ഇ-സ്കൂട്ടർ പേയ്മെന്റും നോൾകാർഡിലൂടെ
text_fieldsദുബൈ: നോൾകാർഡ് ഉപയോഗിച്ചുള്ള പേയ്മെന്റ് സർവിസുകൾ വിപുലീകരിച്ച് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). എമിറേറ്റിലെ പ്രധാന വിനോദ സഞ്ചാര മേഖലകളിൽ ആർ.ടി.എ അവതരിപ്പിച്ച ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർക്ക് ഇനി നോൾ കാർഡ് ഉപയോഗിച്ചും പേയ്മെന്റ് നടപടികൾ പൂർത്തീകരിക്കാം.
എല്ലാ അംഗീകൃത ഇലക്ട്രിക് സ്കൂട്ടർ ഓപറേറ്റർ ആപ്ലിക്കേഷനുകളിലും നോൾകാർഡ് പേയ്മെന്റ് നടത്താവുന്നതാണ്. സ്മാർട്ട് ഫോണിൽ എൻ.എഫ്.സി സാങ്കേതിക വിദ്യയിലൂടെ നോൾ കാർഡ് ബന്ധിപ്പിച്ച ശേഷം മണിക്കൂർ, പ്രതിദിനം, പ്രതിമാസം എന്നീ വ്യത്യസ്ത പാക്കേജുകൾ തിരഞ്ഞെടുക്കാം. ഓപറേറ്റർ ആപ് ഡൗൺലോഡ് ചെയ്ത് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
ദുബൈയിലുടനീളം ബഹുമുഖ പേയ്മെന്റ് രീതി എന്ന നിലയിൽ നോൾകാർഡിന്റെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം പണരഹിത സാമ്പദ്വ്യവസ്ഥയിലേക്കുള്ള ദുബൈയുടെ ശ്രമങ്ങളോട് ചേർന്നുനിൽക്കുന്നതാണ് പുതിയ നടപടിയെന്ന് ആർ.ടി.എയുടെ കോർപറേറ്റ് ടെക്നോളജി സപ്പോർട്ട് സെക്ടറിലെ ഓട്ടോമാറ്റഡ് കലക്ഷൻ സിസ്റ്റംസ് ഡയറക്ടർ സലാഹുദ്ദീൻ അൽ മസ്റൂഖി പറഞ്ഞു.
പൊതുഗതാഗത സ്റ്റേഷനുകളുടെ സമീപത്തായി സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് സ്കൂട്ടറുകളുടെ പേയ്മെന്റ് നടപടികളുമായി നോൾകാർഡിനെ സംയോജിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. സുഗമമായ ഗതാഗത മാർഗങ്ങൾക്കൊപ്പം പൊതുഗതാഗതത്തെ തടസ്സങ്ങളില്ലാതെ സമന്വയിപ്പിച്ച് യാത്രയുടെ ആരംഭം മുതൽ അവസാനം വരെയുള്ള ബന്ധത്തെ മെച്ചപ്പെടുത്താനുള്ള നയത്തിന്റെ ഭാഗമാണ് പുതിയ സംരംഭമെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ മെട്രോ, ബസ്, ജലഗതാഗതം, ടാക്സി, നഖീൽ മോണോ റെയിൽ, ഇലക്ട്രിക് സ്കൂട്ടർ എന്നിവ ഉൾപ്പെടെ എമിറേറ്റിലെ പൊതുഗതാഗത, സ്വകാര്യ ടാക്സി സർവിസുകളിൽ നോൾ കാർഡ് ഉപയോഗിച്ച് നിലവിൽ പേയ്മെന്റ് നടത്താനാവും. കൂടാതെ പാർക്കിങ്, ചെറുകിട പർച്ചേസ്, പുരാവസ്തു കേന്ദ്രങ്ങൾ, ക്ലബുകൾ എന്നിവിടങ്ങളിലും നോൾ കാർഡ് പേയ്മെന്റ് ഉപയോഗിക്കാം.
കൂടാതെ പരമ്പരാഗത കാർഡ് സംവിധാനത്തിൽ നിന്ന് ആധുനിക അക്കൗണ്ട് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലേക്ക് നോൾകാർഡിനെ പരിവർത്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവഴി ട്രിപ് പ്ലാനിങ്, ബുക്കിങ്, സ്മാർട്ട് സംവിധാനങ്ങൾ വഴിയുള്ള പ്രീ ബുക്കിങ് തുടങ്ങിയവയും സാധ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.