നോൾ കാർഡ് മിനിമം റീചാർജ് 50 ദിർഹം
text_fieldsദുബൈ: എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യാനായി ഉപയോഗിക്കുന്ന നോൾ കാർഡിന്റെ മിനിമം റീചാർജ് നിരക്ക് 50 ദിർഹമായി ഉയർത്തി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ദുബൈ മെട്രോ സ്റ്റേഷനുകളിലെ ഓഫിസുകളിൽ നിന്ന് നേരിട്ട് റീചാർജ് ചെയ്യുമ്പോഴാണ് ഈ നിരക്ക് ബാധകം. കുറഞ്ഞ നിരക്കിൽ റീചാർജ് ചെയ്യണമെന്നുള്ളവർക്ക് വിവിധ ഓൺലൈൻ ഓപ്ഷനുകൾ തിരഞ്ഞെടുക്കാമെന്ന് ആർ.ടി.എ അറിയിച്ചു.
ടിക്കറ്റ് കൗണ്ടറുകളിൽ ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ ഓൺലൈൻ ഓപ്ഷനുകൾ സഹായകരമാണ്. നോൾ പേ ആപ് ഡൗൺലോഡ് ചെയ്താൽ ആൻഡ്രോയ്ഡ്, ഐഫോൺ, വാവൈ സ്മാർട്ട്ഫോണുകളിൽ കാർഡ് റീചാർജ് ചെയ്യാനാവും. ആപ് തുറന്ന് ചെക്ക് കാർഡ് ഇൻഫോ എന്ന ഓപ്ഷൻ ടാപ് ചെയ്ത ശേഷം സ്മാർട്ട് ഫോണിന്റെ പിറകുവശത്ത് കാർഡ് അൽപ നേരം വെച്ചാൽ സ്ക്രീനിൽ ബാലൻസ് തുക തെളിയും.
ഒരിക്കൽ കൂടി കാർഡ് ഫോണിന്റെ ബാക്ക് സൈഡിൽ വെച്ച ശേഷം റീചാർജ് ചെയ്യാൻ ഉദ്ദേശിക്കുന്ന എമൗണ്ട് എന്റർ ചെയ്ത് സ്ഥിരീകരണം നൽകണം. തുടർന്ന് ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വിവരങ്ങൾ നൽകി റീചാർജ് പൂർത്തിയാക്കാം. ആപ് കൂടാതെ ആർ.ടി.എയുടെ വെബ്സൈറ്റായ rta.ae വഴിയും നോൾ കോർഡ് റീചാർജ് ചെയ്യാം.
എന്നാൽ, ഇങ്ങനെ റീചാർജ് ചെയ്ത ശേഷം ബാലൻസ് തുക ആക്ടിവേറ്റാകാൻ 45 മുതൽ നാല് മണിക്കൂർ സമയമെടുക്കും. വേഗത്തിൽ ആക്ടിവേഷൻ ആവശ്യമുള്ളവർക്ക് മെട്രോ ഗേറ്റുകൾ, പാർക്കിങ് മെഷീനുകൾ, റോഡരികിലെ സോളാർ ടോപപ് മെഷീനുകൾ എന്നിവ ഉപയോഗിക്കാം. യു.എ.ഇ പാസ് അക്കൗണ്ടുള്ളവർക്ക് ആർ.ടി.എ ദുബൈ ആപ് ഉപയോഗിച്ചും റീചാർജ് പൂർത്തീകരിക്കാനാവും.
കാഷ് ഉപയോഗിച്ച് കാർഡ് വാങ്ങുന്നതിന് മെട്രോ സ്റ്റേഷനുകളിലെ കാർഡ് വെന്ഡിങ് മെഷീനുകൾ, ഇനോക്, എപ്കോ പെട്രോൾ സ്റ്റേഷനുകളിലെ മെഷീനുകൾ എന്നിവ ഉപയോഗിക്കാം. കൂടാതെ ചില ഗ്രോസറി സ്റ്റോറുകൾ, മിനി മാർട്ടുകൾ, കഫത്തീരിയകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലും കാഷ് നൽകി റീചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇതുൾപ്പെടെ 11 വഴികളിലൂടെ നോൾ കാർഡ് റീചാർജ് സാധ്യമാകുമെന്നും ആർ.ടി.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.