അബൂദബി വിമാനത്താവള റൺവേയിൽ പുതിയ വെളിച്ച സംവിധാനം
text_fieldsഅബൂദബി: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിൽ അത്യാധുനിക വെളിച്ച സംവിധാനം ഏർപ്പെടുത്തി.ഗൾഫ് മേഖലയിലെ ഏറ്റവും ആധുനികമായ സംവിധാനമാണ് അബൂദബി വിമാനത്താവളത്തിൽ അവതരിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ ഇറങ്ങുന്ന വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ പതിന്മടങ്ങ് വർധിപ്പിക്കാൻ സഹായിക്കുന്നതാണ് റൺവേയിലെ പുതിയ വെളിച്ച സംവിധാനം. ഏത് പ്രതികൂല കാലാവസ്ഥയിലും വിമാനങ്ങളുടെ ലാൻഡിങും ടാക്സിയിങ്ങും എളുപ്പമാക്കുന്ന എ-എ-എസ്.എം.ജി.സി.എസ് ലെവൽ ഫോർ സംവിധാനമാണ് അബൂദബിയിൽ അതരിപ്പിച്ചിരിക്കുന്നത്.
ലാൻഡ് ചെയ്ത വിമാനങ്ങളെ അവക്ക് അനുവദിച്ച മേഖലയിലേക്ക് വേഗത്തിൽ എത്തിക്കുന്ന സമയം ലാഭിക്കാൻ പുതിയ സംവിധാനത്തിന് കഴിയും. മൂടൽമഞ്ഞ്, മഴ, പൊടിക്കാറ്റ് തുടങ്ങി ദൂരക്കാഴ്ച കുറയുന്ന സാഹചര്യങ്ങളിലെല്ലാം വിമാനം തിരിച്ചുവിടുന്നത് ഒഴിവാക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയുമെന്ന് അബൂദബി വിമാനത്താവളം അധികൃതർ പറഞ്ഞു. ഫോളോ ദി ഗ്രീൻ ലൈറ്റ് എന്ന പേരിൽ ഓരോ വിമാനത്തെയും പ്രത്യേകം അനുവദിച്ച സ്ഥലത്തേക്ക് നയിക്കുന്ന സൗകര്യവും പുതിയ സംവിധാനത്തിന്റെ ഭാഗമാണ്. എ.ഡി.ബി സേഫ്ഗേറ്റ് എന്ന സ്ഥാപനമാണ് ഈ സാങ്കേതികവിദ്യ അബൂദബി വിമാനത്താവളത്തിൽ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.