പാസ്പോർട്ട് കൗണ്ടറും സ്മാർട്ട് ഗേറ്റും ഇല്ല; വിമാനത്താവളത്തിലൂടെ നടന്നാൽ ഇമിഗ്രേഷൻ നടപടി പൂർത്തിയാകും
text_fieldsദുബൈ: പാസ്പോർട്ട് കൗണ്ടറും സ്മാർട്ട് ഗേറ്റും ഇല്ലാതെ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാവുന്ന സാങ്കേതികവിദ്യ വരുന്നു. ദുബൈ വിമാനത്താവളത്തിൽ അധികം വൈകാതെ ഇത് നടപ്പിലാക്കും. യാത്രക്കാർ വിമാനത്താവളത്തിലൂടെ ഒരുവട്ടം നടന്നാൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന നിർമിതബുദ്ധി സാങ്കേതികവിദ്യയാണ് നടപ്പിലാക്കുന്നത്.
സീംലസ് ട്രാവൽ ഫ്ലാറ്റ്ഫോം എന്ന പേരിലാണ് ഇത് അറിയപ്പെടുക. ദുബൈയിൽ സമാപിച്ച ജൈടെക്സ് ഗ്ലോബലിൽ ദുബൈ ഇമിഗ്രേഷൻ വകുപ്പാണ് പുതിയ സംവിധാനം പരിചയപ്പെടുത്തിയത്. യാത്രക്കാർ എയർപോർട്ടിലൂടെ നടന്നുപോകുമ്പോൾ നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന മുഖം തിരിച്ചറിയാൻ കഴിയുന്ന കാമറകൾ ഉപയോഗിച്ച് യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുകയും ബയോമെട്രിക് രേഖകളും യാത്രക്കാന്റെ മുഖവും ഒന്നാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യും.
ഇതിനായി ദുബൈയിലെ വിമാനത്താവളങ്ങളിൽ ഉടനീളം മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും. ഇതിലൂടെ യാത്രക്കാരുടെ ഫോട്ടോ എടുക്കുകയും അയാളുടെ രേഖകളുമായി കമ്പ്യൂട്ടറുകൾ താരതമ്യം ചെയ്യുകയും ചെയ്യുമെന്ന് ജി.ഡി.ആർ.എഫ്.എയുടെ സ്മാർട്ട് സേവനങ്ങളുടെ അസി. ഡയറക്ടർ ലഫ്: കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി പറഞ്ഞു.
പാസ്പോർട്ട് നിയന്ത്രണത്തിൽ കൗണ്ടറുകളോ സ്റ്റേഷനുകളോ ഗേറ്റുകളോ ഇമിഗ്രേഷൻ ഓഫിസർമാരോ ഉണ്ടാകില്ല. യാത്രക്കാർക്ക് ഒരുരേഖകളും കാണിക്കാതെ കടന്നുപോകാം. ഇതിലൂടെ സ്മാർട്ട് ഗേറ്റുകളും പാസ്പോർട്ട് ഇടനാഴിയും എന്ന ആശയം ഇല്ലാതാകും. വിമാനക്കമ്പനികളുടെയും മറ്റ് കക്ഷികളുടെയും പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. അതിന്റെ നിർവഹണം അടുത്തകാലങ്ങളിൽ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.