നോൽ കാർഡുകൾ ‘ഡിജിറ്റൽ വാലറ്റാ’കുന്നു
text_fieldsദുബൈ: എമിറേറ്റിലെ പൊതുഗതാഗത സംവിധാനത്തിൽ ഉപയോഗിക്കുന്ന നോൽ കാർഡുകൾ നവീനരീതിയിൽ അവതരിപ്പിക്കുന്നു. നിലവിലെ കാർഡുകൾ പൂർണമായും ഡിജിറ്റൽ വാലറ്റുകളാക്കുന്നതിനും മറ്റ് നൂതന സംവിധാനങ്ങൾ ഏർപ്പെടുത്താനുമാണ് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) തീരുമാനിച്ചിട്ടുള്ളത്. പദ്ധതി നടപ്പാക്കാൻ അതോറിറ്റി 35കോടി ദിർഹത്തിന്റെ കരാർ നൽകി. ആഗോളതലത്തിലെ രീതികൾ നഗരത്തിലെ ഗതാഗതരംഗത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ ഡിസംബറിൽ ആർ.ടി.എ പ്രഖ്യാപിച്ച ഡിജിറ്റൽ സ്ട്രാറ്റജി റോഡ് മാപ്പ് 2023-2030 പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടപടി.
ദുബൈയിലെ പൊതുഗതാഗതത്തിന്റെ മുന്നേറ്റത്തിനു തകുന്നതാണ് നോൽ കാർഡുകളുടെ നവീകരണ പദ്ധതിയെന്ന് ആർ.ടി.എ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു. ആഗോള തലത്തിൽ ഡിജിറ്റൽ പണമിടപാട് സംവിധാനം വികസിച്ചതിനനുസരിച്ചുള്ള വളരെ സുപ്രധാന ചുവടാണിത്. 2009ൽ നടപ്പാക്കിയ ശേഷം ആർ.ടി.എ ഇതിനകം മൂന്നുകോടി നോൽ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ട്. 2023ൽ ശരാശരി ദൈനംദിന കാർഡ് ഉപയോഗം 25ലക്ഷത്തിലെത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ശരാശരി മൂല്യം 200 കോടിയിലെത്തുകയുമുണ്ടായി. ദുബൈയിലെ എല്ലാ ഗതാഗതസംവിധാനങ്ങളിലും എളുപ്പത്തിലുള്ള യാത്രയാണ് പുതിയ ഡിജിറ്റൽ വാലറ്റ് സംവിധാനം വഴി ലക്ഷ്യമിടുന്നത്. യാത്രകൾ ആസൂത്രണം ചെയ്യാനും ബുക്ക് ചെയ്യാനും നേരത്തേ പേമെന്റ് നടത്താനും നിരവധി പുതിയ സംവിധാനങ്ങൾ ഡിജിറ്റൽ വാലറ്റിൽ ഉൾപ്പെടുത്തും.
കുടുംബത്തിന് ഒരുമിച്ചും ഗ്രൂപ്പുകളായുമുള്ള യാത്രകൾക്കും ഉപയോഗിക്കുന്ന സംവിധാനവും ഇതിലുണ്ടാകും. നിർമിതബുദ്ധിയടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഫേഷ്യൽ റെക്കഗ്നിഷൻ രീതികളും വാലറ്റിൽ ഉൾപ്പെടുത്തും. അക്കൗണ്ട് ബാലൻസ്, മുൻ യാത്രകളുടെ വിവരങ്ങൾ, ടിക്കറ്റ് നിരക്കുകൾ തുടങ്ങിയവ നേരിട്ട് ഉപഭോക്താവിന് എളുപ്പത്തിൽ അറിയാനും സാധിക്കും. കാർഡിലെ വ്യക്തി വിവരങ്ങളും ഉപഭോക്തൃ വിവരങ്ങളും തികച്ചും സുരക്ഷിതമായിരിക്കുകയും ചെയ്യും.
ദുബൈ മെട്രോ സർവിസ് ആരംഭിച്ചതിനൊപ്പമാണ് ദുബൈയിൽ നോൽ കാർഡുകൾ ഉപയോഗത്തിൽവന്നത്. മെട്രോക്ക് പുറമെ ബസ്, ടാക്സി, ട്രാം അടക്കമുള്ള എല്ലാ ഗതാഗത സേവനങ്ങളിലും പിന്നീട് ഇതിന്റെ സേവനം ഉപയോഗിച്ചു തുടങ്ങി. 2017ൽ റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലെ സേവനങ്ങൾക്കും വിവിധ പൊതു-സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനത്തിനും കാർഡ് ഉപയോഗിച്ചു തുടങ്ങി. നിലവിൽ ദുബൈയിലെ മിക്ക താമസക്കാരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് നോൽ കാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.