പുതുവത്സരാഘോഷം: ദുബൈ മുനിസിപ്പാലിറ്റി നീക്കിയത് 15 ടൺ മാലിന്യം
text_fieldsദുബൈ: പുതുവത്സരാഘോഷം നടന്ന ദുബൈയിലെ പ്രധാന സൈറ്റുകളിൽനിന്ന് ദുബൈ മുനിസിപ്പാലിറ്റി നീക്കം ചെയ്തത് 15 ടൺ മാലിന്യം. പുതുവത്സരാഘോഷത്തിന് തൊട്ടുപിന്നാലെ ആയിരത്തോളം പേരെ ഉപയോഗിച്ചാണ് ഇത്രയധികം മാലിന്യങ്ങൾ നീക്കിയത്.
ബുർജ് ഖലീഫ, പൊതു ബീച്ചുകൾ, ശൈഖ് സായിദ് റോഡ്, എക്സ്പോ സ്ട്രീറ്റ്, ബിസിനസ് ബേ സ്ട്രീറ്റ്, അൽ ഖൈൽ സ്ട്രീറ്റ്, ദുബൈ ഫ്രെയിം, അൽ സീഫ് സ്ട്രീറ്റ് തുടങ്ങിയ ഭാഗത്തായിരുന്നു മുനിസിപ്പാലിറ്റിയുടെ ശുചീകരണ യജ്ഞം. അൽ ഖുദ്ര ലേക്ക്, ലൗ ലേക്ക് എന്നിവയുടെ സമീപത്തെയും മാലിന്യ നീക്കി. ആഘോഷം നടന്ന സ്ഥലങ്ങൾക്കുള്ളിലും പുറത്തുമായി 200ഓളം ഇൻസ്പക്ടർമാരെ നിയോഗിച്ചിരുന്നു. 23 സൈറ്റുകളിലായി 272 ചതുരശ്ര കിലോമീറ്ററിൽ ശുചീകരണ പ്രവർത്തനങ്ങളും സന്ദർശനവും നടന്നു.
ഷോപ്പിങ് മാൾ, പരിപാടികൾ നടക്കുന്ന പ്രദേശങ്ങൾ, ഭക്ഷണ ശാലകൾ, ശീശ കഫേ, പാർക്ക്, ബീച്ച് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഉദ്യോഗസ്ഥർ എത്തി. മുനിസിപ്പാലിറ്റിയുടെ 605 ശുചീകരണ തൊഴിലാളികൾ, 62 ജീവനക്കാർ, സ്വകാര്യ കമ്പനികളിൽ നിന്നുള്ള 341 വൊളന്‍റിയർമാർ, തൊഴിലാളികൾ എന്നിവർ ചേർന്നാണ് മാലിന്യം നീക്കിയത്. മാലിന്യം കുന്നുകൂടിയതായി 13 പരാതികൾ മുനിസിപ്പാലിറ്റിക്ക് ലഭിച്ചിരുന്നു.
വിവിധ വലിപ്പത്തിലുള്ള 109 വേസ്റ്റ് കണ്ടെയ്നറുകൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്നു. ശുചീകരണ പ്രവൃത്തികൾക്കായി 61 വാഹനങ്ങൾ ഉപയോഗിച്ചതായും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.