വികസനകാര്യത്തിൽ പ്രതിപക്ഷം സർക്കാറിനൊപ്പം -മന്ത്രി പി. രാജീവ്
text_fieldsദുബൈ: വികസനകാര്യത്തിൽ കേരളത്തിലെ പ്രതിപക്ഷം സർക്കാറിനൊപ്പമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ്. രാഷ്ട്രീയ വിയോജിപ്പുകൾ മാത്രമാണ് അവർ പ്രകടിപ്പിക്കുന്നത്. വ്യവസായം തുടങ്ങാൻ എത്തുന്നവരെ സർക്കാർ സംശയത്തോടെ കാണുന്നതിനു പകരം വിശ്വാസത്തോടെ കാണുന്ന രീതിയിലേക്ക് മാറിയെന്നും മന്ത്രി ദുബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സഭയിൽ പോലും വികസനകാര്യങ്ങളിൽ പ്രതിപക്ഷം സർക്കാറിനെ പിന്തുണക്കാറുണ്ട്. കേരളം നിക്ഷേപസൗഹൃദമല്ല എന്ന വാദങ്ങളെ സർക്കാറിനൊപ്പംനിന്നാണ് പ്രതിപക്ഷം എതിർത്തത്. രാഷ്ട്രീയ താൽപര്യങ്ങളുള്ള ചില സംഭവങ്ങളിൽ മാത്രമാണ് പ്രതിപക്ഷം എതിർപ്പുമായി വരുന്നതെന്ന് മന്ത്രി പറഞ്ഞു. ദുബൈ എക്സ്പോയിലെ കേരളവാരത്തിന്റെ ഭാഗമായി കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയായിരുന്നു മന്ത്രി.
ഭക്ഷ്യസംസ്കരണം, ലോജിസ്റ്റിക്സ്, ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ മേഖലകളിൽ യു.എ.ഇയിൽ നിന്നുള്ള നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ട്രാൻസ് വേൾഡ് കേരളത്തിൽ കണ്ടെയിനർ നിർമാണശാല തുടങ്ങാനും, ആസ്റ്റർ ഗ്രൂപ്പ് തിരുവനന്തപുരത്തും, കാസർകോടും സ്ഥാപനങ്ങൾ തുടങ്ങാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലുലു ഗ്രൂപ്പ് ഭക്ഷ്യസംസ്കരണരംഗത്ത് കൂടുതൽ നിക്ഷേപം നടത്തും. ഇതിനുള്ള നടപടികൾ വേഗത്തിലാക്കുന്ന ചുമതല കെ.എസ്.ഐ.ഡിയെ ഏൽപിച്ചിട്ടുണ്ട്. 2015ൽ എഫ്.എം.സി ഗ്രൂപ്പ് മലപ്പുറത്ത് നടത്തിയ നൂറുകോടി നിക്ഷേപത്തിന്റെ തടസ്സങ്ങൾ നീക്കാനും ധാരണയായതായി മന്ത്രി പറഞ്ഞു. പണിമുടക്ക് മൂലം തൊഴിൽദിനങ്ങൾ നഷ്ടപ്പെടുന്ന പ്രവണത കേരളത്തിൽ കുറയുകയാണ്. ഉദ്യോഗസ്ഥർക്കെതിരെ വരുന്ന പരാതികൾ പരിഹിക്കാനും സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സ്റ്റാറ്റ്യൂട്ടറി ഗ്രീവൻസ് അഡ്രസ് മെക്കാനിസം ഉണ്ടാക്കിയിട്ടുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥർ വീഴ്ചവരുത്തിയാൽ 10,000 രൂപവരെ പിഴയീടാക്കാനും അച്ചടക്കനടപടി എടുക്കാനും കഴിയും. കോടതിയുടെ അധികാരമാണ് ഇതിനുള്ളതെന്നും പി. രാജീവ് ചൂണ്ടിക്കാട്ടി.
കൂടുതൽ വ്യവസായങ്ങൾക്ക് അനുമതി നൽകുന്ന പഞ്ചായത്തുകൾക്ക് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടാതെ കേരളത്തെ കുറിച്ച് പോസിറ്റിവ് വാർത്തകൾ നൽകാൻ മാധ്യമങ്ങൾ തയാറാകണമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരായ എ.പി.എം മുഹമ്മദ് ഹനീഷ്, എം.ഡി.എം ജി. രാജമാണിക്യം, ഡോ. കെ. ഇളങ്കോവൻ, എസ്. ഹരികിഷോർ തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.