അടുത്ത വർഷത്തെ ബജറ്റ്; കമ്മിറ്റി യോഗം ചേർന്നു
text_fieldsദുബൈ: 2023ലെ ഫെഡറൽ ബജറ്റിന്‍റെ കരട് ചർച്ച ചെയ്യാൻ യു.എ.ഇ ജനറൽ ബജറ്റ് കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേർന്നു. യു.എ.ഇ ഉപ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. സമിതിയുടെ ഏഴാമത്തെ യോഗത്തിൽ 2022-23 സാമ്പത്തിക വർഷത്തിലെ ഫെഡറൽ പണമൊഴുക്ക് ഉൾപ്പെടെ നിരവധി വിഷയങ്ങൾ ചർച്ചയായി. ചെലവുകളും പ്രതീക്ഷിക്കുന്ന വരുമാനവും കണക്കിലെടുത്താണ് അടുത്ത വർഷത്തെ ബജറ്റിനെക്കുറിച്ച വിലയിരുത്തൽ നടന്നത്. ബജറ്റിന്റെ കരട് തയാറാക്കുന്ന പ്രവർത്തനങ്ങൾ തുടരാൻ യോഗത്തിൽ ധനകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ബജറ്റ് കരട് പൂർത്തിയായ ശേഷം യു.എ.ഇ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുകയാണ് ചെയ്യുക. അധിക ധനസഹായത്തിനായി ഫെഡറൽ സ്ഥാപനങ്ങൾ നൽകിയ അപേക്ഷകൾ സംബന്ധിച്ച് കമ്മിറ്റി അവലോകനം ചെയ്യുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, മറ്റു ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.