വായന മാസാചരണം: എൻ.എം.സി മാധ്യമ നയം അവതരിപ്പിച്ചു
text_fieldsഅബൂദബി: വായന മാസാചരണത്തിെൻറ ഭാഗമായും 2026 വരെ നീണ്ടുനിൽക്കുന്ന ദേശീയ വായന നയത്തെ പിന്തുണക്കുന്നതിനും നാഷനൽ മീഡിയ കൗൺസിൽ (എൻ.എം.സി) മാധ്യമനയം അവതരിപ്പിച്ചു. സമൂഹത്തിൽ വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിൽ മാധ്യമമേഖലയുടെ ഇടപെടൽ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് നടപടി.
വായനയെയും പ്രസിദ്ധീകരണ വ്യവസായത്തെയും പിന്തുണക്കുന്നതിന് വേണ്ടി പ്രായത്തിന് അനുസരിച്ച് പ്രസിദ്ധീകരണങ്ങളിലെ ഉള്ളടക്കം തരംതിരിക്കാനുള്ള സംവിധാനം കൊണ്ടുവരുന്നത് അടക്കമുള്ള പദ്ധതികളും നയങ്ങളും രൂപപ്പെടുത്താൻ എൻ.എം.സി പ്രവർത്തനം ആരംഭിച്ചതായി ഡയറക്ടർ ജനറൽ മൻസൂർ ഇബ്റാഹിം ആൽ മൻസൂറി പറഞ്ഞു. ശരിയായ ഉള്ളടക്കം തെരഞ്ഞെടുക്കുന്നതിന് സമൂഹത്തെ സഹായിക്കാൻ വേണ്ടി വിവിധ പ്രായക്കാർക്കുള്ള പുസ്തകങ്ങളെ തരംതിരിക്കുന്നതാണ് സംവിധാനം. വിവിധ സേവനങ്ങളിലൂടെ പ്രസിദ്ധീകരണ വ്യവസായത്തെ എൻ.എം.സി ശാക്തീകരിക്കുകയും ചെയ്യും. വായന മാസാചരണത്തിലെയും ദേശീയ വായന നയത്തിലെയും പരിപാടികളെ പിന്തുണക്കുന്ന വിധം വിവിധ മാധ്യമരൂപങ്ങളെ കൗൺസിൽ ഏകോപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സായിദ് വർഷാചരണം നടക്കുന്നതിനാൽ ഇൗ വർഷത്തെ വായന മാസാചരണത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്ന് മൻസൂർ ഇബ്റാഹിം ആൽ മൻസൂറി അഭിപ്രായപ്പെട്ടു. സമൂഹത്തിൽ വായന പ്രോത്സാഹിപ്പിക്കുന്നതിലും ശാസ്ത്ര അറിവുകൾ ശക്തിപ്പെടുത്തുന്നതിലും രാഷ്ട്ര പിതാവ് ശൈഖ് സായിദ് വലിയ ഉൗന്നൽ കൊടുത്തിരുന്നു. ഇൗ കാഴ്ചപ്പാടാണ് യു.എ.ഇയെ സംസ്കാരത്തിെൻറയും കവിതയുടെയും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിെൻറയും കേന്ദ്രമാക്കി മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാണിജ്യ കേന്ദ്രങ്ങളിലെ ലൈബ്രറികൾ സന്ദർശിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിച്ച് വായന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് മാർച്ചിൽ എൻ.എം.സി നിരവധി പരിപാടികൾ നടത്തുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ച് 2017ൽ സംഘടിപ്പിച്ച ‘റീഡിങ് റഡാർ’ മത്സരത്തിലെ വിജയികളെ കൗൺസിൽ ആദരിക്കും. പ്രസിദ്ധീകരണ മേഖലയിലെ മികച്ച നടപടിക്രമങ്ങൾ മനസ്സിലാക്കുന്നതിന് യു.എ.ഇ പ്രസാധകരുമായി ചേർന്ന് പാരീസ് പുസ്തകോത്സവം പോലുള്ള നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളിൽ എൻ.എം.സി പെങ്കടുക്കും. ദേശീയ പ്രസിദ്ധീകരണ പ്രസ്ഥാനത്തെ ചടുലമാക്കുന്നതിന് കേർണർ ലൈബ്രറികൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും.
വായന മാസാചരണത്തിെൻറ ഭാഗമായി യു.എ.ഇയുടെ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ‘വാം’ വിവിധ മാധ്യമ പരിപാടികൾ സംഘടിപ്പിക്കും. വായന പ്രോത്സാഹിപ്പിക്കുന്നതിന് പ്രശസ്ത പുസ്തകങ്ങളിൽനിന്നുള്ള ഉദ്ധരണികൾ എല്ലാ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പ്രസിദ്ധീകരിക്കുന്ന ‘ക്വാട്ട് ഫ്രം എ ബുക്’ പദ്ധതി ഇതിലുൾപ്പെടും.
യു.എ.ഇയിലെ വായനക്കാർ നേരിടുന്ന വെല്ലുവിളികൾ സമൂഹത്തെ അറിയിക്കുന്നതിന് ‘കൾചറൽ ക്ലിപ്സ്’ പരിപാടി അവതരിപ്പിക്കും. സംസ്കാരത്തെയും വായനയെയും കുറിച്ച് ചർച്ച ചെയ്യാൻ പ്രമുഖ സാംസ്കാരിക വ്യക്തിത്വങ്ങളെ പങ്കടുപ്പിച്ചുള്ള പരിപാടികൾ നടത്തും. കൂടാതെ സമൂഹത്തിൽ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ വായന മാസാചരണത്തിൽ യു.എ.ഇയിലെ ഫെഡറൽ^തദ്ദേശീയ അതോറിറ്റികൾ നടത്തുന്ന പ്രസിദ്ധീകരണ ജോലികൾക്ക് എൻ.എം.സി എല്ലാ വിധ പിന്തുണ നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.