‍ തുടങ്ങിയയിടങ്ങളില്‍ തമ്പടിച്ച് സന്ദര്‍ശകര്‍ക്ക് സൗജന്യമായി കരിമരുന്ന് വിരുന്ന് ആസ്വദിക്കാം.
മുക്താര്‍, ഫഹ്മില്‍ ഖാന് തുടങ്ങി പ്രശസ്തരുടെ നേതൃത്വത്തില്‍ അറബിക്-ബോളിവുഡ് സംഗീത വിരുന്ന് പുതുവര്‍ഷ തലേന്ന് നടക്കും. അല്‍റംസ് പാര്‍ക്കിങ് സോണില്‍ ബാര്‍ബിക്യു ക്യാമ്പിങ് അനുവദിക്കും.
ഇവിടെ കരി കത്തിക്കുന്നതിനുള്ള സൗകര്യവും മാലിന്യ സഞ്ചികളും സജ്ജീകരിക്കും. നിശ്ചിതയിടത്ത് മാത്രമാണ് ബാര്‍ബിക്യുവിന് അനുമതി. ഈ മേഖല കുടുംബ സൗഹൃദമായിരിക്കും. മുന്‍കൂട്ടി വാഹനം ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
കാരവനുകള്‍ കൊണ്ടുവരുന്നവര്‍ക്ക് ഫെസ്റ്റിവല്‍ ഗ്രൗണ്ടിന് എതിര്‍വശത്ത് സജ്ജീകരിക്കുന്ന ദയ പാര്‍ക്കിങ് സോണും ടെന്റ് ക്യാമ്പിങ് തിരഞ്ഞെടുക്കുന്നവര്‍ക്ക് അല്‍റംസ് പാര്‍ക്കിങ് സോണും ഉപയോഗപ്പെടുത്താം. സുഗമമായ പ്രവേശനത്തിനും പുറത്തുകടക്കലിനും വാഹനങ്ങളുടെ മുന്‍കൂര്‍ രജിസ്ട്രേഷന് നിര്‍ബന്ധമാണ്. എല്ലാ സോണില്‍ നിന്നും ഇവന്റ് മേഖലയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നതിന് സൗകര്യമുണ്ടായിരിക്കും.
കഴിഞ്ഞ നാല് വര്‍ഷങ്ങളിലും ഗിന്നസ് നേട്ട കരിമരുന്ന് വിരുന്നൊരുക്കിയാണ് റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേറ്റത്. പൈറോഡ്രോണുകള്‍, നാനോ ലൈറ്റുകള്‍, ഇലക്ട്രോണിക് ബീറ്റുകളില് കോറിയോഗ്രാഫ് ചെയ്ത നിറങ്ങളും ആകൃതികളും ഉള്‍ക്കൊള്ളുന്ന ഗിന്നസ് റെക്കോഡ് പൈറോടെക്നിക് വെടിക്കെട്ട് പ്രകടനത്തോടെയാകും ഇക്കുറിയും റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേല്‍ക്കുക.
പവിഴ ദ്വീപുകള്‍ക്കും അല്‍ഹംറ വില്ലേജിനും ഇടയിലുള്ള കടല്‍തീരത്ത് 4.7 കിലോമീറ്ററില്‍ സന്ദര്‍ശകര്‍ക്ക് പൈറോ മ്യൂസിക്കല്‍ ഡിസ്പ്ലേകള്‍ക്കൊപ്പം വെടിക്കെട്ടും ആസ്വദിക്കാനാകും.
മുന്‍വര്‍ഷത്തെ മറികടക്കുന്ന പ്രകടനത്തോടെയാകും റാസല്‍ഖൈമ 2025നെ വരവേല്‍ക്കുകയെന്ന് റാക് വിനോദ വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റി, ആഭ്യന്തര-ആരോഗ്യ മന്ത്രാലയങ്ങള്‍, പബ്ലിക് വര്‍ക്സ് തുടങ്ങി വിവിധ വകുപ്പുകളും സ്ഥാപനങ്ങളുമായി സഹകരിച്ച് സുരക്ഷിതമായ ആഘോഷ പരിപാടികളാണ് റാസല്‍ഖൈമയില്‍ നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.