പുതുവത്സരാഘോഷം: പൊതുഗതാഗതം ഉപയോഗിച്ചത് 16 ലക്ഷത്തിലേറെ പേർ
text_fieldsദുബൈ: പുതുവത്സരാഘോഷ തലേന്ന് ദുബൈയിലെ പൊതുഗതാഗതം 16 ലക്ഷത്തിലേറെ പേർ ഉപയോഗിച്ചതായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അധികൃതർ അറിയിച്ചു. മെട്രോ, ബസ് സർവിസുകൾ, ടാക്സികൾ എന്നിവ ഉപയോഗപ്പെടുത്തിയവരാണ് ഇത്രയും ആളുകൾ. 6,40,175 യാത്രക്കാർ ദുബൈ മെട്രോയും 83,7331 ആളുകൾ പൊതു ബസുകളും ഉപയോഗിച്ചതായി ആർ.ടി.എ വെളിപ്പെടുത്തി.
34,672പേരാണ് ദുബൈ ട്രാം ഉപയോഗിച്ചത്. അമ്പതിനായിരത്തിലേറെ പേർ വിവിധ സമുദ്ര ഗതാഗത സംവിധാനങ്ങളും യാത്രക്കായി ഉപയോഗപ്പെടുത്തി. 4,76,831 യാത്രക്കാർ ടാക്സികളും ആയിരത്തിലേറെ പേർ ഷെയർ ചെയ്തുള്ള ടാക്സി സേവനങ്ങളിലും യാത്ര ചെയ്തു.
നവവത്സരാഘോഷ ദിനത്തിന് മുന്നോടിയായി വിപുലമായ മുന്നൊരുക്കം ആർ.ടി.എ നടത്തിയിരുന്നു.
ഏറ്റവും മികച്ച സേവനം ഉപയോക്താക്കൾക്ക് ഉറപ്പുവരുത്താനായി ടാക്സി, ബസ് സർവിസുകൾ വർധിപ്പിച്ചിരുന്നു. പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ കോവിഡ് നിയന്ത്രണം പൂർണമായും പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും ആർ.ടി.എ ആവശ്യപ്പെട്ടിരുന്നു.
മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ പുതുവത്സര ദിനത്തിൽ മുഴുസമയം പ്രവർത്തിച്ചു. വെള്ളിയാഴ്ച രാവിലെ എട്ടിന് തുടങ്ങിയ മെട്രോ സർവിസ് ജനുവരി രണ്ട് പുലർച്ചെ 2.15വരെ തുടർച്ചയായി യാത്രക്ക് സൗകര്യം ചെയ്തിരുന്നു. ഗോൾഡ് സൂഖ് അടക്കമുള്ള പ്രധാന ബസ് സ്റ്റേഷനുകളെല്ലാം രാവിലെ 4.50 മുതൽ പുലർച്ചെ 1.22വരെ സേവനങ്ങളുമായി സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.