ജനത്തിന് ശല്യമുണ്ടാക്കുന്ന ശബ്ദം; 176 വാഹനങ്ങൾ പിടിയിൽ
text_fieldsദുബൈ: പൊതുജനത്തിന് ശല്യമാകുന്ന രീതിയിൽ അമിതമായി ശബ്ദമുണ്ടാക്കിയ 176 വാഹനങ്ങൾ ദുബൈ പൊലീസ് പിടികൂടി. മൂന്നു മാസത്തിനിടെയാണ് ഇത്രയും വാഹനങ്ങൾ പിടിയിലായത്. അശ്രദ്ധമായി വാഹനമോടിക്കുന്ന ഡ്രൈവർമാരെ കണ്ടെത്തുന്നതിനായി ജൂലൈ മുതൽ സെപ്റ്റംബർ വരെ ദുബൈ ട്രാഫിക് പൊലീസ് പ്രത്യേക കാമ്പയിൻ ആരംഭിച്ചിരുന്നു.
ഇതിൽ നിയമലംഘനം കണ്ടെത്തിയ വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ ജനറൽ മേജർ ജനറൽ സെയ്ഫ് മെഹർ അൽ മസ്റൂയി പറഞ്ഞു. നിയമലംഘനം നടത്തിയ 251 ഡ്രൈവർമാരെയാണ് കാമ്പയിനിലൂടെ കണ്ടെത്തിയത്.
നാദൽ ശിബ, മൈദാൻ സ്ട്രീറ്റ് എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലാണ് നിയമലംഘനം കണ്ടെത്തിയത്. സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഫോളോവേഴ്സിനെ ആകർഷിക്കാനും കൂടുതൽ കാഴ്ചക്കാരെ നേടാനും ലക്ഷ്യമിട്ടാണ് ഇത്തരക്കാർ ബോധപൂർവം നാശം വിതക്കുകയും റോഡിൽ അപകടകരമായി രീതിയിൽ വാഹനമോടിക്കുകയും ചെയ്യുന്നത്.
യൂറോപ്, ഏഷ്യ, ആഫ്രിക്കൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് നിയമലംഘകരിൽ കൂടുതൽ. ചില യു.എ.ഇ പൗരൻമാരും നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിയമലംഘനത്തിൽ ഉൾപ്പെട്ട വാഹനം തിരികെ ലഭിക്കാൻ 50,000 ദിർഹം പിഴ നൽകണം.
യു.എ.ഇ നിയമപ്രകാരം അശ്രദ്ധമായ ഡ്രൈവിങ്, റെഡ് സിഗ്നൽ ലംഘിക്കുക എന്നീ കുറ്റങ്ങളിൽ പിടിച്ചെടുക്കുന്ന വാഹനങ്ങൾ തിരികെ ലഭിക്കാൻ 50,000 ദിർഹമാണ് പിഴ. സുരക്ഷ ഭീഷണി ഉയർത്തുന്ന രീതിയിൽ വാഹനമോടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിലോ പൊലീസ് ആപ്പിലോ വിവരം അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.