ഒമ്പതുകാരൻ 'പൊലീസായി', സന്തോഷത്തിൽ മതിമറന്ന് സൗദ്
text_fieldsദുബൈ: നിശ്ചയദാർഢ്യക്കാരനായ സൗദ് മുഹമ്മദ് അൽ അവാദി എന്ന ഒമ്പതുകാരന് പൊലീസ് എന്നാൽ ജീവനാണ്. യൂനിഫോമിട്ട് പൊലീസുകാർ മാർച്ച് ചെയ്യുന്നതും സൂപ്പർ കാറുകളിൽ ചീറിപ്പായുന്നതും കണ്ടാൽ കണ്ണെടുക്കാതെ നോക്കിയിരിക്കും ഇൗ ബാലൻ. പൊലീസുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വിഡിയോകളോ കണ്ടാൽ പിന്നെ അതുമതി സൗദിന് എന്ന് മാതാവ്. സൗദിെൻറ വലിയ ആഗ്രഹങ്ങളിലൊന്ന് പൊലീസാവുകയെന്നതാണ്. പൊലീസ് ആവാൻ കഴിഞ്ഞില്ലെങ്കിലും ദുബൈ പൊലീസിെൻറ സൂപ്പർ കാറിൽ ഒന്നു കറങ്ങണമെന്ന് അതിയായ ആഗ്രഹമായിരുന്നു. അതുകൊണ്ടുതന്നെ ഇന്നലെ സൗദിെൻറ ജീവിതത്തിലെ മറക്കാനാവാത്ത ദിവസമായിരുന്നു.
സൗദിെൻറ ആഗ്രഹത്തെ കുറിച്ച് അറിഞ്ഞ ദുബൈ പൊലീസ്, ആഗ്രഹം പൂർത്തീകരിക്കാനായി സൗദിെന സ്നേഹത്തോടെ ക്ഷണിച്ച ദിവസമായിരുന്നു ഇന്നലെ. അങ്ങനെ യൂനിഫോം ധരിച്ച് സൗദ് ശരിക്കും 'പൊലീസായി' മാറി. താൻ സ്വപ്നം കാണുകയാണോ എന്ന് പലതവണ ശങ്കിച്ചുനിന്ന സൗദ് ദുബൈ പൊലീസിെൻറ സൂപ്പർ കാറിൽ ചീറിപ്പായുകയും ചെയ്തു. സന്തോഷംകൊണ്ടു മതിമറന്ന ബാലൻ ദുബൈ പൊലീസിന് സ്നേഹക്കണ്ണീരോടെ നന്ദി പറഞ്ഞാണ് മടങ്ങിയത്.
ജനറൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറിലെ ടൂറിസം പൊലീസ് വിഭാഗവുമായി സഹകരിച്ചാണ് ദുബൈ പൊലീസ് കുരുന്നു ബാലെൻറ ആഗ്രഹം യാഥാർഥ്യമാക്കിയത്. കുഞ്ഞു സൗദിെൻറ വലിയ ആഗ്രഹം മാതാവാണ് പൊലീസ് വകുപ്പിൽ അറിയിച്ചത്. ദുബൈ പൊലീസ് സ്മാർട്ട് ആപ്പ് വഴി സൗദിെൻറ മാതാവ് മകെൻറ ആഗ്രഹത്തെക്കുറിച്ച് ഒരു സന്ദേശം അയച്ചപ്പോൾ, പൊതുജന സന്തോഷ വകുപ്പ് ഉടൻതന്നെ വളരെ താൽപര്യത്തോടെ പ്രതികരിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിെൻറ ആഗ്രഹ സഫലീകരണത്തിന് പൊലീസ് മുന്നോട്ട് വരുകയായിരുന്നു. ഒരു സമ്പൂർണ പൊലീസ് യൂനിഫോം സൗദിന് വേണ്ടി പ്രത്യേകം തയാറാക്കിയാണ് സൗദിനെയും കുടുംബത്തെയും ദുബൈ പൊലീസ് ക്ഷണിച്ചുവരുത്തിയത്. യൂനിഫോം അണിയിച്ച് ഒരു ദിവസം പൊലീസ് സേനയുടെ ഭാഗമാക്കി മാറ്റുകയും ലാമെർ പ്രദേശത്തുടനീളം ദുബൈ പൊലീസിെൻറ ആഡംബര കാറിൽ പട്രോളിങ്ങിൽ പങ്കെടുപ്പിക്കുകയും ചെയ്താണ് സൗദിെൻറ മുഖത്ത് പൊലീസ് സന്തോഷം വിരിയിച്ചത്.
തെൻറ മകനുവേണ്ടി പൊലീസ് വിനിയോഗിച്ച സമയത്തിനും ആത്മാർഥതക്കും വളരെയധികം നന്ദിയുണ്ടെന്ന് സൗദിെൻറ മാതാവ് പ്രതികരിച്ചു. എല്ലായ്പ്പോഴും ദുബൈ പൊലീസിനെ പ്രശംസിച്ചിരുന്ന, ഒരുദിവസം സേനയുടെ ഭാഗമാവുക എന്ന് ആഗ്രഹിച്ചിരുന്ന സൗദ് ഒരിക്കലും മറക്കാനാവാത്ത ഒാർമകളുമായാണ് വീട്ടിലേക്ക് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.