അബൂദബിയിലേക്ക് ഇനി കോവിഡ് പരിശോധന വേണ്ട
text_fieldsഅബൂദബി: മറ്റ് എമിറേറ്റുകളില്‍നിന്ന് അബൂദബിയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് ടെസ്റ്റ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഇളവ് ഇന്നുമുതല്‍ നിലവില്‍ വരും. അബൂദബി ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, ദുബൈ ഉൾപ്പെടെയുള്ള എമിറേറ്റുകളിൽനിന്ന് പഴയ രീതിയിൽതന്നെ അബൂദബി എമിറേറ്റിലേക്ക് പ്രവേശിക്കാം.
അതേസമയം, വിവിധ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് സംവിധാനം നിര്‍ബന്ധമായും പാലിക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഇവസംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളും പ്രഖ്യാപിച്ചിരുന്നു. കോവിഡ് നിയന്ത്രണത്തിെൻറ ഭാഗമായി എല്ലാ മേഖലകളിലും സമിതിയുടെ നിരീക്ഷണം തുടരും.
അബൂദബിയിലേക്ക് പ്രവേശിക്കാന്‍ കോവിഡ് പരിശോധന ആവശ്യമില്ലെന്ന തീരുമാനം തലസ്ഥാന നഗരിക്ക് കൂടുതല്‍ ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍. കര്‍ശനമായ നിയന്ത്രണങ്ങള്‍ സാവധാനം കുറച്ചുകൊണ്ടുവരുകയായിരുന്നു. പുതിയ തീരുമാനത്തോടെ, ദുബൈ- അബൂദബി യാത്രികരുടെ എണ്ണം വര്‍ധിക്കുമെന്നും ഇത് വാണിജ്യ-ടൂറിസം മേഖലക്ക് കാര്യമായ ഗുണം ചെയ്യുമെന്നും കരുതുന്നു.
അടുത്തിടെയാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ദുബൈ -അബൂദബി ബസ് സര്‍വിസും ആരംഭിച്ചത്. ഇതോടെ, ജോലി ആവശ്യാര്‍ഥവും മറ്റും ഇരു എമിറേറ്റ്‌സുകളിലേക്കും സ്ഥിരമായി യാത്ര ചെയ്യേണ്ടവര്‍ക്ക് വലിയ നേട്ടമാണുണ്ടായിരിക്കുന്നത്. പുതിയ തീരുമാനങ്ങള്‍ യു.എ.ഇയില്‍ നടക്കുന്ന അന്താരാഷ് ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ കൂടുതല്‍ പങ്കാളിത്തമുണ്ടാക്കാനും വഴിയൊരുക്കും. മറ്റ് എമിറേറ്റിലുള്ളവർക്ക് അബൂദബിയിൽ എത്തി മത്സരം കാണാനുള്ള അവസരമാണ് ഇതോടെ ഒരുങ്ങുന്നത്. ഇന്ന് തുടങ്ങുന്ന ഐ.പി.എല്ലിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിലാണ്. മറ്റു സ്റ്റേഡിയങ്ങളിൽ 200 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. അബൂദബിയിൽ ഇത് 60 ദിർഹമാണ്. ഒപ്പം യു.എ.ഇ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന എക്‌സ്‌പോക്കും മാറ്റുകൂട്ടുമെന്നും വിലയിരുത്തപ്പെടുന്നു. പൊതുജനാരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും രാജ്യത്തിെൻറ സുസ്ഥിരത വീണ്ടെടുക്കുന്നതിനും മുന്നേറുന്നതിനുമുള്ള മുന്‍കരുതലുകള്‍ പാലിക്കാന്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും സന്ദര്‍ശകരോടും അധികൃതര്‍ അഭ്യര്‍ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.