'പച്ച കത്താതെ' നാളെ മുതൽ പ്രവേശനമില്ല
text_fieldsദുബൈ: ആഘോഷ വേളകളിലും പൊതുപരിപാടികളിലും പങ്കെടുക്കണമെങ്കിൽ അൽ ഹൊസൻ ആപ്പിൽ പച്ചനിറം തെളിയണമെന്ന നിബന്ധന അബൂദബിയിൽ ചൊവ്വാഴ്ച മുതൽ നിലവിൽ വരും.
വാക്സിനെടുത്തവർക്കും കോവിഡ് പരിശോധന നടത്തി നെഗറ്റിവാകുന്നവർക്കുമാണ് അൽ ഹൊസൻ ആപ്പിൽ ഗ്രീൻപാസ് നൽകുന്നത്.
ഷോപ്പിങ് മാൾ, വലിയ സൂപ്പർമാർക്കറ്റുകൾ, ഹോട്ടൽ, പൊതുപാർക്ക്, ബീച്ച്, സ്വകാര്യ ബീച്ച്, സ്വിമ്മിങ് പൂൾ, തിയറ്റർ, മ്യൂസിയം, റസ്റ്റാറൻറ്, കഫെ, മറ്റ് വിനോദകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷിതമായി കയറാൻ ഗ്രീൻപാസ് ഉപയോഗിക്കണമെന്ന് ദുരന്ത നിവാരണ സമിതി നേരത്തേ അറിയിച്ചിരുന്നു. 16 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്കാണ് ഇത് ബാധകമാകുക.
ലുലുവിലും ഗ്രീൻപാസുകാർക്ക് മാത്രം പ്രവേശനം
അബൂദബി: ചൊവ്വാഴ്ച മുതൽ അബൂദബിയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഗ്രീൻപാസുള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് പ്രസ്താവനയിൽ അറിയിച്ചു.
കോവിഡ് പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കുന്ന സ്ഥാപനമെന്ന നിലയിൽ എല്ലാവരുടെയും സുരക്ഷക്കാണ് നടപടി.
ഷോപ്പിങ്ങിന് എത്തുന്നവർ പ്രവേശന കവാടത്തിൽ അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിക്കണം. ഉപഭോക്താക്കൾക്ക് വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രവേശിക്കാൻ സുരക്ഷാ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും ലുലു മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ വ്യക്തമാക്കി.
ലുലുവിലെത്തുന്നവർക്ക് സൗജന്യ പി.സി.ആർ ടെസ്റ്റിന് സൗകര്യമൊരുക്കാൻ ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി തയാറാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രീൻപാസ് ലഭിക്കുന്നവർ
1. വാക്സിനേഷൻ പൂർത്തിയായവർ:
രണ്ട് ഡോസ് വാക്സിനും പൂർത്തീകരിച്ച് 28 ദിവസം കഴിഞ്ഞ് പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവായാൽ ഗ്രീൻ പാസ് ലഭിക്കും. 30 ദിവസത്തേക്കാണ് പച്ചനിറം കാണുക
2. രണ്ടാമത്തെ ഡോസ് ലഭിച്ച്
28 ദിവസം തികയാത്തവർ:
പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവായാൽ 14 ദിവസം ഗ്രീൻ പാസ്
3. ആദ്യ ഡോസ് സ്വീകരിച്ചവർ:
രണ്ടാം ഡോസിനായി രജിസ്റ്റർ ചെയ്തവർക്ക് ഏഴ് ദിവസം ഗ്രീൻപാസ് (പി.സി.ആർ ടെസ്റ്റിൽ നെഗറ്റിവാകണം)
4. ആദ്യ ഡോസ് സ്വീകരിച്ചവർ:
രണ്ടാമത്തെ ഡോസിനായി
42 ദിവസത്തിനുശേഷമാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ മൂന്നു ദിവസം പച്ച തെളിയും (പി.സി.ആർ ടെസ്റ്റിൽ നെഗറ്റിവാകണം)
5. വാക്സിനേഷൻ ഇളവുള്ളവർ:
വാക്സിനേഷൻ എടുക്കേണ്ടതില്ല എന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് ഏഴു ദിവസം ഗ്രീൻ പാസ് (പി.സി.ആർ ടെസ്റ്റിൽ നെഗറ്റിവാകണം)
6. വാക്സിൻ സ്വീകരിക്കാത്തവർ:
വാക്സിൻ സ്വീകരിക്കാത്തവർ ഇളവ് സർട്ടിഫിക്കറ്റ് നേടിയില്ലെങ്കിൽ മൂന്നു ദിവസം പച്ചനിറം (പി.സി.ആർ ടെസ്റ്റിൽ നെഗറ്റിവാകണം)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.