പാർക്കുകളിൽ ഇനി ഇലക്ട്രിക് സ്കൂട്ടറുകൾ വേണ്ട
text_fieldsദുബൈ: ദുബൈയിലെ പൊതു പാർക്കുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പ്രവേശാനുമതി നിഷേധിച്ചു. ഒരു തരം ഇലക്ട്രിക് സ്കൂട്ടറുകളും പൊതു പാർക്കുകളിൽ കയറ്റില്ലെന്നാണ് തീരുമാനം. തലങ്ങും വിലങ്ങും സ്കൂട്ടറുകളുമായി കറങ്ങുന്നത് അപകടങ്ങൾക്കും നിരവധി പരാതികൾക്കുമിടയാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. അപകടങ്ങൾ തടയാൻ ഈ നീക്കം സഹായിക്കുമെന്ന് ദുബൈ മുനിസിപ്പാലിറ്റി ട്വിറ്ററിലൂടെ അറിയിച്ചു.
എന്നാൽ സൈക്കിളിങ് ട്രാക്കുകളുള്ള പാർക്കുകളിൽ സൈക്കിൾ പ്രവേശിപ്പിക്കുന്നത് തടയില്ല. സന്ദർശകർ പാർക്കുകളിലെ സൈക്കിൾ ട്രാക്കുകളിൽ നടക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. 15 കിലോമീറ്ററാണ് സൈക്കിൾ യാത്രക്കാർക്കുള്ള പരമാവധി വേഗ പരിധി. കഴിഞ്ഞ ഒക്ടോബറിലാണ് എമിറേറ്റിൽ ഇ-സ്കൂട്ടറുകൾ അനുവദിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപനം നടത്തിയത്.
നിലവിൽ, ദുബൈയിലെ അഞ്ച് ജില്ലകളിൽ മാത്രമാണ് ഇ-സ്കൂട്ടറുകൾ അനുവദിച്ചിട്ടുള്ളത് - അൽ റിഗ്ഗ, ജുമൈറ ലേക്സ് ടവേഴ്സ്, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്, ദുബൈ ഇൻറർനെറ്റ് സിറ്റി, ഡിസംബർ 2 സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് അനുമതി നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.