നോൽകാർഡും ടിക്കറ്റും വേണ്ട; മുഖം കാണിച്ച് മെട്രോയിൽ കയറാം
text_fieldsദുബൈ: നഗരത്തിൽ യാത്രചെയ്യുമ്പോൾ മെട്രോയും ടാക്സിയും ബസുകളും ഉപയോഗിക്കുന്നവരാണ് കൂടുതൽ. ഓരോ യാത്രക്കും നോൽകാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ചാണ് മിക്കവരും പണമടക്കാറുള്ളത്. എന്നാൽ, ഭാവിയിൽ പണമടക്കാൻ കാർഡുകളുടെ ആവശ്യമുണ്ടാകില്ലെന്ന് വ്യക്തമാക്കി പുത്തൻ സാങ്കേതികവിദ്യ അവതരിപ്പിച്ചിരിക്കുകയാണ് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ).
യാത്രാനിരക്കുകൾ അടക്കാൻ ‘ഫേസ് റെക്കഗ്നിഷൻ’ സംവിധാനമുള്ള സ്മാർട്ട് ഗേറ്റുകൾ നടപ്പാക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്. ഓരോരുത്തരുടെയും മുഖം തിരിച്ചറിഞ്ഞ് ടിക്കറ്റ് നിരക്കുകൾ ഈടാക്കുന്നതായിരിക്കും ഇവ. ദുബൈയിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ആഗോള സാങ്കേതികവിദ്യ മേളയായ ജൈടെക്സിന് മുന്നോടിയായാണ് ഇത് നടപ്പാക്കുന്നതെന്നാണ് ആർ.ടി.എ വെളിപ്പെടുത്തിയത്.
ദുബൈ മെട്രോക്കു പുറമെ, ദുബൈ ട്രാം, ബസ്, ടാക്സി, സമുദ്രഗതാഗത സംവിധാനങ്ങൾ എന്നിവയിലും പുതിയ സംവിധാനം വരുന്നതോടെ ടിക്കറ്റുകളോ നോൽകാർഡോ ക്രെഡിറ്റ് കാർഡോ ഇല്ലാതെ യാത്രചെയ്യാനാകും.
ഉപയോക്താവ് നേരത്തേ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഗേറ്റുകളിൽ സ്ഥാപിച്ച കാമറകൾ മുഖം ഒപ്പിയെടുക്കുകയും ഡിജിറ്റൽ വിലയിരുത്തലിനുശേഷം അക്കൗണ്ടിൽനിന്ന് യാത്രയുടെ നിരക്ക് ഈടാക്കുകയുമാണ് ചെയ്യുക. സെക്കൻഡുകൾക്കകം ഗേറ്റുകൾ വഴി യാത്രക്കാരന് കടന്നുപോകാൻ ഇതുവഴി സാധിക്കും. നിലവിൽ വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ സുഗമമാക്കാൻ ഒരുക്കിയ സ്മാർട്ട് ഗേറ്റുകളിലേതുപോലെയുള്ള സംവിധാനമായിരിക്കുമിത്.
ലോകത്തെ ഏറ്റവും മികച്ച ഡിജിറ്റൽ സൗകര്യങ്ങളുള്ള നഗരമായി ദുബൈയെ മാറ്റുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണിത് നടപ്പാക്കുന്നത്. മറ്റു നിരവധി ഡിജിറ്റൽ പദ്ധതികളും ആർ.ടി.എ ആസൂത്രണം ചെയ്തിട്ടുണ്ട്. ദുബൈ ഡ്രൈവ് ആപ് വഴി വാഹന നമ്പർപ്ലേറ്റുകളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള സേവനം ഇതിൽ ഉൾപ്പെട്ടതാണ്.
യു.എ.ഇ പാസ് ഉപയോഗിച്ച് വാഹനവിൽപനയുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഇത് സഹായിക്കും. ആർ.ടി.എയുടെ സർവിസ് കേന്ദ്രങ്ങളിലേക്കു പോകേണ്ട സാഹചര്യം ഇതിലൂടെ ഒഴിവാകും.
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ലോകത്തിലെ ആദ്യ അബ്രയുടെ മാതൃകയും ആർ.ടി.എ ജൈടെക്സിൽ പ്രദർശിപ്പിക്കും. 20 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള അബ്രയിൽ പരിസ്ഥിതിസൗഹൃദ ഇലക്ട്രിക് മോട്ടോറുകളാണ് ഉപയോഗിക്കുക. ദുബൈയിലെ പരമ്പരാഗത അബ്രകളുടെ രീതിയിൽതന്നെയാണ് ഇതും നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.