പുതുവത്സരാഘോഷം; ദുബൈയിൽ 30 സ്ഥലങ്ങളിൽ വെടിക്കെട്ട്
text_fieldsദുബൈ: പുതുവർഷത്തെ ഏറ്റവും ഗംഭീരമായി സ്വീകരിക്കാൻ ഒരുങ്ങിക്കഴിഞ്ഞ ദുബൈയിൽ ഇത്തവണ 30 സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗം. ഇതിനുപുറമെ കുടുംബങ്ങൾക്കും കുട്ടികൾക്കും അടക്കം ആസ്വദിക്കാനായി നിരവധി സംഗീത പരിപാടികളും ഡ്രോൺ ഷോകളും ഒരുക്കിയിട്ടുണ്ട്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പരിപാടികളും കൂടിച്ചേരുമ്പോൾ മുൻവർഷങ്ങളേക്കാൾ വിപുലമായ സൗകര്യങ്ങളാണ് പുതുവത്സരാഘോഷത്തിനായി ഇത്തവണ ഒരുങ്ങുന്നത്. നഗരത്തിലുടനീളം വിനോദസഞ്ചാര കേന്ദ്രങ്ങളും പൊതു ഇടങ്ങളും പ്രശസ്തമായ ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് കരിമരുന്ന് പ്രയോഗങ്ങൾ നടക്കുക.
സമയം അർധരാത്രി പിന്നിട്ട് പുതുവർഷം പിറക്കുമ്പോൾ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ് അണിയറയിൽ ഒരുക്കുന്നത്. കൂടാതെ, ദുബൈ ഫ്രെയിം, ബ്ലൂവാട്ടേഴ്സ്, ദി ബീച്ച്, ജെ.ബി.ആർ, ബുർജ് അൽ അറബ് എന്നിവയുൾപ്പെടെ മറ്റ് പ്രധാന ലാൻഡ്മാർക്കുകളിലും വർണമനോഹരമായ പ്രദർശനങ്ങളുണ്ടാകും. അറ്റ്ലാന്റിസ് ദ പാം, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് ഗോൾഫ് ആൻഡ് കൺട്രി ക്ലബ്, എമിറേറ്റ്സ് ഗോൾഫ് ക്ലബ്, മോണ്ട്ഗോമറി ഗോൾഫ് ക്ലബ് ദുബൈ, അറേബ്യൻ റാഞ്ചസ് ഗോൾഫ് ക്ലബ്, ടോപ്ഗോൾഫ് ദുബൈ എന്നിവയും നിരവധി പരിപാടികൾ ഒരുക്കുന്നുണ്ട്.
കുടുംബങ്ങൾക്ക് യോജിച്ച സൗകര്യങ്ങളുമായി ദുബൈ ക്രീക്ക്, അൽ സീഫ്, ഗ്ലോബൽ വില്ലേജ്, ദുബൈ പാർക്ക്സ് ആൻഡ് റിസോർട്ട്സ്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ, ടൗൺ സ്ക്വയർ തുടങ്ങിയ സ്ഥലങ്ങളിലും വെടിക്കെട്ടുകൾ അരങ്ങേറും.
ഡ്രോൺ ഷോ എട്ടുമണി മുതൽ
ബ്ലൂവാട്ടേഴ്സ്, ദി ബീച്ച്, ജെ.ബി.ആർ എന്നിവിടങ്ങളിൽ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായ ഡ്രോണുകളുടെ ലൈറ്റ് ഷോ രാത്രി എട്ടുമണിക്കും 11 മണിക്കും ഇടയിലുള്ള സമയത്ത് ആസ്വദിക്കാനാവും. നൂറുകണക്കിന് ഡ്രോണുകൾ ഒരുമിച്ച് ഉപയോഗപ്പെടുത്തുന്ന പ്രദർശനം സൗജന്യമായി ആസ്വദിക്കാം.
വിവിധ സന്ദേശങ്ങളും വാക്യങ്ങളുമൊക്കെയാണ് ഡ്രോണുകൾ ആകാശത്ത് വരക്കുക. സിറ്റി വാക്ക്-2, ദി പോയന്റ് നഖീൽ മാൾ, ദുബൈ ഡിസൈൻ ഡിസ്ട്രിക്ട് എന്നിവിടങ്ങളിൽ കലാപരമായ ലൈറ്റ് ഇൻസ്റ്റാളേഷനുകളും ആസ്വദിക്കാനാവും.
സംഗീത പരിപാടികൾ
ആസ്ട്രേലിയയിലെ പ്രശസ്ത ഗായകനായ കൈലി മിനോഗ് അറ്റ്ലാന്റിസ് ദി പാമിൽ സംഗീത പരിപാടിക്ക് നേതൃത്വം നൽകുന്നതാണ് ഇത്തവണത്തെ പുതുവത്സര ദിനത്തിലെ ഹൈലൈറ്റ്.
നിരവധി അവാർഡുകൾ നേടിയ കലാകാരനായ എൻറിക് ഇഗ്ലേഷ്യസ് ട്രെൻഡി ബീച്ച് സ്ഥലമായ നാമോസിൽ പരിപാടി അവതരിപ്പിക്കുന്നുണ്ട്. പോപ്പ് സംഗീതജ്ഞ നദ അൽ-ഖല, ഹിറ്റ് മേക്കർ താഹ സുലിമാൻ, മൊറോക്കോ പോപ്പ് ബാൻഡ് മാർസിംബ എന്നിവരും പരിപാടി അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.