പുതുവത്സരാഘോഷം; ഷാർജയിൽ കരിമരുന്ന് പ്രയോഗവും ക്യാമ്പിങും
text_fieldsഷാർജ: പുതുവത്സരാഘോഷത്തിന് വിവിധ വിനോദ പരിപാടികളൊരുക്കി ഷാർജ. കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാനാവുന്നവിധം സാഹസികതയും രുചിമേളങ്ങളും സമ്മേളിക്കുന്ന വിവിധ പരിപാടികളാണ് ഷാർജ നിക്ഷേപവികസന വകുപ്പിന്റെ (ശുറൂഖ്) കീഴിലുള്ള കേന്ദ്രങ്ങളിൽ ഒരുക്കിയത്. പത്താം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഗംഭീര പരിപാടികളാണ് ഷാർജ നിവാസികളുടെയും രുചിപ്രേമികളുടെയും പ്രിയപ്പെട്ട അൽമജാസ് വാട്ടർഫ്രണ്ടിൽ ഇത്തവണയൊരുങ്ങുന്നത്. പത്തുമിനിറ്റോളം നീണ്ട വർണാഭമായ കരിമരുന്ന് പ്രയോഗത്തോടൊപ്പം പ്രത്യേക ഫ്ലൈബോർഡ് പ്രകടനവും സംഗീതപരിപാടികളും ഖാലിദ് തടാകക്കരയിലെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. വൈകീട്ട് 7.45ന് തുടങ്ങുന്ന പരിപാടികളോടൊപ്പം റസ്റ്റാറന്റുകളിലെ വേറിട്ട രുചികൾ ആസ്വദിക്കാൻ സൗകര്യവുമുണ്ടാകും. ആയിരക്കണക്കിന് സന്ദർശകർ ഒരുമിച്ചുകൂടുന്ന ഷാർജ നഗരമധ്യത്തിലുള്ള കോർണിഷിലെ പുതുവത്സരാഘോഷം കാണാൻ മലയാളികളടക്കം കുടുംബങ്ങൾ കൂട്ടമായി എത്താറുണ്ട്. കുട്ടികൾക്കുള്ള കളിയിടങ്ങളും ജോഗിങ് ട്രാക്കും ഫുട്ബോൾ ഗ്രൗണ്ടും പാർക്കുമടക്കം വിവിധ സംവിധാനങ്ങൾ ഇവിടെയുണ്ട്.
അൽനൂർ ദ്വീപിൽ ഡിന്നർ വിരുന്ന്...
നഗരത്തിന്റെ തിരക്കും ബഹളവുമൊന്നുമില്ലാതെ അൽമജാസിലെ നിറപ്പകിട്ടാർന്ന പുതുവത്സരാഘോഷവും ഷാർജ നഗരത്തിന്റെ നിറങ്ങളുമാസ്വദിക്കാൻ താൽപര്യമുള്ളവർക്കായി ഡിന്നർ വിരുന്നൊരുക്കുകയാണ് ഖാലിദ് തടാകത്തിലെ അൽനൂർ ഐലൻഡ്.
പ്രകൃതിഭംഗി നിറഞ്ഞ ദ്വീപ് കാഴ്ചകളാസ്വദിച്ച് നടക്കുന്നതോടൊപ്പം ടെലിസ്കോപ്പിലൂടെ ആകാശക്കാഴ്ചകളറിയാനുള്ള അവസരവും ഈ പാക്കേജിലുണ്ട്.
വൈകീട്ട് ഒമ്പതുമുതൽ പുലർച്ച ഒന്നുവരെ നീളുന്ന രീതിയിലാണ് ക്രമീകരണം.
ഖോർഫക്കാൻ ബീച്ചിൽ ആഘോഷരാവ്
ഷാർജ നഗരത്തിലെന്നപോലെ കിഴക്കൻ തീരത്തെ ആകാശത്തും പുതുവത്സരാഘോഷരാവിൽ നിറങ്ങൾ പടരും.
ഖോർഫക്കാൻ ബീച്ചിൽ പത്തുമിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗമാണ് ഒരുങ്ങുന്നത്. കുട്ടികൾക്കും കുടുംബങ്ങൾക്കും ആഘോഷരാവിൽ കൂടുതൽ ഹരം പകരാൻ പ്രത്യേക എൽ.ഇ.ഡി ഷോ, ബബിൾ ഷോ എന്നിവയും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു.
മരുഭൂമിയിൽ ക്യാമ്പിങ്
വേറിട്ടൊരു പുതുവത്സര ക്യാമ്പിങ് അനുഭവമാണ് മെലീഹ ആർക്കിയോളജി സെന്റർ ഒരുക്കുന്നത്. പരമ്പരാഗത തനോറ നൃത്തം, ഫയർ ഡാൻസ്, ഊദ് പ്രകടനമെന്നിങ്ങനെ ക്യാമ്പിന് ആവേശം പകരുന്ന തത്സമയ പ്രകടനങ്ങളുണ്ടാവും. മനോഹരമായ മെലീഹയിലെ മരുഭൂമിയിൽ പ്രത്യേകം തയാറാക്കിയ ടെന്റുകളിൽ രാത്രി മുഴുവൻ തങ്ങുന്ന വിധത്തിലാണ് ക്യാമ്പിന്റെ ക്രമീകരണം. പരിശീലകരോടൊപ്പം ടെലിസ്കോപ്പിലൂടെ വാനനിരീക്ഷണം നടത്താനും ചരിത്രക്കാഴ്ചകളടങ്ങിയ മ്യൂസിയം സന്ദർശിക്കാനും അവസരമുണ്ടാവും. ഡിസംബർ 31ന് വൈകീട്ട് ആറിന് ആരംഭിച്ച് അടുത്ത ദിവസം പുലർച്ച എട്ടിന് അവസാനിക്കുന്ന പാക്കേജിൽ ഡിന്നറും ബ്രേക്ക്ഫാസ്റ്റും ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.