പിഴത്തുക സന്നദ്ധ സംഘടന അടച്ചു; ഷാർജയിൽ ഒമ്പതു തടവുകാരെ വിട്ടയച്ചു
text_fieldsഷാർജ: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ അകപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഒമ്പതു തടവുകാരെ ഷാർജ പൊലീസ് വിട്ടയച്ചു. യൂനിഫൈഡ് ജി.സി.സി ഇൻമേറ്റ് വീക്കിനോടനുബന്ധിച്ച് യു.എ.ഇയിലെ സന്നദ്ധ സംഘടനയായ ഫറാജ് ഫണ്ട് തടവുകാരുടെ പിഴത്തുകകൾ അടച്ചതോടെയാണ് മോചനം സാധ്യമായത്. മൊത്തം 2,91,000 ദിർഹമാണ് ഫറാജ് ഫണ്ട് അടച്ചതെന്ന് ഷാർജ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് സാരി അൽ ശംസി പറഞ്ഞു.
ജി.സി.സി ഇൻമേറ്റ് വീക്കിന്റെ ഭാഗമായി ഡിസംബർ 27ന് നടത്തിയ ‘ഓപൺ ഡേ’ പരിപാടിയിൽ ജയിൽമോചിതരായ തടവുകാരും ബന്ധുക്കളും സംഗമിക്കാൻ അവസരമൊരുക്കിയിരുന്നു. വർഷങ്ങളായി ജയിലിലെ ഗ്ലാസ് പാനലിനു പിന്നിൽനിന്ന് മാത്രം ബന്ധുക്കളെ കാണാൻ അവസരം ലഭിച്ചവർക്കാണ് പുതുവത്സരസമ്മാനമായി ഷാർജ പുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ മോചനം സാധ്യമാക്കിയത്. നിരവധി സംരംഭങ്ങൾക്ക് തുടക്കമിട്ട് തടവുകാരുടെ പുനരധിവാസത്തിന് സജീവമായ നീക്കങ്ങളാണ് ഷാർജ പുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിപ്പാർട്മെന്റ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡറക്ടർ ജനറൽ ഓഫ് പൊലീസ് ഓപറേഷൻ ബ്രിഗേഡിയർ അഹമ്മദ് ഹാജി അൽ സർക്കൽ, റിസോഴ്സ് ആൻഡ് സപ്പോർട്ട് സർവിസസ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഇബ്രാഹിം ബിൻ നാസർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.