ജോലിയും ഭക്ഷണവും വൈദ്യുതിയുമില്ല; ദുരിതക്കയത്തിൽ 97 ഇന്ത്യക്കാർ
text_fieldsദുബൈ: കമ്പനി നഷ്ടത്തിലായി ജോലി നഷ്ടപ്പെട്ട 97 ഇന്ത്യക്കാർ ദുരിതക്കയത്തിൽ. ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ 35 മലയാളികളും 59 ഉത്തരേന്ത്യക്കാരും രണ്ട് ഫിലിപ്പിനീകളും ഒരു പാകിസ്താനിയുമാണ് ദുരിതത്തിൽ. ബിൽ അടക്കാത്തതിനെ തുടർന്ന് ലേബർ ക്യാമ്പിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു.
ലേബർ ക്യാമ്പിന് സമീപം കമ്പനി നൽകിയ ആറ് മുറികളാണ് 97 പേരുടെ അഭയകേന്ദ്രം. എല്ലാവർക്കും ഇവിടെ കിടക്കാൻ സൗകര്യമില്ലാത്തതിനാൽ പലരും പൊരിഞ്ഞചൂടിൽ ലേബർ ക്യാമ്പിൽതന്നെ കഴിഞ്ഞുകൂടുകയാണ്. നാല് വർഷമായി നാട് കണ്ടിട്ട്. ഒന്നരവർഷമായി വിസ പുതുക്കാത്തതിെൻറ പിഴയുള്ളതിനാൽ നാട്ടിൽ പോകാൻ കഴിയില്ല.
ലെബനൻ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള യാട്ട് ഇൻറീരിയർ കമ്പനിയിൽ നാല് വർഷമായി ഇവർ ജോലി ചെയ്യുന്നു. ഒരുവർഷം മുമ്പാണ് ശമ്പളപ്രശ്നങ്ങൾ തുടങ്ങുന്നത്. ആറ് മാസം മുമ്പ് ശമ്പളം പൂർണമായും നിലച്ചതോടെ ജോലിക്ക് പോകുന്നത് നിർത്തി. കമ്പനി നിലവിലുണ്ടെങ്കിലും പ്രവർത്തനങ്ങൾ നടക്കുന്നില്ല. വിവരം അറിഞ്ഞ് പ്രവാസി ഇന്ത്യ പ്രവർത്തകരെത്തി രണ്ട് നേരം ഭക്ഷണം നൽകുന്നുണ്ട്. ഇതാണ് ഏക ആശ്വാസം. ലേബർ ക്യാമ്പിലെ വെള്ളം നിലച്ചതിനാൽ തൊട്ടടുത്ത താമസസ്ഥലത്തെ പരിമിതമായ എണ്ണം ശൗചാലയങ്ങളാണ് ആശ്രയം. ആറ് മുറിയിൽ 97 പേർക്ക് ഒരേസമയം കിടക്കാൻ കഴിയാത്തതിനാൽ പല സമയത്തായാണ് ഉറക്കംപോലും. കുറച്ചുപേർ ലേബർക്യാമ്പിലെ വരാന്തയിലും മറ്റും കഴിച്ചുകൂട്ടും. ദുബൈയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് ജബൽ അലി.
ഉടമയുമായി ഒത്തുതീർപ്പിലൂടെ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനാൽ കേസ് നൽകിയിട്ടില്ല. ഫ്രീസോൺ വിസയുള്ളവരെ വൈകാതെ നാട്ടിലേക്ക് തിരിച്ചയക്കാമെന്ന് കമ്പനി പറയുന്നുണ്ട്. എന്നാൽ, ഒന്നര വർഷമായി വിസ കാലാവധി കഴിഞ്ഞവർ എന്തുെചയ്യുമെന്നറിയാതെ കുഴങ്ങുകയാണ്. നൽകാനുള്ള തുകയുടെ 30 ശതമാനം നൽകാമെന്നാണ് കമ്പനി പറയുന്നത്. ഇക്കാര്യത്തിലും വ്യക്തമായ ഉറപ്പ് ലഭിച്ചിട്ടില്ല. ഇന്ത്യൻ എംബസിയും കോൺസുലേറ്റും സുമനസ്സുകളും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണിവർ ജീവിതം തള്ളിനീക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.